KeralaLatest News

സിപിഎം പാർട്ടി ഇന്ന് ശത്രുവാര് മിത്രമാര് എന്ന് തിരിച്ചറിയാനാകാതെ ഉഴറുകയാണ് ; കുമ്മനം രാജശേഖരന്‍

നെഹ്‌റുവിനു ശേഷം ഇഎംഎസ് ചെങ്കോട്ടയിൽ ചെങ്കൊടി ഉയർത്തുമെന്ന് വീമ്പിളിക്കിയ സിപിഎം പാർട്ടി ഇന്ന് ശത്രുവാര് മിത്രമാര് എന്ന് തിരിച്ചറിയാനാകാതെ ഉഴറുകയാണ്. ഈ സാഹചര്യത്തിലാണ് ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം വ്യാഴാഴ്ച തൃശൂരിൽ തുടങ്ങുന്നതെന്ന് കുമ്മനം രാജശേഖരന്‍. ചൈനീസ് ബന്ധത്തിന്‍റേയും കോൺഗ്രസുമായുള്ള സമീപനത്തിന്‍റേയും പേരിൽ നെടുകെ പിളർന്ന പാർട്ടി ഇന്ന് അതേ കാരണത്തിൽ മറ്റൊരു പിളർപ്പിന്‍റെ വക്കിലാണ്.

1964ൽ 32 പേരാണ് എതിർപ്പുമായി പാർട്ടി വിട്ടതെങ്കിൽ 2017 ൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുടെ കോൺഗ്രസ് വിധേയത്വത്തിനെതിരെ 55 പേരാണ് രംഗത്തു വന്നിരിക്കുന്നത്. പാർട്ടി ബംഗാൾ- കേരളാ ഘടകങ്ങളായി ചേരി തിരിഞ്ഞിരിക്കുന്ന അപൂർവ്വ സാഹചര്യവും നിലവിലുണ്ട്. കേന്ദ്രകമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും അവിശ്വാസം രേഖപ്പെടുത്തിയ ജനറൽ സെക്രട്ടറിക്ക് ആ സ്ഥാനത്ത് തുടരാനുള്ള യോഗ്യതയുണ്ടോ?. കേവലം രണ്ടു സംസ്ഥാനങ്ങളിൽ മാത്രം ഭരണമുള്ള പാർട്ടി ഇന്ന് ത്രിപുരയിൽ നിന്നും ബഹിഷ്കൃതമാകുന്നതിന്‍റെ വക്കിലാണ്.

അൽപ്പമെങ്കിലും സ്വാധീനമുള്ള കേരളത്തിലാകട്ടെ, കണ്ണൂരിലെ ഗുണ്ടാപ്പടയുടെ ബലിഷ്ഠ കരങ്ങൾക്കുള്ളിലുമാണ്. ജനാധിപത്യം, സ്വാതന്ത്ര്യം, സഹിഷ്ണുത തുടങ്ങിയ മാനവിക മൂല്യങ്ങൾ ആഗ്രഹിക്കുന്ന ഒരാൾക്കും പ്രവർത്തിക്കാനാകാത്ത പാർട്ടിയായി കേരളത്തിലെ സിപിഎം മാറിയെന്ന് സമ്മതിക്കുമല്ലോ? പാര്‍ട്ടി നേതൃത്വത്തിന് പോലും നിയന്ത്രിക്കാനാകാത്ത വിധം കണ്ണൂര്‍ ലോബി ഇന്ന് സിപിഎമ്മിനെ വരിഞ്ഞ് മുറുക്കിയിരിക്കുകയാണ്. വിളവ് തിന്നുന്ന വേലിയാണ് ഇതിന് കാരണം. അണികൾക്ക് ലാളിത്യവും അച്ചടക്കവും, പെരുമാറ്റച്ചട്ടവും ഏർപ്പെടുത്തിയ നേതാക്കള്‍ ചങ്ങാത്ത മുതലാളിത്തത്തിന്‍റെ അടവു നയത്തിലൂടെ കമ്മ്യൂണിസത്തിന് പുത്തൻ ഭാഷ്യം രചിച്ചു. കൊല്ലാനും കൊല്ലപ്പെടാനും അണികൾ, ഭരണത്തണലിൽ തടിച്ചു കൊഴുക്കുന്ന നേതാക്കൾ. പാർട്ടിയിലെ ഈ അവസ്ഥയെ ആത്മാഭിമാനമുള്ള പ്രവർത്തകർ തൃശൂർ സമ്മേളനത്തിൽ ചോദ്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

കേരളത്തിലെ പാർട്ടിയിൽ നിന്ന് പൊതുസമൂഹവും പാർട്ടി അണികളും ഉത്തരം തേടുന്ന ചില ചോദ്യങ്ങളുണ്ട്. ഇവയ്ക്ക് സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഉത്തരം കിട്ടുമെന്നാണ് പ്രതീക്ഷ.

1. പാര്‍ട്ടിയേയും സഖാക്കളെയും നേർവഴിക്ക് നടത്താൻ 2013-ല്‍ പാലക്കാട് ചേർന്ന പാര്‍ട്ടി പ്ലീനം കൈക്കൊണ്ട ഏതെങ്കിലും ഒരു തീരുമാനം സംസ്ഥാന സെക്രട്ടറിയടക്കം നടപ്പാക്കിയിട്ടുണ്ടോ?

2. ഗുണ്ടായിസവും ധാർഷ്ട്യവും മാത്രം കൈമുതലായിട്ടുള്ള ഇപ്പോഴത്ത സി.പി.എം നേതാക്കൾ കോടീശ്വരൻമാരുടെ പട്ടികയിൽ ഇടംപിടിച്ചത് എങ്ങനെ?

3. പാർട്ടിക്ക് ലെവി കൊടുത്തതിന് ശേഷവും കോടികൾ സമ്പാദിക്കാൻ സിപിഎം നു
എന്താണ് വരുമാനം?.

4. പാർട്ടി സെക്രട്ടറിയുടെ മക്കളുടെ പേരിലുണ്ടായ സാമ്പത്തിക തട്ടിപ്പിന്‍റെ പിന്നമ്പുറകഥൾ എന്താണ്?

5. കോടിയേരി ബാലകൃഷ്ണന്‍റെ രണ്ട് മക്കൾ വിദേശത്ത് നടത്തുന്ന വ്യവസായം എന്താണെന്ന് അണികളോടെങ്കിലും വിശദീകരിക്കുമോ?

6. സാമാന്യ വിദ്യാഭ്യാസം മാത്രമുള്ള നേതാക്കളുടെ മക്കള്‍ വിദേശത്ത് വൻകിട വ്യവസായ ഗ്രൂപ്പുകളുടെ തലപ്പത്ത് എത്തിയതെങ്ങനെ?.

7. ഭൂപരിഷ്കരണം നടപ്പാക്കിയെന്ന് വീമ്പിളിക്കുന്ന പാർട്ടിയുടെ ടിക്കറ്റിൽ നൂറുകണക്കിന് ഏക്കർ ഭൂമി സ്വന്തമായുള്ളവർ എങ്ങനെ എംഎൽഎമാരായി?

8.കൊലപാതക രാഷ്ട്രീയത്തെ അംഗീകരിക്കുന്നില്ലെന്ന് പറയുന്ന പാർട്ടി പ്രതികള്‍ക്കായി കേസ് നടത്തുന്നതും പണപ്പിരിവ് നടത്തുന്നതും എന്തിന്?

9. കൊലക്കേസിൽ കോടതി ശിക്ഷിച്ച കുഞ്ഞനന്തൻ എങ്ങനെ വീണ്ടും പാര്‍ട്ടി ഭാരവാഹിയായി?.

10. ശത്രുരാജ്യമായ ചൈനയേയും ഏകാധിപതിയായ ഉത്തര കൊറിയൻ ഭരണാധികാരിയേയും പുകഴ്ത്തുന്ന നേതാക്കളുടെ കൂറ് ആരോടാണ്?.

11. അഴിമതിക്കാരനെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തിയ കെ എം മാണിയെ ഇപ്പോൾ വിശുദ്ധനായി പ്രഖ്യാപിച്ച് പാർട്ടി സമ്മേളനത്തിലേക്ക് ക്ഷണിക്കാനുള്ള കാരണം എന്താണ്?.

12. ത്രിപുരയിലും ബംഗാളിലും കോൺഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സി.പി.എം കേരളത്തിൽ എന്തുകൊണ്ടാണ് അവരുമായി കൂട്ടുചേരാത്തത്?.

13. ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിന് വോട്ടു മറിക്കുന്ന കീഴ്വഴക്കം അവസാനിപ്പിക്കുമോ?.

14. കേരളത്തിലെ കയ്യേറ്റക്കാരായ ഭൂമാഫിയയുമായി പാർട്ടി നേതാക്കൾക്കുള്ള ബന്ധം വിശദീകരിക്കാൻ സാധിക്കുമോ?.

15. കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ തീവ്രവാദികളുടെ ഒളിത്താവളമായി മാറുന്നതിന്‍റെ കാരണം വിശദീകരിക്കുമോ?.

16 . സി.പി. എം ഭരണത്തിൽ സ്ത്രീകളും, പട്ടികജാതി പട്ടികവർഗ്ഗക്കാരും മറ്റ് പിന്നോക്ക വിഭാഗങ്ങളും, ന്യൂന പക്ഷ വിഭാഗങ്ങളും കൊല ചെയ്യപ്പെടുന്നതും,പീഡിപ്പിക്കപ്പെടുന്നതും എന്തു കൊണ്ടാണ്.??

ഇങ്ങനെ ഉത്തരം കിട്ടേണ്ടതായ നിരവധി ചോദ്യങ്ങൾ ഇനിയുമുണ്ട്. വിസ്താരഭയത്താൽ അവ ഇവിടെ പ്രതിപാദിക്കുന്നില്ല. മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങേണ്ടി വരുന്ന ഗതികേടിലാണ് ഇന്ന് സിപിഎം. അധികാരത്തിന്‍റേയും പണക്കൊഴുപ്പിന്‍റേയും ഗർവ്വിൽ പുളയുന്ന നേതാക്കൾക്കും പാർട്ടിക്കും മുന്നോട്ട് വെക്കാൻ ഒരു ബദൽ ഇല്ലാതായിട്ട് കാലം കുറേയായി. ഈ സമ്മേളനത്തിലും അതിന് മാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പാണ്. ചോരക്കൊതിയൻമാരും മാഫിയകളും നയിക്കുന്ന ഈ പാർട്ടിയുടെ കരാളഹസ്തങ്ങളിൽ നിന്ന് ആത്മാഭിമാനമുള്ള പ്രവർത്തകർ പുറത്തു വരണമെന്ന് അഭ്യർത്ഥിക്കുന്നു.

Read also ;ഷുഹൈബിന്‍റെ കൊലപാതകം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് : വിമര്‍ശനവുമായി കുമ്മനം

shortlink

Related Articles

Post Your Comments

Related Articles


Back to top button