തിരൂർ•നീതിയും സത്യസന്ധതയുമുള്ള ഭരണ കൂടത്തിന് പോപുലർ ഫ്രണ്ടിനെ നിരോധിക്കാൻ സാധിക്കില്ലന്ന് പോപുലർ ഫ്രണ്ട് ചെയർമാൻ ഇ അബൂബക്കർ അഭിപ്രായപ്പെട്ടു.’ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി പോപുലർ ഫ്രണ്ട് ഡേയോടനുബന്ധിച്ച് തിരൂരിൽ നടത്തിയ യൂണിറ്റിമാര്‍ച്ചിന്റെയും ബഹുജനറാലിയുടെയും ഭാഗമായി നടന്ന പൊതു സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർശ്വവൽകൃതരും ദളിതുകളുമായ ഒരു ജന വിഭാഗത്തെ കൈ പിടിച്ചുയർത്തുകയും അവർക്ക് ധൈര്യം പകരുകയും ചെയ്ത സംഘടനയാണ് പോപുലർ ഫ്രണ്ട്. രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് ഭരണ കൂടത്തിന്റെ ഇരുണ്ട യുഗത്തിൽ പോലും സാഹസികമായ രീതിയിൽ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഈ സംഘത്തെ എങ്ങനെയാണ് നിരോധിക്കുക.മുസ്ലിംകൾ മാത്രമല്ല നില നിൽപ്പ് നേരിടുന്ന ദളിത് പിന്നോക്ക ജനവിഭാഗങ്ങളെ കൂടി കൂടെ നിർത്തി സംഘപരിവാരത്തിന്റെ ഇരുൾ പരത്തും കാലത്ത് നിവർന്ന് നിന്ന് നട്ടെല്ലോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈകുന്നേരം 4:30ന് തിരൂർ റിംഗ് റോഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കാഡറ്റുകൾ അണി നിരന്ന യൂണിറ്റി മാർച്ചും ബഹുജന റാലിയും ആരംഭിച്ചു. 53 അംഗ ഒഫീഷ്യൽ ബാച്ചിനു തൊട്ടു പിന്നിലായി 15 അംഗ ബാൻഡ് സംഘവും തുടർന്ന് 33 പേർ ചേർന്ന 27ബാച്ചുകളുമാണ് യൂണിറ്റി മാർച്ചിൽ അണിനിരന്നത്. യൂണിറ്റി മാർച്ചിനു പിറകിലായി നടന്ന ബഹുജന റാലിയിൽ ആയിരങ്ങൾ അണിനിരന്നു.
യൂണിറ്റി മാർച്ചും റാലിയും നഗരം ചുറ്റി മുനിസിപ്പൽ സ്റ്റേഡിയത്തിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി പി മുഹമ്മദ് ബഷീർ അധ്യക്ഷനായിരുന്നു. അഡ്വ: റഫീഖ് കുറ്റിക്കാട്ടൂർ മുഖ്യ പ്രഭാഷണം നടത്തി.പോപുലര്‍ ഫ്രണ്ട് ദേശീയ സമിതിയംഗങ്ങളായ എം അബ്ദുസമദ്,എം കെ ഫൈസി, സംസ്ഥാന സമിതിയംഗങ്ങളായ കെ മുഹമ്മദലി, കെ കെ ഹുസൈർ, എസ്.ഡി.പി. ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുൽ മജീദ് ഫൈസി, ഇമാംസ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പാങ്ങിൽ നൂറുദ്ദീൻ മുസ്ല്യാർ, നാഷണൽ വിമൻസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എ എസ് സൈനബ, സെക്രട്ടറി ഫരീദ ഹസ്സൻ, കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.പി അജ്മൽ, പോപുലർ ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി പി റഫീഖ്, പാലക്കാട് ജില്ലാ പ്രസിഡന്റ് അബ്ദുൽ നാസർ, സെക്രട്ടറിമാരായ എ കെ ഷറഫുദ്ദീൻ, എസ് അബ്ബാസ്,മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറിമാരായ പി വി അബൂ സ്വാലിഹ്, പി മുഹമ്മദ് അഷ്റഫ്,മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറിമാരായ പി അബ്ദുൽ അസീസ്, മൻസൂറലി എന്നിവർ സംബന്ധിച്ചു.
സംസ്ഥാന സമിതിയംഗം സി അബ്ദുൽ ഹമീദ് സ്വാഗതവും മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു. യൂണിറ്റി മാർച്ചിനും ബഹുജന റാലിക്കും എ കെ സൈതലവി ഹാജി, കെ ജുബൈർ, എ എം സുബൈർ, പി മൊയ്തീൻ കുട്ടി, കെ പി അബ്ദുൽ കരീം, എം കെ ഇബ്രാഹീം, പി പി ജാഫർ, പി നജീബ് എന്നിവർ നേതൃത്വം നൽകി.
Post Your Comments