സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഏറ്റവും മിന്നിയത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി തന്നെയാണ്. ആറ് മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പരയില്‍ മൂന്ന് സെഞ്ചുറിയുടെ അകമ്പടിയോടെ 558 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്.
മത്സരത്തില്‍ ഒരുപിടി റെക്കോര്‍ഡുകളും കോഹ്ലി നേടിയിരുന്നു. ഈ നേട്ടങ്ങള്‍ക്ക് തനിക്ക് പ്രചോദനമായത് പ്രിയസഖി അനുഷ്‌കയായിരുന്നുവെന്നാണ് മത്സരശേഷം കോഹ്ലി പ്രതികരിച്ചത്.
‘എന്നോട് കൂടെനിന്ന എല്ലാവരും ഈ വിജയത്തിന്റെ പങ്കാളികളാണ്. പരമ്പരയില്‍ ഉടനീളം പ്രചോദനമായി എന്റെ ഭാര്യ കൂടെയുണ്ടായിരുന്നു. അതില്‍ ഞാന്‍ ഏറെ നന്ദിയുളളവനാണ്. എന്റെ കരിയറില്‍ ഇനി എട്ടോ ഒമ്പതോ വര്‍ഷമാണ് ഉണ്ടാവുക. അതിലെ ഓരോ ദിവസവും ഒന്നിനൊന്ന് മികച്ചതാക്കി മാറ്റണം. നല്ല രീതിയില്‍ രാജ്യത്തിനായി നായകസ്ഥാനം വഹിക്കുന്നതില്‍ ഏറെ സന്തോഷവാനാണ് ഞാന്‍’.
‘അവസാന മത്സരമാണ് എനിക്ക് വളരെ നന്നായിട്ട് തോന്നിയത്. കഴിഞ്ഞ തവണ അത്ര തൃപ്തിയുണ്ടായിരുന്നില്ല. വെളിച്ചത്തിന് കീഴില്‍ ബാറ്റ് ചെയ്യാന്‍ പറ്റിയ മികച്ച മൈതാനമാണിത്. അതുകൊണ്ടാണ് ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തത്’, കോഹ്ലി പറഞ്ഞു.
രണ്ടു രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന പരമ്പരയില്‍ 500 റണ്‍സിലേറെ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി വിരാട് കോഹ്ലി മാറി. ഏകദിനത്തില്‍ അതിവേഗം 9500 റണ്‍സ് തികയ്ക്കുന്ന താരമാകാനും ഈ പരമ്പരയിലൂടെ കോഹ്ലിക്കായി.
Post Your Comments