Latest NewsNewsLife Style

ജോലിയിൽ ഉയർച്ചയും വളർച്ചയും ആഗ്രഹിക്കുകയോ സ്വപ്നം കാണുകയോ ചെയ്യാത്തവരുണ്ടാവില്ല : ഇതാ പ്രൊമോഷൻ നേടാനുള്ള എളുപ്പവഴി

വർഷങ്ങളായി യാതൊരു പ്രൊമോഷനും ലഭിക്കാത്തവരും അർഹതയുണ്ടായിട്ടും പൊമോഷൻ ലഭിക്കാത്തവരും നമ്മുക്ക് ചുറ്റും ധാരാളമുണ്ടാവും. പക്ഷേ മിക്കവർക്കും, നേരായ മാർഗ്ഗത്തിൽ തന്നെ പ്രൊമോഷന് തങ്ങളെ അർഹരാകുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ല എന്നത് യാഥാർത്യമാണ്. തൊഴിലിൽ പ്രോമോഷൻ നേടാൻ സഹായിക്കുന്ന ചില ഘടകങ്ങളെക്കുറിച്ചും അത് മനസ്സിലാക്കി തൊഴിലിൽ പുരോഗതി നേടിയ ഒരാളെക്കുറിച്ചുമാണ് ഇനി പറയുന്നത്.

പ്രൊമോഷന് സഹായിക്കുന്ന ഘടകങ്ങൾ

ഒരു വ്യക്തി ഒരു പ്രത്യേക തൊഴിൽ ചെയ്തു കൊണ്ടിരിക്കുകയാണെന്ന് കരുതുക. ആ വ്യക്തിക്ക് കുറച്ചു കൂടെ ഉയർന്ന ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ച് കൊടുക്കണമെന്ന് മാനേജ്മെൻറ് തീരുമാനിക്കണമെങ്കിൽ, ആ ഉത്തരവാദിത്തങ്ങൾ ഭംഗിയായും കൃത്യമായും നിറവേറ്റാനാവശ്യമായ അറിവും കഴിവും പ്രാപ്തിയും അയാൾക്കുണ്ടെന്ന് അവർക്ക് ബോധ്യം വരണം.

അതായത് എത്ര കാലം ജോലി ചെയ്തു എന്നതോ ഇപ്പോൾ ചെയ്യുന്ന ജോലി നന്നായി ചെയ്യുന്നു എന്നതോ ജോലിക്കയറ്റത്തിന് പരിഗണിക്കണമെന്നില്ല. അതു കൊണ്ട് പ്രൊമോഷൻ ആഗ്രഹിക്കുന്നവർ ആ ഉയർന്ന തസ്തിക ആവശ്യപ്പെടുന്ന നിലവാരത്തിൽ എത്താൻ ശ്രമിക്കുക എന്നതാണ് പ്രധാനം.

പലപ്പോഴും ഉയർന്ന തസ്തികകൾ ഇതുവരെ നമ്മൾ ചെയ്തിരുന്ന കാര്യങ്ങൾക്കപ്പുറം, ഇപ്പോൾ സഹപ്രവർത്തകർ ചെയ്തു കൊണ്ടിരിക്കുന്ന മറ്റു ജോലിക്കാര്യങ്ങളുടെയും ഉത്തരവാദിത്തം ഏൽക്കേണ്ടി വരും എന്നതിനാൽ നിർബന്ധമായും ആ കാര്യങ്ങളും കഴിയുന്നത്ര പഠിച്ചെടുക്കാൻ ശ്രമിക്കണം.

ഉയർന്ന തസ്തികകൾ പലതിനും നിശ്ചിത വിദ്യാഭ്യസ യോഗ്യതകൾ നിഷ്ക്കർഷിച്ചിട്ടുണ്ടാവും( നിർബന്ധമല്ലെങ്കിൽ പോലും). അധികമായി നേടുന്ന, വിദ്യാഭ്യാസ യോഗ്യതകൾ തീർച്ചയായും പ്രൊമോഷൻ സാദ്ധ്യതകൾ വർദ്ധിപ്പിക്കും എന്നതിൽ തർക്കമില്ലല്ലോ?. അതിനാൽ നിർബന്ധമായും പഠനം തുടരുക, ഉയർന്ന ബിരുദങ്ങളും സർട്ടിഫിക്കറ്റുകളും യോഗ്യതകളും നേടുക.

ഇംഗ്ലീഷോ മറ്റു പ്രാദേശിക ഭാഷകളോ പഠിക്കുന്നതും, ഭംഗിയായി കൈകാര്യം ചെയ്യുന്നതും, മിക്കപ്പോഴും പ്രമോഷൻ സാദ്ധ്യത വർദ്ധിപ്പിക്കുന്നതായി കാണാറുണ്ട്.

കാലത്തിനനുസരിച്ചുള്ള പുതിയ അറിവും കഴിയും സ്വായത്തമാക്കിയാലേ പല മേഖലകളിലും പ്രൊമോഷന് പരിഗണിക്കപ്പെടുകയുള്ളു. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും പുതിയ കോഴ്സുകളുടെ സർട്ടിഫിക്കറ്റുകളും നേടുന്നത് പ്രമോഷനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. സ്വായത്തമാക്കിയ അറിവുകളും കഴിവുകളും യഥാസമയം മാനേജ്മെൻറിന്റെ ശ്രദ്ധയിൽ പെടുത്തുകയും വേണം.

പ്രൊമോഷൻ തസ്തികയിൽ ജോലി ചെയ്യുന്നവരുടെ പ്രവർത്തന രീതികൾ, ശരീരഭാഷ, സംസാരശൈലി, വസ്ത്രധാരണം എന്നിവ നിരീക്ഷിച്ചു മനസ്സിലാക്കുക, അവ സ്വന്തം ശൈലിയിൽ പകർത്താൻ ശ്രമിക്കുക എന്നിവ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കും. ഉദാഹരണമായി മാനേജർ തസ്തിക ആഗ്രഹിക്കുന്ന ഒരാൾക്ക്, മാനേജരെപ്പോലെയുള്ള ശരീരഭാഷയും വസ്ത്രധാരണവും പെരുമാറ്റവും ഉണ്ടാവുമ്പോൾ ആ തസ്തിക ലഭിക്കുന്നതിനുള്ള സാദ്ധ്യത ഏറുന്നു. പുതിയൊരു സ്ഥാപനത്തിൽ പ്രാമോഷൻ തസ്തികയ്ക്കായി ആഗ്രഹിക്കുന്നവർ നിർബന്ധമായും പാലിക്കേണ്ട കാര്യമാണിത്.

സ്വയം മാർക്കറ്റ് ചെയ്യുക എന്നതും പ്രധാനമാണ്. നമ്മെക്കുറിച്ച് നല്ലത് പറയാൻ, നമ്മുടെ കഴിവുകളെക്കുറിച്ച് സംസാരിക്കാൻ അധികമാരും ഉണ്ടാവില്ല. അത് കൊണ്ട് നമ്മുടെ അറിവ്, കഴിവ്, കാര്യപ്രാപ്തി, കർമ്മ കുശലത, നിരീക്ഷണ പാടവം, യുക്തിപരമായി തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് എന്നിവയെല്ലാം വെളിപ്പെടുത്താൻ കഴിയുന്ന എല്ലാ അവസരങ്ങളും പൂർണ്ണമായും ഉപയോഗപ്പെടുത്തുക.

സാധിക്കുമെങ്കിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുക. പ്രൊമോഷന് സാദ്ധ്യത കൂടുതലുള്ള ആളാണെന്ന് സഹപ്രവർത്തകരെക്കൊണ്ടും പ്രൊമോഷന് യോഗ്യതയുള്ള ആളാണെന്ന് മാനേജ്മെൻറിനെക്കുറിച്ചും പറയിപ്പിക്കുക എന്നതാണ് പ്രൊമോഷൻ ലഭിക്കാനുള്ള അടിസ്ഥാനപരമായ കാര്യം.

അഥവാ, സ്ഥാപനത്തിലെ പ്രത്യേക സാഹചര്യം കൊണ്ട് അവിടെ പ്രൊമോഷൻ കിട്ടിയില്ലെങ്കിലും മറ്റൊരു സ്ഥാപനത്തിൽ ഉയർന്ന ജോലി കിട്ടും എന്നതുറപ്പാണ്. ജീവിതത്തിൽ ഉയരണമെങ്കിൽ കരിയറിലും സാമ്പത്തികമായും ഉയരണം. അത് നമ്മുടെ അവകാശമാണ്. അതിനായി പ്രയത്നിക്കേണ്ടത് നമ്മുടെ കടമയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button