തിരുവനന്തപുരം: സിപിഎമ്മിനെതിരെ വെളിപ്പെടുത്തലുമായി ബാറുടമ ബിജു രമേശ് രംഗത്ത്. ഭരണം കിട്ടിയാല്‍ പൂട്ടിയ ബാറുകള്‍ എല്ലാം തുറക്കാമെന്ന് സിപിഎം ഉറപ്പ് നല്‍കിയിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പ് നല്‍കിയിരുന്നുവെന്ന് ബിജു വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വിജയിച്ച് അധികാരം ലഭിച്ചതോടെ സിപിഎം വാഗ്ദാനങ്ങള്‍ ലംഘിക്കുകയായിരുന്നു. ത്രീസ്റ്റാര്‍ വരെയുള്ള ബാറുകള്‍ തുറക്കാന്‍ പിണറായി സര്‍ക്കാര്‍ തയാറായെങ്കിലും എല്‍ഡിഎഫ് നടത്തിയ വാഗ്ദാന ലംഘനത്തില്‍ പ്രതിഷേധിച്ച് ബിജു രമേശ് തന്റെ ഉടമസ്ഥതയിലുള്ള ബാറുകളൊന്നും തുറന്നിരുന്നില്ല.
ഇത്തരത്തിലല്ല സിപിഎം വാഗ്ദാനം നല്‍കിയിരുന്നതെന്നും വാഗ്ദാനങ്ങള്‍ പാലിക്കാതെ തന്റെ മാത്രം ബാറുകള്‍ തുറക്കാന്‍ തയാറല്ലെന്നുമാണ് ബിജു രമേശിന്റെ നിലപാട്. എല്‍ഡിഎഫിന്റെ മഹത്വംകൊണ്ടൊന്നുമല്ല ഭരണത്തില്‍ കയറിയതെന്നും കെ.എം.മാണിയുടെ അഴിമതികള്‍ താന്‍ വിളിച്ചുപറഞ്ഞതുകൊണ്ടാണെന്നും ബിജു രമേശ് പറഞ്ഞു. ബാര്‍കോഴ കേസില്‍ നിന്നും മാണിയെ ഒഴിവാക്കിയാല്‍ സിപിഎം വഞ്ചിച്ചുവെന്ന് തന്നെ പറയേണ്ടി വരും.
മാണിയെ വെള്ളപൂശുമ്പോള്‍ എല്‍ഡിഎഫ് തന്നെ മാത്രമല്ല, മുന്നണിയുടെ വാഗ്ദാനങ്ങള്‍ വിശ്വസിച്ച ജനങ്ങളെ കൂടിയാണ് വഞ്ചിക്കുന്നത്. സിപിഎം പിന്തുണയില്ലാതെ ബാര്‍കോഴ കേസില്‍ നിന്ന് മാണിക്ക് രക്ഷപെടാന്‍ കഴിയില്ല. മാണിക്കെതിരേ രംഗത്തിറങ്ങാന്‍ പ്രോത്സാഹിപ്പിച്ചവര്‍ അദ്ദേഹവുമായി മറുവശത്ത് കൂടി ധാരണയുണ്ടാക്കാന്‍ ശ്രമിക്കുന്നത് നിരാശാജനകമാണെന്നും ബിജു രമേശ് ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് വി.എസ്. അച്യുതാനന്ദനെയും പിണറായി വിജയനെയും താന്‍ കണ്ടിരുന്നുവെന്നും ബിജു രമേശ് വെളിപ്പെടുത്തി.
Post Your Comments