KeralaNews

മകളുടെ വിവാഹത്തിന് ബിജു രമേശ് മുടക്കുന്നത് നൂറ് കോടിയില്‍ അധികം രൂപ; പങ്കെടുക്കുന്നവരെ ചൊല്ലി കോണ്‍ഗ്രസിലും സിപിഎമ്മിലും തര്‍ക്കം

തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയിലൂടെ നാട് കടന്നുപോകുമ്പോള്‍ കേരളം ആജംബര വിവാഹത്തിന്റെ വേദിയാകുകയാണ്. കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ അടൂര്‍ പ്രകാശിന്റെ മകന്‍ അജയ് കൃഷ്ണനും യുഡിഎഫ് സര്‍ക്കാറിനെ പിടിച്ചു കുലുക്കിയ ബാര്‍കോഴ വിവാദത്തിലെ നായകന്‍ ബിജു രമേശിന്റെ മകള്‍ മേഘ ബി രമേശുമാണ് വിവാഹിതരാകുന്നത്. കോണ്‍ഗ്രസിലും യുഡിഎഫിലും കലഹത്തിന് ഇടയാക്കിയതായിരുന്നു ഇവരുടെ വിവാഹ നിശ്ചയ ചടങ്ങും. നൂറ് കോടിയില്‍ അധികം രൂപ ചെലവിട്ടു കൊണ്ടാണ് ബിജു രമേശ് മകളുടെ ആര്‍ഭാട വിവാഹം നടത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

അക്ഷര്‍ത്ഥാം ക്ഷേത്രത്തിന്റെ മാതൃകയില്‍ കൂറ്റന്‍ പന്തല്‍ തയ്യാറായി കഴിഞ്ഞു. നോട്ട് ക്ഷാമത്തില്‍ ഇത്രയും വിലുപമായ വിധത്തില്‍ ആര്‍ഭാട വിവാഹം നടത്താന്‍ പണം എവിടെ നിന്നും കിട്ടിയെന്ന ചോദ്യം മാത്രമാണ് ബാക്കി.
നേത്തെ വിവാഹനിശ്ചയച്ചടങ്ങില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുത്തത് കോണ്‍ഗ്രസിലും യു.ഡി.എഫിലും വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. യു.ഡി.എഫില്‍നിന്നു കേരളാ കോണ്‍ഗ്രസ് (എം) വിട്ടുപോയതില്‍ ആ തര്‍ക്കവും ഒരു നിമിത്തമായി. വിവാഹച്ചടങ്ങില്‍ പ്രമുഖ നേതാക്കളുടെ സാന്നിദ്ധ്യം പുതിയൊരു കലഹത്തിനു വഴിവയ്ക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുള്ളില്‍ പടര്‍ന്നിട്ടുണ്ട്. ആനയറയിലെ രാജധാനി ഗാര്‍ഡന്‍സില്‍ ഒരേക്കറില്‍ മൈസൂര്‍ കൊട്ടാരത്തിന്റെ മാതൃകയില്‍ തീര്‍ത്ത പന്തലിലാണ് അടൂര്‍ പ്രകാശിന്റെ മകന്‍ അജയകൃഷ്ണയും ബിജു രമേശിന്റെ മകള്‍ മേഘ ബി. രമേശും തമ്മിലുള്ള വിവാഹം നടക്കുന്നത്.

ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തിന്റെ മാതൃകയിലാണ് കതിര്‍മണ്ഡപം. ഞായറാഴ്ച വൈകീട്ട് വെണ്‍പാലവട്ടത്തെ രാജധാനി ഗാര്‍ഡന്‍സിലാണ് വിവാഹം. രാജധാനി ഇവന്റ് ആന്‍ഡ് മാനേജ്‌മെന്റാണ് ഒരുക്കങ്ങള്‍ നടത്തിയത്. പ്രധാനകവാടം മൈസൂര്‍ കൊട്ടാരത്തിന്റെ മാതൃകയിലാണ്. 40 ദിവസമായി 300 തൊഴിലാളികള്‍ രാവും പകലും പണിയെടുത്താണ് കതിര്‍മണ്ഡപവും പ്രധാനകവാടവും നിര്‍മ്മിച്ചത്. 20,000 പേരാണ് വിവാഹത്തില്‍ പങ്കെടുക്കുന്നത്. കതിര്‍മണ്ഡപത്തിന്റെ മുന്നില്‍ 15,000 പേര്‍ക്ക് ഇരിക്കാവുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയമുണ്ട്. 6000 പേര്‍ക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാനുള്ള സൗകര്യം രാജധാനി ഹോട്ടലാണ് ഒരുക്കുന്നത്. കൊച്ചിയിലെ ഒരു സ്ഥാപനത്തിന്റേതാണ് രൂപകല്പന. കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
വ്യവസായി രവിപിള്ളയുടെ മകളുടെ കല്യാണച്ചടങ്ങ് കഴിഞ്ഞാല്‍ സംസ്ഥാനത്ത് നടക്കുന്ന ആര്‍ഭാടവിവാഹമാണ് ബിജുരമേശിന്റെ മകളുടേത്. വന്‍തുക നോട്ട് പിന്‍വലിച്ചശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യത്തെ ആര്‍ഭാടവിവാഹവും.അതേസമയം വിവാഹത്തെ കുറിച്ച് അന്വേഷണം വന്നേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ആദായ നികുതി വകുപ്പും വിജിലന്‍സും ആര്‍ഭാട വിവാഹത്തിന് എവിടെ നിന്നും പണം ലഭിച്ചു എന്നത് സംബന്ധിച്ച അന്വേഷണം നടത്തിയേക്കും. വിവാഹത്തിന്റെ പേരിലൊഴുക്കുന്ന ബഹു കോടികളുടെ കള്ളപ്പണത്തെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള പരാതികള്‍ ഇതിനോടകം തന്നെ വിജിലന്‍സിനും സര്‍ക്കാരിനും മുമ്പിലെത്തി കഴിഞ്ഞു.

വിവാഹത്തില്‍ ആരൊക്കെ പങ്കെടുക്കും എന്നതിനെ ചൊല്ലിയും ആശയക്കുഴപ്പങ്ങളുണ്ട്. തമിഴ്‌നാട് ധനമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമായ ഒ. പനീര്‍ശെല്‍വം, വേല്‍മണി എന്നിവരുള്‍പ്പെടെ തമിഴ്‌നാട്ടിലെയും കേരളത്തിലെയും രാഷ്ട്രീയ, സിനിമാരംഗത്തെ പ്രമുഖരെ വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ സുധീരന്‍ വിവാഹത്തിന് എത്തുമോ എന്ന കാര്യം ഇനിയും അറിവായിട്ടില്ല. സിപിഎമ്മില്‍ നിന്നും ആരൊക്കെ പങ്കെടുക്കും എന്നതിലും വ്യക്തതിയില്ല. വിഎസോ പിണറായിയോ എത്തുമോ എന്ന കാര്യവും അറിവായിട്ടില്ല. നിലംനികത്തല്‍ അടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി എത്തിയേക്കില്ലെന്നും സൂചനയുണ്ട്.

കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങള്‍ നിലനിന്ന അതേ സാഹചര്യത്തിലാണ് ഇന്നു വിവാഹച്ചടങ്ങ് നടക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും മുന്മന്ത്രിയുമെന്ന നിലയില്‍ അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹത്തില്‍നിന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മാറിനില്‍ക്കാന്‍ കഴിയില്ല. സുധീരന്റെ നിലപാടില്‍ മാറ്റം വന്നിട്ടുമില്ല. പാര്‍ട്ടിയില്‍ വീണ്ടുമൊരു പൊട്ടിത്തെറിയുണ്ടാകുന്നത് ഒഴിവാക്കാനായി രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും അടക്കമുള്ള നേതാക്കള്‍ അടൂര്‍ പ്രകാശിന്റെ വീട്ടില്‍ ചെന്ന് ആശംസകള്‍ നേര്‍ന്നുകൊണ്ട് വിവാഹച്ചടങ്ങിലെ സാന്നിദ്ധ്യം ഒഴിവാക്കാനുള്ള സാധ്യത പാര്‍ട്ടികേന്ദ്രങ്ങള്‍ തള്ളിക്കളയുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button