Latest NewsNewsIndiaNewsBUDGET-2018

നരേന്ദ്ര മോഡിയുടെ ഭരണത്തില്‍ ഇന്ത്യയുടെ സാമ്പത്തിക ഭാവി എങ്ങോട്ട് എന്ന് വിളിച്ചറിയിക്കുന്ന ബഡ്ജറ്റിനെക്കുറിച്ച് രാജീവ് ചന്ദ്രശേഖര്‍ എം പി

കേന്ദ്ര ബഡ്ജറ്റ് 2018-19

രാജ്യസഭയില്‍ പാര്‍ലമെന്റ് അംഗം രാജീവ് ചന്ദ്രശേഖര്‍ 2018 ഫെബ്രുവരി 8ന് ചെയ്ത പ്രസംഗം

(2018-19 ബഡ്ജറ്റിന്‍മേല്‍ നടന്ന ചര്‍ച്ച)

സര്‍, 2018-19 ബഡ്ജറ്റിനെക്കുറിച്ച് സംസാരിക്കാന്‍ എന്നെ അനുവദിച്ചതിന് നന്ദി.

ഇത് 11-ാമത്തെ പ്രാവശ്യമാണ് ഞാന്‍ ബഡ്ജറ്റിനെ അധികരിച്ച് സംസാരിക്കുന്നത്. ഒരു ഭരണകാലം കഴിയാറാകുമ്പോള്‍ അന്നേവരെ സഭയ്ക്കുള്ളില്‍ താന്‍ നടത്തിയ പ്രസംഗങ്ങളെക്കുറിച്ചും അഭിപ്രായങ്ങളെക്കുറിച്ചുമൊക്കെ ഓരോ സഭാംഗവും ഓര്‍ത്തെടുക്കുന്ന ആ പതിവ് ശൈലി ഞാനും അനുവര്‍ത്തിക്കുയാണ്. ആദ്യമായി 2008-2009 ബഡ്ജറ്റിനെക്കുറിച്ച് സംസാരിച്ചതു മുതല്‍ സംശുദ്ധ ഭരണത്തെക്കുറിച്ചും ജനങ്ങള്‍ക്ക് തുല്യാവസരം ഉറപ്പാക്കുന്നതിനെക്കുറിച്ചും സ്ഥിരമായി വാദിക്കുന്നയാളാണ് ഞാന്‍. സര്‍, 2008-2009ലെ എന്റെ പ്രസംഗത്തില്‍ നിന്ന് രണ്ട് വരി ഞാനിവിടെ ഉദ്ധരിച്ചുകൊള്ളട്ടെ. ”ദാരിദ്ര്യവും വിഷമതകളും കുറഞ്ഞ കാലത്തിനുള്ളില്‍ ദൂരീകരിക്കുന്നതിനുള്ള അടിസ്ഥാന മാര്‍ഗ്ഗമാണ് വളര്‍ച്ച”യെന്ന് അന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്റെ പിന്തുണ സംരഭകരാല്‍ നയിക്കപ്പെടുന്ന വികസനത്തിനും സാമ്പത്തിക മികവിനുമാണെന്നും ഞാന്‍ കൂട്ടിച്ചേര്‍ത്തു.

സര്‍, അന്ന് ഞാന്‍ പാര്‍ലമെന്റിലേക്ക് ചുവടുവച്ച ഒരു പുതിയ അംഗമായിരുന്നു. മാത്രമല്ല, രാഷ്ട്രീയരംഗത്തും നവാഗതനായിരുന്നു. ദരിദ്രവിഭാഗങ്ങളുടെ പിന്‍തലമുറകള്‍ക്ക് ദരിദ്രരായി തുടരാന്‍ ആഗ്രമമില്ലെന്നും ഇല്ലായ്മയുടെ നിലയില്ലാക്കയത്തില്‍ നിന്ന് കരകയറാന്‍ അവര്‍ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും അന്ന് ഞാന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചു. തങ്ങളുടെ കര്‍മ്മശേഷിയും ബുദ്ധിപരതയും പ്രതിഭയും പ്രകടിപ്പിച്ചു കൊണ്ട് ജീവിതത്തില്‍ നല്ല മാറ്റം കൊണ്ടുവരാന്‍ ആവശ്യമായ വ്യവസ്ഥാപിതമായ അവസരങ്ങള്‍ അവര്‍ക്ക് ലഭിക്കാത്തതാണ് പ്രശ്‌നം. സുസ്ജ്ജമായ അടിസ്ഥാന സൗകര്യങ്ങളും അവസരങ്ങളും ഇത്തരം ദശലക്ഷക്കണക്കിന് ദരിദ്രരായ ഭാരതീയര്‍ക്ക് നല്‍കിക്കൊണ്ട് അവരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു വികസന നയമാണ് നമുക്കാവശ്യം. അവസരങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ എന്നാണ് ഞാന്‍ അതിനെ വിളിക്കുക. ആരോഗ്യം വിദ്യാഭ്യാസം നൈപുണ്യവികസനം വായ്പാസൗകര്യം സാമ്പത്തിക സഹായം സുരക്ഷിതത്വം എന്നിവയെല്ലാം സമന്വയിക്കുന്ന ഒരു സമഗ്രമായ ചട്ടക്കൂടാണ് പ്രസ്തുത അടിസ്ഥാനസൗകര്യത്തില്‍ ഉണ്ടാകേണ്ടത്.

സര്‍, രാഷ്ട്രീയത്തിലും സഭയിലും നവാഗതനായ ഞാന്‍ 2008-2009ല്‍ പാര്‍ലമെന്റില്‍ ഇങ്ങനെ പറഞ്ഞു. കേവലം ഒരു വര്‍ഷത്തെ രാഷ്ട്രീയ പരിചയം മാത്രമുള്ള എനിക്ക് ഇങ്ങനെ ചിന്തിക്കാന്‍ കഴിഞ്ഞെങ്കില്‍, അറുപത് വര്‍ഷക്കാലം രാഷ്ട്രീയരംഗത്ത് ഉണ്ടായിരുന്നിട്ടും ഒരക്ഷരം ഉരിയാടാതെ പ്രശ്‌നങ്ങളെ പ്രശ്‌നങ്ങളായി തന്നെ തുടരാന്‍ അനുവദിച്ച നേതാക്കന്മാരോട് ജനം പൊറുക്കുമോ. ആറ് ദശാബ്ദക്കാലമായി തല്‍സ്ഥിതിതുടരല്‍ എന്ന നയം അവംലബിച്ചവരില്‍ നിന്നൊരു മുക്തി ജനങ്ങള്‍ ആഗ്രഹിച്ചത് തികച്ചും സ്വാഭാവികമാണ്. ജനങ്ങളാഗ്രഹിച്ച ഈ മാറ്റത്തെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിനിധീകരിക്കുന്നത്. തല്‍സ്ഥിതി അങ്ങനെതന്നെ തുടരണമെന്ന് കൊതിക്കുന്ന നിക്ഷിപ്തതാല്പര്യക്കാര്‍ തക്കംപാര്‍ത്തിരിന്നിട്ടു പോലും ഇത്തരമൊരു മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞത് നിസ്സാരകാര്യമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 2013ല്‍ ഒരു സ്വതന്ത്ര എം പിയായ ഞാന്‍ പിന്തുണ നല്‍കിയതിനു പിന്നിലെ യുക്തിയും ഇതു തന്നെ.

ബെഹ്റയുടെ നിയമനത്തിൽ ദുരൂഹത : ബിജെപി കേന്ദ്രത്തെ സമീപിക്കാനൊരുങ്ങുന്നു

എന്റെ മുതിര്‍ന്ന സഹയാത്രികനും യുപിഎ സര്‍ക്കാരിന്റെ കാലത്ത് തകര്‍ന്നടിഞ്ഞ സാമ്പത്തികമേഖലയ്ക്ക് വളയം പിടിച്ചിരുന്ന പ്രമുഖനുമായ ശ്രീ. പി. ചദംബരം സംസാരിച്ചത് ഞാന്‍ കേട്ടു. പണ്ട് കല്‍ക്കരി കുംഭകോണം കത്തിപ്പടര്‍ന്നപ്പോള്‍ ”പൊതുജനങ്ങളുടെ ഓര്‍മ്മക്ക് ക്ഷിപ്രായുസ്സാണെ”ന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മൊഴിഞ്ഞ പ്രസിദ്ധമോ കുപ്രസിദ്ധമോ ആയ ഒരു ചൊല്ലുണ്ട്. ശ്രീ. ചിദംബരത്തിന് ഞാന്‍ ഉറപ്പു നല്‍കുന്നു, ഈ സഭയ്ക്കുള്ളില്‍ ആ വ്യക്തി സന്നിഹിതനല്ല. ശ്രീ ജയ്‌റാം അറിഞ്ഞിരിക്കുക, പൊതുജനങ്ങളുടെ ഓര്‍മ്മ പെട്ടെന്ന് മാഞ്ഞുപോകില്ല. അഥവാ പൊതുസമൂഹത്തിന് മറവി സംഭവിച്ചാല്‍ തന്നെ സമയോചിതമായ ഓര്‍മ്മപ്പെടുത്തലുകളുമായി അവരോടൊപ്പം നില്‍ക്കുന്നവര്‍ ഞാനുള്‍പ്പെടെ ധാരാളം ഉണ്ട്.

ഛിന്നഭിന്നമായിക്കഴിഞ്ഞ ഒരു സമ്പദ്‌വ്യവസ്ഥയാണല്ലോ 2014 മെയ് മാസത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കൈയേറ്റത്. നിഷ്‌ക്രിയാസ്തികള്‍ കാരണം തകര്‍ന്നടിഞ്ഞ ബാങ്കിംഗ് മേഖലയും വര്‍ഷങ്ങളായുള്ള സര്‍ക്കാര്‍ ധൂര്‍ത്തും വമ്പന്‍ അഴിമതികളും കണ്ടും കേട്ടും മനംമടുത്ത നിക്ഷേപകരുമായിരുന്നു അന്നത്തെ സാമ്പത്തിക ചിത്രം. ത്രൈമാസ നിലവാരമെടുത്താല്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ (ജിഡിപി) 12 തവണ തുടര്‍ച്ചയായി ഇടിവുണ്ടായ ഒരു കാലമായിരുന്നു അത്. ത്രൈമാസാവലോകനത്തില്‍ 24 തവണയാണ് പണപ്പെരുപ്പം രേഖപ്പെടുത്തിയത്. ധനം ധൂര്‍ത്തടിക്കുന്നതിലൂടെ സര്‍ക്കാരിന്റെ മൂലധന സമാഹരണം 30%മാണ് കുറഞ്ഞത്. യുപിഎ ഭരണകാലത്തുണ്ടായ അസാധാരണമായ പണപ്പെരുപ്പം മൂലം ഏറ്റവും കഷ്ടത്തിലായത് ദരിദ്രജനവിഭാഗമായിരുന്നു. റിസര്‍വ്വ് ബാങ്കിന്റെ 2008-2009 കാലത്തെ ഗവര്‍ണറായിരുന്ന വൈ വി റെഡ്ഡി പറഞ്ഞത് ഞാന്‍ ഇവിടെ ഉദ്ധരിക്കുകയാണ്. ”പണപ്പെരുപ്പത്തോട് പൊരുതുന്നതിനായിരുന്നു മുന്‍ഗണന. കാരണം വിലവര്‍ദ്ധനയുടെ പ്രഹരം ആദ്യം ഏറ്റുവാങ്ങുന്നത് ദരിദ്രജനങ്ങളയാണ്. അതേ സമയം സാമ്പത്തിക നേട്ടങ്ങളാകട്ടെ ദരിദ്രവിഭാഗത്തിന് ലഭ്യമാകുന്നത് ഏറ്റവും ഒടുവിലുമാണ്”. ബാങ്ക് വായ്പകളുടെ 90%വും കേവലം 11 കുത്തക കമ്പനികളുടെ കൈവശം ചെന്നെത്തിയ അപകടകരമായ പ്രതിഭാസവും അക്കാലത്ത് സംഭവിച്ചിരുന്നു. ഇക്കാര്യം 2011ല്‍ ആദ്യമായി സഭയില്‍ ചൂണ്ടിക്കാട്ടിയത് ഞാനാണ്.

ഭീകരാക്രമണം : പാകിസ്ഥാന്റെ വെളിപ്പെടുത്തലില്‍ ഇന്ത്യക്ക് ഞെട്ടല്‍

ഇനി നമുക്ക് ഇന്ന് നാം നില്‍ക്കുന്നിടത്തേക്കു വരാം. കഴിഞ്ഞ നാലുവര്‍ഷങ്ങളായി ജി.ഡി.പി. വളര്‍ന്നു, ആളോഹരി വരുമാനവും വര്‍ദ്ധിച്ചു. നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ക്രമാനുഗതമായ വളര്‍ച്ചയുണ്ടായി 2016-17 സാമ്പത്തിക വര്‍ഷം 60.06 ബില്യണ്‍ ഡോളറെന്ന സര്‍വ്വകാല റെക്കോര്‍ഡ് കൈയെത്തിപ്പിടിച്ചു. മാത്രമല്ല, രാജ്യത്തിന് ഇപ്പോള്‍ 410 ബില്യണ്‍ ഡോളറിന്റെ എക്കാലത്തേക്കാളും ഉയര്‍ന്ന വിദേശനാണ്യ ശേഖരവുമുണ്ട്. കാലങ്ങളോളം നീണ്ട ധൂര്‍ത്തിനും പാഴ്‌ച്ചെലവുകള്‍ക്കും അവസാനിച്ചു. ഇന്ന് സര്‍ക്കാര്‍ ധനയിടപാടുകളില്‍ കൃത്യമായ മാര്‍ഗനീര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ട്. ഇതിന്റെയൊക്കെ ഫലമായി ഒരു പരിധിവരെ പണപ്പെരുപ്പവും നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന സ്വജനപക്ഷ-മുതലാളിത്തവും പൊതുമേഖലാ ബാങ്കുകളുടെ കെടുകാര്യസ്ഥതയുമാണ് ഇതോടെ അവസാനിക്കുന്നത്. അഴിമതിക്കെതിരേ ആഞ്ഞടിക്കുന്ന നടപടികളുടെ കാലമാണ് ഇപ്പോള്‍. ഭാരതത്തില്‍ നിക്ഷേപസൗഹാര്‍ദ്ദ അന്തരീക്ഷം സംജാതമായിക്കഴിഞ്ഞു. മാത്രമല്ല, ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണാണ് ഭാരതമെന്ന വര്‍ദ്ധിച്ച ആത്മവിശ്വാസം നിക്ഷേപകരില്‍ വളര്‍ന്നിട്ടുമുണ്ട്. സ്വകാര്യ ഉപഭോഗത്തിന്റെ 7.4 ശതമാനമെന്ന നിരക്കിനെ കടത്തിവെട്ടിക്കൊണ്ട് രാജ്യത്തെ നിക്ഷേപനിരക്ക് 2018-19 സാമ്പത്തികവര്‍ഷത്തില്‍ 8.8 ശതമാനമാകുമെന്നും തല്ഫലമായി രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാനിരക്ക് വര്‍ദ്ധിക്കുമെന്നുമാണ് ലോകബാങ്ക് പ്രവചിക്കുന്നത്. പുതിയ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്‌സി നിയമം വന്നതോടെ കിട്ടാക്കടങ്ങളുടെയും വ്യവസ്ഥയില്ലാതെ കുത്തകകള്‍ക്ക് കടം വാരിക്കോരി നല്‍കുന്ന രീതിയും അവസാനിച്ചിരിക്കുന്നു. ഒരു കൂട്ടര്‍ യഥേഷ്ടം കടംവാങ്ങി സുഖിക്കുമ്പോള്‍ മറുവശത്ത് കമ്പനികള്‍ തകര്‍ന്ന് തൊഴിലാളികള്‍ക്ക് വേതനമില്ലാത്ത അവസ്ഥയുണ്ടാകുന്നതൊക്കെ ഇപ്പോള്‍ പഴങ്കഥകളായി. ”രാജ്യം സാമ്പത്തിക വിസ്മയങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ കഥകള്‍ ഒരു വശത്ത് കേള്‍ക്കുമ്പോള്‍ അതെന്താണെന്ന് അറിയാതെ, വറുതിയും വേദനയുമായി പാര്‍ശ്വങ്ങളില്‍ മാറിനില്‍ക്കുന്ന പാവപ്പെട്ട ഭാരതീയരെക്കൂടി ഉള്‍ക്കൊള്ളുന്നതാണ് യഥാര്‍ത്ഥ വികസന സംസ്‌കാര”മെന്ന് 2008-2009ല്‍ ഞാന്‍ ബഡ്ജറ്റിനെക്കുറിച്ച് പ്രസംഗിച്ചപ്പോള്‍ പറഞ്ഞിരുന്നു. മുപ്പത് കോടിയില്‍ പരം ജന്‍ധന്‍യോജന അക്കൗണ്ടുകളും സര്‍ക്കാര്‍ സബ്‌സിഡികളുടെയും ആനുകൂല്യങ്ങളുടെയും കാര്യക്ഷമമായ വിതരണവും വ്യാപകമായിത്തുടങ്ങിയതോടെ 2008-2009ല്‍ ഞാന്‍ കണ്ട ആ സ്വപ്നത്തെ നരേന്ദ്രമോദി സര്‍ക്കാര്‍ 2018-2019ല്‍ ഇതാ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. ബഡ്ജറ്റില്‍ ധനം വകമാറ്റുന്നതും ചെലവഴിക്കുന്നതുമാണ് പ്രധാനമെന്നു കരുതുന്ന എന്റെ ഇടതുപക്ഷ സുഹൃത്തുക്കള്‍ ഒരു കാര്യം മനസ്സിലാക്കണം, ധനം വെറുതെ വാരിക്കോരി ചെലവാക്കുന്നതല്ല, മറിച്ച് ജന്‍ധന്‍യോജന എന്ന സംവിധാനത്തിലൂടെ അര്‍ഹമായവര്‍ക്ക് നല്‍കുന്ന രീതിയില്‍ കാര്യക്ഷമമായി ചെലവാക്കുന്നിടത്താണ് ഒരു സര്‍ക്കാരിന്റെ വിജയം.

ജിഎസ്ടി, നോട്ട് നിരോധനം എന്നിവയെക്കുറിച്ച് കൂടി വേഗത്തില്‍ പരാമര്‍ശിച്ചുകൊള്ളട്ടെ. പണാധിഷ്ഠിതമായ രാഷ്ട്രീയനിലനില്പ് ശീലിച്ചുപോയ ചില രാഷ്ട്രീയകക്ഷികള്‍ക്ക് നോട്ടുനിരോധനം വലിയ അസ്വസ്ഥത സൃഷ്ടിച്ചത് തികച്ചും സ്വാഭാവികമാണ്. പക്ഷേ, ജിഎസ്ടിയെക്കുറിച്ച് കോണ്‍ഗ്രസുകാരായ എന്റെ സഹാംഗങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഒരു രാഷ്ട്രീയ ഇരട്ടത്താപ്പാണ്. ജിഎസ്ടിയെ ഗബ്ബര്‍ സിംഗ് ടാക്‌സ് എന്നൊക്കെ അധിഷേപിക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയമായിപ്പോയി.

പരോക്ഷനികുതികള്‍ നല്ലതല്ലെന്ന് എത്രയോ പ്രാവശ്യം ശ്രീ. ചിദംബരം തന്നെ പറഞ്ഞിട്ടുള്ളതാണല്ലോ. ധനമന്ത്രിയായിരിക്കുമ്പോള്‍ പോലും അദ്ദേഹമിത് പറഞ്ഞിട്ടുണ്ട്. നേരിട്ട് നികുതി ശേഖരിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല വഴിയാണ് ജിഎസ്ടി എന്ന് ജിഎസ്ടിയെക്കുറിച്ച് പഠിച്ച എല്ലാവര്‍ക്കും എന്നതുപോലെ അദ്ദേഹത്തിനും അറിവുണ്ടാകണമല്ലോ. ജിഎസ്ടി ഉല്‍കൃഷ്ടമായ നികുതിയാണ്. കാരണം ജിഎസ്ടി വരുന്നതോടെ ചെറുകിട വ്യവസായങ്ങള്‍ കൂടുതല്‍ മല്‍സരോന്മുഖമാകും. സര്‍ക്കാര്‍ ഇടപാടുകളില്‍ കാലതാമസം ഒഴിവാക്കുന്നതു തന്നെയാണ് ജിഎസ്ടിയെ ചെറുകിട വ്യവസായങ്ങള്‍ക്ക് അനുകൂലമാക്കുന്നത്. ഇങ്ങനെയുള്ള ജിഎസ്ടിയെ വലിയ കുഴപ്പമാണെന്ന മട്ടില്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നവര്‍ സ്മാര്‍ട്ടാവുന്ന സമ്പദ്‌വ്യവസ്ഥയ്ക്കുമേല്‍ രാഷ്ട്രീടവിഴുപ്പ് കൊണ്ടിടാന്‍ ശ്രമിക്കുകയാണ്. സാമ്പത്തിക ച്ര്രകത്തിന്റെ നിര്‍ബാധമുള്ള മുന്നേറ്റത്തിന് രാഷ്ട്രീയ ചക്രം ഒരു പ്രതിബന്ധമാകരുതെന്നേ കോണ്‍ഗ്രസിലെ സുഹൃത്തുക്കളോട് എനിക്ക് പറയാനുള്ളൂ.

ധനമന്ത്രിയോട് രണ്ട് അഭ്യര്‍ത്ഥനകള്‍ ഉണര്‍ത്തിച്ചുകൊണ്ട് ഞാന്‍ അവസാനിപ്പിക്കാം. സര്‍, സായുധസേനയിലെ അംഗങ്ങള്‍ക്കും വിരമിച്ച മുതിര്‍ന്ന അംഗങ്ങള്‍ക്കും വേണ്ടിയാണ് ഒന്ന്. കഴിഞ്ഞ 42 വര്‍ഷക്കാലമായി മാറിമാറി വന്ന സര്‍ക്കാരുകള്‍ അവഗണിച്ച ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി ഈ സര്‍ക്കാര്‍ പ്രാബല്യത്തിലാക്കിയല്ലോ. ഇതു സംബന്ധിച്ച് ഏതാനും പ്രശ്‌നങ്ങള്‍ കൂടി ഏകാംഗ കമ്മിറ്റിക്കു മുമ്പാകെ ഇപ്പോഴും പരിഗണനയിലുണ്ട്. പ്രസ്തുത ഏകാംഗ കമ്മിറ്റിയുടെയും ഏഴാം ശമ്പള കമ്മിഷന്റെയും നിര്‍ദ്ദേശങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പാക്കാന്‍ ധനമന്ത്രി നടപടി കൈക്കൊള്ളണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

എന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നതിന് മുമ്പ് ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് കൂടി ഹ്രസ്വമായി സൂചിപ്പിച്ചു കൊള്ളട്ടെ.

ഇരുപത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി സ്വകാര്യ ടെലികോം സംരഭകനായി പേരു ചേര്‍ത്ത് രാജ്യത്ത് ലൈസന്‍സ് കരസ്ഥമാക്കിയവരില്‍ ഞാനും ഉണ്ടായിരുന്നു. കടന്നു പോയ 25 വര്‍ഷക്കാലത്തിലൂടെ ഒരു വലിയ വ്യവസായമേഖല ആവിര്‍ഭവിക്കുകയായിരുന്നു. ഏറെ സങ്കീര്‍ണവും ദുഷ്‌കരവുമായിരുന്ന ആ ടെലികോം മേഖല സൃഷ്ടിച്ചെടുക്കുന്നതില്‍ ഒരു മുഖ്യപങ്കാളിയാകാന്‍ എനിക്കും കഴിഞ്ഞു. തുടര്‍ന്ന് ടെലികോം രംഗം ധാരാളം തൊഴിലവസരങ്ങള്‍ നല്‍കി, ബില്യന്‍ കണക്കിന് ഡോളര്‍ വിദേശ നിക്ഷേപം ലഭ്യമാക്കി, സര്‍ക്കാരിന് പതിനായിരക്കണക്കിന് കോടി രൂപ വരുമാനവും നേടിക്കൊടുക്കുന്നു. സ്വകാര്യ നിക്ഷേപങ്ങളും അടിസ്ഥാനസൗകര്യ വികസനവും ഉള്‍പ്പെട്ട ഒരു നല്ല വികസന മാതൃകയായിരുന്നു അത്. എന്നിരിക്കിലും ഏറ്റവും ഒടുവിലത്തെ സമഗ്ര ടെലികോം നയം കൊണ്ടുവന്നത് 1999ലെ അടല്‍ജിയുടെ സര്‍ക്കാരാണ്. ഇന്ന് നമ്മുടെ വ്യവസായവും സാമ്പത്തികവും ജീവിതവുമൊക്കെ മാറ്റിമറിച്ചുകൊണ്ട് ഇന്റര്‍നെറ്റും സാങ്കേതിക വിദ്യകളും വളര്‍ന്നിരിക്കുന്നു. ആഗോളതലത്തില്‍ ഇന്നവേഷന്‍ സൂപ്പര്‍ പവറാകാനും തൊഴിലുകള്‍ സൃഷ്ടിക്കാനും ഐസിടി മേഖല വലിയ സഹായമാകും. രാജ്യത്ത് ടെലികോം മേഖല സ്വകാര്യ സംരഭകര്‍ക്കായി തുറന്നു നല്‍കിയതിന്റെ 25-ാം വാര്‍ഷിക വേളയില്‍ ഒരു പുതിയ ദേശീയ ടെലികോം ആന്‍ഡ് ടെക്‌നോളജി നയം ആവിഷ്‌കരിക്കണമെന്ന് ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. നല്ലൊരു നയമുണ്ടായാല്‍ സാമ്പത്തികരംഗം താനേ മെച്ചപ്പെടുമെന്നതില്‍ സംശയം വേണ്ട.

ഒരു കാര്യം കൂടി പറഞ്ഞു കൊണ്ട് ചുരുക്കാം. ഇന്നിപ്പോള്‍ ദൃഢതയുള്ള പാളങ്ങളിന്മേലാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥയെ പ്രതിഷ്ടിച്ചിട്ടുള്ളത്. നിക്ഷിപ്ത താല്പര്യ വാഴ്ചയുടെ പതിറ്റാണ്ടുകള്‍ നീണ്ട ചരിത്രത്തെ അത് തിരുത്തിയെഴുതും. സര്‍ക്കാരുണ്ടെന്നു തന്നെ മറന്നു പോയവര്‍ക്കെല്ലാം വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു നല്ല സര്‍ക്കാര്‍ ഇവിടെ നിലവിലുണ്ടെന്ന ബോധ്യം വീണ്ടെടുത്ത് നല്‍കുകയാണ് ഇപ്പോള്‍. പതിറ്റാണ്ടുകളായി സര്‍ക്കാരിനാല്‍ വായ്മൂടിക്കെട്ടിയ ഒരു വലിയ വിഭാഗം ജനത അവരുടെ ശബ്ദവും ശക്തിയും വീണ്ടെടുക്കുകയാണ്. ”മരിച്ച ശീലങ്ങളുടെ മങ്ങിയ മണല്‍പ്പാളികളെ നമുക്ക് ഉപേക്ഷിക്കാം” എന്നാണല്ലോ ഡോ. മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ 2009ല്‍ പ്രസ്താവിച്ചത്. ഇപ്പോഴത് ജനങ്ങള്‍ തന്നെ അക്ഷരംപ്രതി പാലിച്ചിരിക്കുന്നു. അതിനാണല്ലോ അവര്‍ നരേന്ദ്രമോദി സര്‍ക്കാരിനെ വോട്ട് ചെയ്ത് അധികാരത്തിലേറ്റിയത്.

ശ്രീ ചിദംബരം പലയാവര്‍ത്തി മുഖ്യ സാമ്പത്തികോപദേഷ്ടാവിനെയും സാമ്പത്തിക സര്‍വ്വേയും കുറിച്ച് പരാമര്‍ശിച്ചല്ലോ. എന്നാല്‍ 2011ല്‍ മുഖ്യ സാമ്പത്തികോപദേഷ്ടാവ് പറഞ്ഞത് ഞാനിവിടെ ഉദ്ധരിക്കട്ടെ, ”വിശ്വാസത്തിന്റെയും സത്യസന്ധതയുടെയും സംസ്‌കാരം വളര്‍ന്നാല്‍ മാത്രമെ ഭാരതത്തിന് വേഗത്തില്‍ വളരാനും ഒരു നല്ല സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാനും കഴിയുകയുള്ളൂ. നിയമം നടപ്പാക്കേണ്ടവര്‍ തന്നെ നിയമവഞ്ചന നടത്തുന്ന പക്ഷം അവര്‍ക്ക് സര്‍ക്കാര്‍ വേതനം ലഭിക്കില്ലെന്ന് ഉറപ്പാക്കുന്ന നയം രൂപീകരിച്ചാല്‍ മാത്രമെ അഴിമതിയെ വേരോടെ പിഴുതുമാറ്റാന്‍ കഴിയൂ”.

സര്‍, ആ ഉപദേശം എന്തായാലും ഈ സര്‍ക്കാര്‍ അനുസരിച്ചിട്ടേയുള്ളൂ, കാരണം അങ്ങനെയുള്ള ഒരു സര്‍ക്കാരാണിത്.

നന്ദി.

ജയ് ഹിന്ദ്!

ട്രിനിറ്റി സ്‌കൂളിലെ പ്രിന്‍സിപ്പലിനെതിരെ നടപടി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button