കൊച്ചി : നടിയെ ഉപദ്രവിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിക്കു പിന്‍വാതിലിലൂടെ ജയില്‍ അടുക്കളയിലെ സ്‌പെഷല്‍ വിഭവങ്ങള്‍. ഉദ്യോഗസ്ഥരുടെ മീന്‍കറി അടിച്ചുമാറ്റി സുനിക്കു നല്‍കാന്‍ ശ്രമിച്ച സഹതടവുകാരനെ കയ്യോടെ പിടികൂടി. അടുക്കളയ്ക്കു ചേര്‍ന്നുള്ള സെല്ലില്‍ കഴിയുന്ന സുനിക്ക് പതിവായി സ്‌പെഷല്‍ വിഭവങ്ങള്‍ ആരുമറിയാതെ നല്‍കിയിരുന്ന തടവുകാരനെയാണു ജയില്‍ അധികൃതര്‍ പിടികൂടിയത്. ഉദ്യോഗസ്ഥര്‍ക്കു വേണ്ടി തയാറാക്കിയ മീന്‍കറി അഴികള്‍ക്കിടയിലൂടെ കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണു പിടിവീണത്. അടുക്കളയുടെ ചുമതലയുണ്ടായിരുന്ന ഇയാളെ ഈ ചുമതലയില്‍നിന്നു നീക്കി.
വിയ്യൂര്‍ ജില്ലാ ജയിലില്‍ കഴിയുന്ന സുനിക്ക് വഴിവിട്ട സഹായങ്ങള്‍ കിട്ടുന്നുണ്ടെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണു സുനിയുടെ കൂട്ടുകാരന്‍ പിടിക്കപ്പെട്ടത്. ഹഷീഷ് കടത്തുകേസിലെ പ്രതിയാണിയാള്‍. സുനിയുടെ അഭിഭാഷകന്റെ സുഹൃത്താണ് ഇയാള്‍ക്കു വേണ്ടി ഹാജരാകുന്നതെന്നാണു വിവരം. ഒരു മാസം മുന്‍പ് രണ്ടുപേരുടെയും അഭിഭാഷകര്‍ ജയിലിലെത്തി ഒരു മണിക്കൂറിലേറെ ഇവരുമായി കൂടിക്കാഴ്ച നടത്തി.
സ്ഥിരം കൂടിക്കാഴ്ചാ സ്ഥലം ഒഴിവാക്കി, ഓഫിസ് മുറിയില്‍ ഇവര്‍ക്കു കൂടിക്കാഴ്ചയ്ക്കു ചില ഉദ്യോഗസ്ഥര്‍ സൗകര്യമൊരുക്കി. അന്നു മുതലാണു സുനിക്കു പ്രത്യേക സൗകര്യങ്ങള്‍ ജയിലില്‍ ലഭിച്ചു തുടങ്ങിയതെന്ന് ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. തടവുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരേ അടുക്കളയിലാണു ഭക്ഷണം പാകംചെയ്യുന്നതെങ്കിലും പാചകരീതി ഒന്നല്ല. തടവുകാര്‍ക്കുള്ള മീന്‍കറിയില്‍, പുഴുങ്ങിയ മീനും ചാറും വെവ്വേറെയാണു നല്‍കുന്നത്. മീന്‍ കഷണത്തിന്റെ എണ്ണം തെറ്റാതിരിക്കാനും ഉടഞ്ഞുപോയെന്നു തടവുകാര്‍ പരാതിപ്പെടാതിരിക്കാനുമാണ് ഈ രീതിയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. രണ്ടായി കൊടുക്കുന്നതിനാല്‍ മീന്‍കറിക്കു വലിയ രുചിയുണ്ടാകില്ല. എന്നാല്‍, ഉദ്യോഗസ്ഥര്‍ക്കു വേണ്ടി മീന്‍കറിയുള്‍പ്പെടെ എല്ലാ വിഭവങ്ങളുമുണ്ടാക്കുന്നതു രുചികരമായ രീതിയിലാണ്. ഈ വിഭവങ്ങളാണു സുനിക്കു കൂട്ടുകാരന്‍ അഴികള്‍ക്കിടയിലൂടെ നല്‍കിയിരുന്നത്.
ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ അടുക്കളയുടെ തൊട്ടുപിന്നിലുള്ള സെല്‍ തന്നെ സുനി സംഘടി പ്പിക്കുകയും ചെയ്തിരുന്നു. തടവുകാര്‍ക്കു സൗകര്യങ്ങള്‍ നല്‍കുന്നതു സംബന്ധിച്ചു വിയ്യൂര്‍ ജയിലില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കവും വാക്കേറ്റവും പതിവാണ്. ഇതിന്റെ ഫലമായാണു സുനിക്കു സ്‌പെഷല്‍ വിഭവങ്ങള്‍ നല്‍കിയ തടവുകാരനെ പിടികൂടിയത്.
Post Your Comments