കോതമംഗലം : മാതിരപ്പിള്ളിയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്നു മോഷ്ടിക്കാൻ ശ്രമിച്ചയാളെ വീട്ടിലുണ്ടായിരുന്ന വിദ്യാർത്ഥിനി കുടുക്കി. നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയ കള്ളനെ പൊലീസിനു കൈമാറുകയും ചെയ്തു. ഈരാറ്റുപേട്ട മുണ്ടക്കപ്പറമ്പിൽ ഫൈസലിനെ (38) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ മൂന്നരയോടെ മാതിരപ്പിള്ളി ക്ഷേത്രപ്പടിയിൽ വാടകയ്ക്കു താമസിക്കുന്ന കൊച്ചുകുടി ഗോപിയുടെ വീട്ടിലായിരുന്നു സംഭവം.
സംഭവ സമയത്ത് കോളേജ് വിദ്യാർത്ഥിനിയായ ഗോപിയുടെ മകൾ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ആദ്യം പ്രതി കോളിംഗ് ബെല്ലടിച്ചു വീട്ടിൽ കടക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ കതക് തുറക്കാതായതോടെ ഇയാൾ വീടിന്റെ പിന്നാമ്പുറത്ത് ഉള്ള വാതിൽ തകർത്ത് അകത്തു കടക്കുകയായിരുന്നു. ആരോ വീട്ടിനുള്ളിൽ കയറിയെന്നു മനസ്സിലാക്കിയ വിദ്യാർഥിനി പെട്ടെന്ന് തന്നെ പുറത്തിറങ്ങി മുൻവശത്തെ വാതിൽ പൂട്ടിയശേഷം അയൽവാസികളെ വിളിച്ചുകൂട്ടി.
അതിനുള്ളിൽ ഇയാൾ വീട്ടിലുണ്ടായിരുന്ന അലമാര കുത്തി തുറന്നിരുന്നു. ആളുകൾ ഓടിക്കൂടിയപ്പോഴേക്കും മോഷ്ടാവ് ഓടിക്കളഞ്ഞു. നാട്ടുകാർ നടത്തിയ തിരച്ചിലിലാണ്, സമീപത്തെ തോട്ടിൽ ഒളിച്ചിരുന്ന ഇയാളെ പിടികൂടിയത്. അറസ്റ്റിലായ ഫൈസൽ വിവിധ സ്റ്റേഷനുകളിൽ പത്തോളം കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
Post Your Comments