കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് വലിയ സ്വപ്നങ്ങളൊന്നുമില്ല. അനൂകുല്യങ്ങൾ നൽകിയില്ലെങ്കിലും ശമ്പളവും പെൻഷനും മുടങ്ങാതെ കിട്ടിയാൽ അത് തന്നെ ഭാഗ്യം. കാരണം അടുത്തമാസം ശമ്പളം കിട്ടുമോയെന്നത് കണ്ടറിയാനെ കഴിയു. യാതൊരു ഉറപ്പും ഇക്കാര്യത്തിൽ മാത്രം ആർക്കും നല്‍കാനില്ല.
ജീവിതത്തിന്റെ നല്ല ഭാഗം കെ.എസ്.ആർ.ടി.സി യുടെ വളയം പിടിച്ചവർ മരുന്നിനും ആഹാരത്തിനുമായി യാചിച്ചത് കഴിഞ്ഞ 5 മാസമായി സംസ്ഥാനം കണ്ടതാണ്. വഴിമുട്ടിയ ഒരുപാട് ജീവിതങ്ങൾ, കടക്കെണിയിലായ നിരവധി മനുഷ്യർ. മരുന്നിനും ഒരു നേരത്തെ ആഹാരത്തിന് പോലും തെണ്ടേണ്ടിവന്നവർ.
കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ ഗതികെട്ട് ജീവനോടുക്കിയത് 15 പേർ. കെ.എസ്.ആർ.ടി.സിയിലെ സേവനത്തിന് അവർക്ക് കിട്ടിയ പ്രതിഫലം അതായിരുന്നു. തെരുവിലേക്ക് ഇറങ്ങേണ്ടിവന്ന നിരവധി കുടുംബങ്ങൾക്ക് കാരണമായത് സർക്കാർ തന്നെയല്ലേ? ജീവിതത്തിന്റെ അവസാന കാലം മരുന്നും ആഹാരവുമില്ലാതെ അവർ അലഞ്ഞത് സർക്കാർക്കാരിന്റെ വീഴ്ചയല്ലേ? ജീവനൊടുക്കിയ ജീവനക്കാരുടെ മരണത്തിന് സർക്കാർ ഉത്തരം പറയണ്ടെ ?
സർക്കാർ മൗനംപാലിച്ചു, 15കുടുംബങ്ങൾ അനാഥമായി. 38000ത്തിലേറെ ആളുകൾ ജീവിതം വഴുമുട്ടിയ അവസ്ഥയിൽ ഇന്നും തുടരുന്നു. 5 മാസത്തെ പെൻഷൻ മുടങ്ങിയതോടെ ചികിത്സയും മരുന്നും മുടങ്ങി മരണപ്പെട്ടവരുമുണ്ട്. ഇതെല്ലം സർക്കാർ അലംഭാവത്തിന്റെ ഫലമാണ്. ജീവിതം വഴിമുട്ടിയവർ ജീവൻ കളഞ്ഞു. എന്നിട്ടും അനങ്ങിയില്ല സംസ്ഥാന സർക്കാർ. കഴിഞ്ഞ ദിവസവും 2 ജീവനക്കാർകൂടി ജീവനൊടുക്കിയതോടെയാണ് സർക്കാർ പ്രശ്നം എങ്ങനേയും പരിഹരിക്കണമെന്ന് തീരുമാനിച്ചത്. ഈ തീരുമാനം എടുക്കാൻ സർക്കാർ വൈകിയത് 5മാസം. ഇതിന് ബലിയായത് 15ജീവനും.
കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ അഞ്ചുമാസത്തെ പെന്‍ഷന്‍ കുടിശികയായ 254 കോടിരൂപ സഹകരണബാങ്കുകള്‍ വഴി വായ്പ നല്‍കാനുളള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് ഏറ്റവും ഒടുവിൽ സർക്കാർ നൽകുന്ന മറുപടി. മാര്‍ച്ച് ആദ്യവാരം കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മുഴുവന്‍ പെൻഷനും കൊടുത്തു തീര്‍ക്കുമെന്ന സർക്കാരിന്റെ ഉറപ്പിലാണ് ഇന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ. ഇനിയും ഇവർക്ക് പെൻഷന് വേണ്ടി സ്വന്തം ജീവിതം ബലി നൽകേണ്ടി വരാതിരിക്കട്ടെ.
Post Your Comments