മാലദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അബ്ദുള്ള യമീന്റെ നടപടിക്കെതിരേ ഇന്ത്യ ഇടപെടുമെന്ന പ്രതീക്ഷയിലാണ് അവിടുത്തെ ജനങ്ങളും പ്രതിപക്ഷവും. എന്നാല്‍, അടുത്തിടെ യമീനുമായി ചങ്ങാത്തം സ്ഥാപിച്ച ചൈന ഇന്ത്യയുടെ ഇടപെടല്‍ അനുവദിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ‘തടവിലായ സുപ്രീം കോടതി ജഡ്ജിമാരെയും മുന്‍പ്രസിഡന്റ് മൗമൂന്‍ അബ്ദുള്‍ ഗയൂമിനെയും മോചിപ്പിക്കുന്നതിന് നിങ്ങളുടെ സൈനിക പിന്തുണയോടെ ഒരു പ്രതിനിധിയെ മാലദ്വീപിലേക്ക് അയക്കണം’ ഇക്കഴിഞ്ഞ ദിവസം മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ട്വിറ്ററില്‍ കുറിച്ച അഭ്യര്‍ത്ഥയാണിത്.
ഇന്ത്യയോടാണ് നഷീദിന്റെ അഭ്യര്‍ത്ഥന. അതിനൊരു കാരണവും ഇന്നലെ അദ്ദേഹം മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി. ‘1988-ല്‍ ഇതുപോലൊരു പ്രതിസന്ധിയുണ്ടായപ്പോള്‍ ഇന്ത്യന്‍ സേനയെത്തി. പ്രശ്നം പരിഹരിച്ചു. അവര്‍ തിരിച്ചുപോയി. പിടിച്ചെടുക്കുന്നവരല്ല, സ്വതന്ത്രമാക്കുന്നവരാണ് ഇന്ത്യന്‍ സേന’. എന്നായിരുന്നു അദ്ദേഹത്തിൻറെ വൈകാരിക കുറിപ്പ്. ഇപ്പോള്‍ തടവിലായ മൗമൂന്‍ അബ്ദുള്‍ ഗയൂമായിരുന്നു 1988-ല്‍ പ്രസിഡന്റ്. ശ്രീലങ്കന്‍ തമിഴ് തീവ്രവാദികളുടെ സഹായത്തോടെ നടന്ന അട്ടിമറി ശ്രമമാണ് അന്ന് ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയത്. എന്നാല്‍, ഇപ്പോള്‍ സമാനമല്ല സാഹചര്യങ്ങള്‍.
മാലദ്വീപില്‍ ഇന്ത്യ ഇടപെട്ടാല്‍ അത് മേഖലയിലെ സമാധാന ജീവിതത്തെ മുഴുവന്‍ തകിടംമറിക്കുമെന്ന് ഇന്ത്യക്കുറപ്പുണ്ട്. 30 വര്‍ഷം മുമ്ബ് ഇന്ത്യയെ മാത്രം ആശ്രയിച്ചാണ് മാലദ്വീപ് നിന്നിരുന്നതെങ്കില്‍, ഇന്ന് ചൈനയാണ് അവിടുത്തെ ഭരണാധികാരികളുടെ ചങ്ങാതി. ഇക്കാലമത്രയും മാലദ്വീപിലെ കാര്യങ്ങളില്‍ ഇന്ത്യക്കുണ്ടായിരുന്ന നിയന്ത്രണത്തെയാണ് ഇതിലൂടെ ചൈന ചോദ്യം ചെയ്തിരിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു.കടുത്ത ഇന്ത്യാ വിരുദ്ധനാണ് യമീന്‍. ചൈനയ്ക്ക് മാലദ്വീപില്‍ ഇടപെടാന്‍ അവസരമൊരുക്കിയയും യമീന്റെ ഇന്ത്യാവിരുദ്ധതയാണ്.
ഈ സാഹചര്യത്തിലാണ് മാലദ്വീപിലെ ഇന്ത്യന്‍ ഇടപെടലിനെ ചൈന എതിര്‍ക്കുന്നത്. ഇപ്പോഴത്തെ സ്ഥിതിവിശേഷം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ മാലദ്വീപിലെ നേതൃത്വത്തിനാകുമെന്ന് ഗെങ് ഷുവാങ് പറഞ്ഞു. എന്നാല്‍, പ്രശ്ന പരിഹാരത്തിനായി സര്‍വകക്ഷി ചര്‍ച്ച നടത്താന്‍ യമീനോട് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് ഷുവാങ് മറുപടി നല്‍കിയതുമില്ല.അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറസ് ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും യമീന്‍ വഴങ്ങിയിട്ടില്ല
Post Your Comments