നാഗര്‍കോവില്‍: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് പിതൃസഹോദര പുത്രിയെ വെട്ടിക്കൊന്നു. തമിഴ്‌നാട് തിരുച്ചി നമ്പര്‍ 1 ടോള്‍ ഗേറ്റിന് സമീപം കീരമംഗലം ഗ്രാമത്തില്‍ ശിവ സുബ്രഹ്മണ്യത്തിന്റെ മകള്‍ ഹേമലതയാണ് (28) കൊല്ലപ്പെട്ടത്. സംഭവത്തിനിടെ ശിവസുബ്രഹ്മണ്യത്തിനും ബന്ധുവായ വൈരവേലിനും വെട്ടേറ്റു. ഇരുവരും തിരുച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുച്ചി സ്വദേശിയായ ഒരു യുവാവുമായി ഹേമലതയുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് സംഭവം. ഹേമലതയെ വെട്ടിക്കൊലപ്പെടുത്തുകയും പിതാവിനെയും ബന്ധുവിനെയും വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്ത സത്യകുമാറിനായി പൊലീസ് തെരച്ചില്‍ ശക്തമാക്കി.
ഹേമലതയുടെ പിതൃസഹോദരനായ തിരുജ്ഞാനസംബന്ധത്തിന്റെ മകനാണ് ഇയാള്‍. ബി.എ പഠനം കഴിഞ്ഞ് സ്വകാര്യ മൊബൈല്‍ കമ്ബനിയില്‍ ജോലി ചെയ്തുവരികയായിരുന്നു ഹേമലത. ഏറെ നാളായി സത്യകുമാര്‍ വിവാഹ അഭ്യര്‍ത്ഥനയുമായി ഹേമലതയ്ക്ക് പിന്നാലെ കൂടിയിരുന്നു. സഹോദര സ്ഥാനീയനായതിനാല്‍ അത് സാദ്ധ്യമല്ലെന്ന് വ്യക്തമാക്കിയെങ്കിലും ഇയാള്‍ പിന്‍മാറാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഹേമലതയെ നിരന്തരം ഭീഷണിപ്പെടുത്തിവരികയായിരുന്നു.
ഇത് ഇരുവീട്ടുകാരും തമ്മില്‍ പിണക്കത്തിനും കാരണമായി. ഹേമലതയുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞ് ഇന്നലെ അരിവാളുമായി അവരുടെ വീട്ടിലെത്തിയ സത്യകുമാര്‍ ശിവസുബ്രഹ്മണ്യവുമായി വഴക്കുണ്ടാക്കി. വഴക്കിനിടെ ശിവസുബ്രഹ്മണ്യത്തിന്റെ കൈയ്ക്ക് വെട്ടുന്നത് കണ്ട് തടയാന്‍ ശ്രമിച്ച ഹേമലതയെ ഇയാള്‍ കഴുത്തില്‍ വെട്ടി വീഴ്ത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ബന്ധവും അയല്‍വാസിയുമായ വൈരവേലിനെയും വെട്ടിയശേഷം സത്യകുമാര്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. വെട്ടേറ്റ മൂവരെയും തിരുച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹേമലതയെ രക്ഷിക്കാനായില്ല. സത്യകുമാരിനായി തെരച്ചില്‍ ശക്തമാക്കിയതായി ചമയപുരം സി.ഐ ജ്ഞാനവേലന്‍ അറിയിച്ചു.
Post Your Comments