ഹുവാലിന്‍ : ഭൂമിയുടെ അടിയിലേയ്ക്ക് 12 നില കെട്ടിടെ താഴ്ന്നു പോയി. നൊടിയിടയില്‍ എല്ലാം കഴിഞ്ഞു. സെക്കന്റുകള്‍ക്കുള്ളിലായിരുന്നു എല്ലാം കഴിഞ്ഞത്. ‘ഭൂമിയിലേക്ക് ഒന്നാംനില മുങ്ങിത്താഴുന്നതു പോലെയായിരുന്നു ആ കാഴ്ച. പിന്നാലെ ബാക്കി രണ്ടു നിലകളും.. കെട്ടിടം ഒരു വശത്തേക്ക് വീഴുന്നതും കണ്ടു. അപ്പോഴേക്കും നാലാം നിലയ്ക്കു മുകളിലേക്കു മാത്രംകാണാവുന്ന വിധത്തില്‍ ഭൂമിയിലേക്ക് ആഴ്ന്നിരുന്നു കെട്ടിടം…’ തായ്വാനിലെ ഹുവാലിനിലുണ്ടായ ഭൂകമ്പത്തിന്റെ നേരനുഭവം പങ്കുവയ്ക്കുകയായിരുന്നു മുപ്പത്തിയഞ്ചുകാരനായ ലു ചി-സോന്‍.
ലു താമസിച്ച കെട്ടിടത്തില്‍നിന്നു മാത്രം രക്ഷപ്പെടുത്തിയത് ഇരുപതോളം പേരെ. ഏതു നിമിഷവും നിലംപതിയ്ക്കാവുന്ന വിധത്തിലുള്ള ഈ 12 നില കെട്ടിടം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം. അടിത്തറ ഉള്‍പ്പെടെ പൂര്‍ണമായും ഭൂമിയിലേക്ക് അമര്‍ന്ന നിലയിലാണു കെട്ടിടം. അപാര്‍ട്‌മെന്റ് കൂടാതെ ഇവിടെ റസ്റ്ററന്റും കടകളും ഹോട്ടലുകളുമെല്ലാമുള്ളത് ആശങ്ക ഉയര്‍ത്തുന്നു.
റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഔദ്യോഗിക കണക്കനുസരിച്ച് ഇതുവരെ അഞ്ചുപേര്‍ മരിച്ചു. 247 പേര്‍ക്കു പരുക്കേറ്റു. ഒട്ടേറെ പേരെ കാണാതായിട്ടുണ്ട്. തൊള്ളായിരത്തോളം പേര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ്. രണ്ടായിരത്തോളം വീടുകളില്‍ വൈദ്യുതിബന്ധം മുറിഞ്ഞു. ചെരിഞ്ഞു നിലംപതിക്കാറായ അവസ്ഥയിലുള്ള കെട്ടിടങ്ങളില്‍നിന്ന് അതീവ സാഹസികമായാണു രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.
മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നു രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍നിന്നു മൃതദേഹങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഭൂകമ്പത്തിനു പിന്നാലെ നൂറോളം ചെറിയ തുടര്‍ പ്രകമ്പനങ്ങളുണ്ടായതും രൂക്ഷത വര്‍ധിപ്പിച്ചു.
‘അപാര്‍ട്‌മെന്റില്‍ കിടക്കുകയായിരുന്നു ഞാന്‍. പെട്ടെന്ന് കട്ടില്‍ കുത്തനെ നില്‍ന്നു. ഭൂകമ്പമാണെന്നറിഞ്ഞതോടെ രക്ഷയ്ക്കു വഴി തേടി. കെട്ടിടം ചെരിഞ്ഞു നില്‍ക്കുകയായിരുന്നു. ഒരു വിധം ബാല്‍ക്കണി വഴി രക്ഷപെട്ടു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ഇത്തരമൊരു ഭൂചലനം ഉണ്ടായിട്ടില്ല.’- എണ്‍പതു വയസ്സുകാരി ചെന്‍ ചിന്‍-വെയ് പറയുന്നു.
തായ്വാനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണു ഹുവാലിന്‍. ഇതുവരെ 17 ടൂറിസ്റ്റുകള്‍ മെഡിക്കല്‍ സഹായം തേടിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 1999ലായിരുന്നു ഇതിനുമുന്‍പു തായ്വാനെ തകര്‍ത്ത ഭൂകമ്പം. അന്ന് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 2400ലേറെപ്പേരാണു കൊല്ലപ്പെട്ടത്.
Post Your Comments