കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ആക്രമണമെന്ന വാർത്ത വായിച്ചപ്പോൾ ഉള്ളിൽ അമർഷവും വ്യസനവുമൊക്കെ തോന്നിയെന്നതു നേര്… അത് കവിക്കെതിരെ കൈയേറ്റമുണ്ടായിയെന്ന തരത്തിൽ വാർത്തകൾ വന്നപ്പോഴായിരുന്നു.പക്ഷേ പിന്നീടാണറിഞ്ഞത് അത് കൈയേറ്റമായിരുന്നില്ല പകരം വാക്കുകൾ കൊണ്ടുളള ആക്രമണമായിരുന്നുവെന്ന്.. കുരീപ്പുഴ കവിതകൾ ഏറെയിഷ്ടമാണ്.. ആഴത്തിൽ സ്പർശിക്കാൻ കഴിയുന്ന കവിതയെഴുത്താണ് അദ്ദേഹത്തിന്റേത്. ഒരു തീപ്പൊരിയായി ഉള്ളിൽ കിടന്ന് മെല്ലെ മെല്ലെ കത്തിപ്പടരാൻ ശേഷിയുളളതാണ് അദ്ദേഹത്തിന്റെ വരികൾ.. എന്നിരുന്നാലും ഒരു കാര്യം പറയാതെ വയ്യ.. സമൂഹത്തിൽ അരാജകത്വം ഉണ്ടാക്കേണ്ടവനല്ല കവി.. നേരിന്റെ വക്താവാകണം കവി.. കക്ഷി രാഷ്ട്രീയത്തിനും മത ചിന്തകൾക്കുമതീതനാകണം കവി.. കാലാകാലങ്ങളായി ശ്രീകുമാറിലെ കവി സാമൂഹ്യ വിഷയങ്ങളിൽ സജീവമായി പ്രത്യേകിച്ചും ദളിത് വിഷയങ്ങളിൽ ഇടപെടുകയും വരികളാകുന്ന അഗ്നി ശരങ്ങൾ കൊണ്ട് പൊളളലേൽപ്പിക്കുന്നുവെന്നതും പ്രശംസാർഹമെങ്കിലും പലപ്പോഴും അദ്ദേഹം ഒരു പ്രത്യേക രാഷ്ട്രീയവിഭാഗത്തിന്റെ വക്താവാകുന്നുവെന്നതും ചേർത്തു വായിക്കപ്പെടണം.. രാഷ്ട്രീയ സ്വാതന്ത്ര്യം ഏവർക്കുമാകാമെങ്കിലും സമൂഹത്തിലെ ഉയർന്ന ചിന്താ ശ്രേണിയിൽ ഉൾപ്പെടുന്ന ഒരു കവി ഹിന്ദുത്വത്തിനെതിരെയും ആർ എസ്സ് എസ്സിനെതിരെയും മാത്രം തൂലിക ചലിപ്പിക്കുന്നത് ആരെ സന്തോഷിപ്പിക്കാനാണ്??അന്ധമായ ഈശ്വരവിശ്വാസം സമൂഹത്തിൽ എത്രമാത്രം അരാജകത്വവും അനീതിയും ഉണ്ടാക്കുന്നുണ്ടോ അത്രമേൽ അപകടകരമാണ് അന്ധമായ രാഷ്ട്രീയവിശ്വാസവും.. അതുപോലെ തന്നെ അപകടകരമാണ് അന്ധമായ നാസ്തിക ചിന്തയും..
ഇന്ന് കേരളത്തിൽ കാണപ്പെടുന്ന പുതിയ ബുദ്ധിജീവി പരിവേഷമെന്തെന്നാൽ ഇടതുപക്ഷ സ്തുതികൾ പാടുന്നതിനൊപ്പം നമ്മുടെ സാംസ്കാരിക പാരമ്പര്യങ്ങളെയും ആചാരങ്ങളെയും അവഹേളിച്ചു കൊണ്ട് ഉറക്കെയുറക്കെ പ്രസംഗിക്കുകയും കവിതയെഴുതുകയും ചെയ്യുകയെന്നതു കൂടിയാണ്. ഹിന്ദു മതത്തെ അവഹേളിക്കുന്നതിൽ ഗവേഷണം നടത്തുന്ന ഇക്കൂട്ടർ ഇതര മതങ്ങളിലെ കൊള്ളരുതായ്മകളെ കണ്ടില്ലെന്നു നടിക്കുന്നു.. വിമർശനം ഒരു പ്രത്യേക മതവിഭാഗത്തിനോടോ രാഷ്ട്രീയ വിഭാഗത്തിനോടോ മാത്രമാകുന്നവരെങ്ങനെ സാഹിത്യകാരനോ കവിയോ ആകും…? അതിനെ ചൂണ്ടി കാണിച്ചു ചോദ്യം ചെയ്യുന്നവർ ഫാസിസ്റ്റുകളും .. എന്താ ചിന്താഗതി!
ഇനി അസഹിഷ്ണുതയുടെ കാര്യം… പർദ്ദയെന്ന കവിതയെഴുതിയ പവിത്രൻ തീക്കുനിയും കവിയായിരുന്നു… അദ്ദേഹം നേരിട്ട ആക്രമണത്തിന്റെ പേര് സഹിഷ്ണുത എന്നായിരുന്നോ? പയ്യന്നൂരിൽ സഖാക്കൾക്കെതിരെ പ്രസംഗിച്ച സഖറിയയ്ക്കുമുണ്ടായിരുന്നു അഭിപ്രായ സ്വാതന്ത്ര്യം…. 2010 ൽ അന്നദ്ദേഹത്തെ ആക്രമിക്കുമ്പോൾ എവിടെയായിരുന്നു ഈ പറഞ്ഞ സഹിഷ്ണുത??അന്ന് ഇടതുപക്ഷമെന്ന ഹൃദയപക്ഷമെന്തു കൊണ്ട് തല്ലി പ്രതികരിച്ചു??അപ്പോൾ കവിയായാലും സാഹിത്യകാരനായാലും കലാകാരനായാലും നാവുണ്ടെന്നു കരുതി എന്തും പറഞ്ഞാൽ തല്ലും അസഭ്യവും കിട്ടിയെന്നിരിക്കും. അതിനെ കുറിച്ച് പിന്നീട് പരിഭവിച്ചിട്ട് കാര്യമില്ല… കാണേണ്ടതേ കാണാവൂ കേൾക്കേണ്ടതേ കേൾക്കാവൂ പറയേണ്ടതേ പറയാവൂവെന്ന പഴമൊഴി ചിലയിടങ്ങളിലെങ്കിലും ചിലപ്പോൾ പ്രസക്തം…
You may also like: കുരീപ്പുഴ ഉമ്മാക്കി കണ്ടു പേടിച്ച് കവിത പിന്‍വലിച്ചു മാപ്പു പറയുകയുമെന്ന് ആരും പ്രതീക്ഷിക്കേണ്ട; കുരീപ്പുഴയെ പിന്തുണച്ച് അഡ്വ. എ ജയശങ്കര്‍
പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ റോയി മാത്യുവിന്റെ അഭിപ്രായത്തിൽ എതിര്‍ ശബ്ദങ്ങളെ അംഗീകരിക്കാത്തവര്‍ എല്ലാം തന്നെ ഫാസിസത്തിന്റെ വക്താക്കളാണ്. സക്കറിയയെ മര്‍ദ്ദിച്ചതിനെ ന്യായീകരിച്ച വ്യക്തിയാണ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ എന്നത് ഇന്നത്തെ കുരീപ്പുഴ സംഭവത്തിലെ അദേഹത്തിന്റെ പ്രതികരണവുമായി കൂട്ടി വായിക്കേണ്ടതാണ്. സഖറിയാ വിഷയത്തിൽ ഡി.വൈ.എഫ്.ഐയുടേത് സ്വാഭാവിക പ്രതികരണമെന്നായിരുന്നു അക്കാലത്തെ അദ്ദേഹത്തിന്റെ പ്രതികരണം. അങ്ങനെയെങ്കിൽ വിഗ്രഹം മാറ്റി കക്കൂസ് കുത്തണമെന്ന ആശയത്തിന്റെ വക്താവിനോടുളള ആർ എസ് എസിന്റെ പ്രതികരണവും സ്വാഭാവികം മാത്രം..
ചുവപ്പന്‍ അടി സ്വാഭാവികവും കാവി അസഭ്യംഅന്യായവുമാവുന്നിടത്താണ് അരാജകത്വവും ഇരട്ടത്താപ്പുമുള്ളത്.രണ്ടും ഫാസിസവും അന്യായവുമാണ്. രണ്ടും എതിർക്കപ്പെടണം.. അതാണ് യഥാർത്ഥ രാഷ്ട്രീയ പോരാളിക്ക് ചേർന്ന അഭിപ്രായ പ്രകടനം…
വടയമ്പാടി വിഷയത്തിൽ കവി പ്രതികരിച്ച രീതി ശരിയായോ എന്ന് വിലയിരുത്തി നോക്കിയാൽ മത സ്പർദ്ദ ഇളക്കിവിടാൻ അദ്ദേഹവും ഒരു കാരണമായിയെന്നത് മറയ്ക്കാനാവാത്ത സത്യമാണ്.. അതുപോലെ തന്നെ എറണാകുളത്തപ്പൻ വിഷയത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയെ മാത്രം ലാക്കാക്കി വാക്ശരങ്ങൾ തൊടുത്തുവിട്ട കവി നേരിന്റെ പക്ഷം കൈവിട്ടു കൊണ്ട് ഒരു സമുദായത്തിന്റെ വിശ്വാസത്തെ ഹനിച്ചത് തീരെ ശരിയായില്ല.. അവിശ്വാസികൾക്ക് അവരുടെ വിശ്വാസം എത്ര വലുതാണോ അതുപോലെ തന്നെ വലുതല്ലേ വിശ്വാസികൾക്ക് അവരുടെ വിശ്വാസവും.. ഹൈന്ദവദേവനെതിരെ നടത്തിയ പരാമർശം ഇതര മതങ്ങളുടെ ദൈവങ്ങൾക്കെതിരെ നടത്താൻ കുരീപ്പുഴയിലെ ക്രാന്തദർശിയായ കവിക്ക് കഴിയുമോ??മുഹമ്മദ് എന്ന് പരാമർശിച്ചതു കൊണ്ട് മാത്രം കൈ നഷ്ടപ്പെട്ടു പോയ ജോസഫ് മാഷിന്റെ നാട്ടിൽ ഒരു സമുദായത്തിന്റെ ദേവനെ മോശമായി പരാമർശിച്ച കവിയെ ഇത്രയല്ലേ ചെയ്തുള്ളുവെന്ന് നമുക്ക് ആശ്വസിക്കാം.. ആ അസഭ്യവർഷത്തെ ആവിഷ്കാര അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പറ്റിൽ ഉൾപ്പെടുത്താൻ കവിക്കും മറ്റുള്ളവർക്കും കഴിഞ്ഞാൽ മൊത്തത്തിൽ ഓം ശാന്തി ഓശാന….. അങ്ങനെയെങ്കിൽ എത്ര സുന്ദരസുരഭിലമായേനെ ഈ കൊച്ചു കേരളം..
Post Your Comments