ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പാകിസ്ഥാൻ യുവാവിനെ വിവാഹം കഴിക്കാൻ വേണ്ടി രാജ്യം വിട്ട രാജസ്ഥാൻ സ്വദേശിനി അഞ്ജുവിനെതിരെ ഭർത്താവ് അരവിന്ദ്. തങ്ങള്‍ വിവാഹമോചിതരല്ലെന്നും അതുകൊണ്ടു തന്നെ അഞ്‍ജുവിന് മറ്റൊരാളെ വിവാഹം കഴിക്കാൻ കഴിയില്ലെന്നും അരവിന്ദ് പറയുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡല്‍ഹി കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് അഞ്‍ജു പറയുന്നതെന്ന് വ്യക്തമാക്കിയ ഭർത്താവ്, ഇത് സംബന്ധിച്ച രേഖകളൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
‘അവൾ ഇപ്പോഴും എന്റെ ഭാര്യയാണ്. പിന്നെങ്ങനെ അവൾക്ക് മറ്റൊരാളെ വിവാഹം ചെയ്യാൻ കഴിയും? സർക്കാർ വിഷയം അന്വേഷിക്കണം’, അഞ്ജുവിന്റെ ഭർത്താവ് അരവിന്ദ് കുമാർ അൽവാറിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വ്യാജ രേഖകളും ഒപ്പും ഉപയോഗിച്ചാണോ അഞ്‍ജു യാത്ര ചെയ്തതെന്ന് അന്വേഷിക്കണമെന്നും, അതിനായി അവളുടെ പാസ്‌പോർട്ട്, വിസ തുടങ്ങിയ രേഖകൾ സർക്കാർ പരിശോധിക്കണമെന്നും ഭർത്താവ് ആവശ്യപ്പെട്ടു. തിരിച്ച് വന്നാൽ തന്നെ അഞ്‍ജുവുമായി ഒരു കുടുംബ ജീവിതം ഇനി തനിക്ക് സാധ്യമല്ലെന്ന് ഇയാൾ പറയുന്നു. അഞ്‍ജുവിനെ അമ്മയായി കാണാൻ തന്റെ മക്കളും ആഗ്രഹിക്കുന്നില്ലെന്ന് ഇയാൾ വ്യക്തമാക്കി.
അഞ്ജുവിന് മാനസിക വിഭ്രാന്തി ഉണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ജോലി കാരണം അവൾ പിരിമുറുക്കത്തിലായിരുന്നെന്നും എന്നാൽ അവൾ അത്തരമൊരു നടപടി സ്വീകരിക്കുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും അരവിന്ദ് പറഞ്ഞു. തങ്ങളുടേത് അറേഞ്ച്ഡ് മാര്യേജായിരുന്നുവെന്നും, അവൾക്ക് കുട്ടികൾ എന്ന് പറഞ്ഞാൽ ജീവനായിരുന്നുവെന്നും ഭർത്താവ് പറഞ്ഞു. എന്തെങ്കിലും ചെയ്യാൻ ഉദ്ദേശിച്ചാൽ അത് ഏത് വിധേനയും ചെയ്ത് തീർക്കാൻ ഉദ്ദേശിക്കുന്ന കൂട്ടത്തിലാണ് അഞ്‍ജുവെന്നും അരവിന്ദ് പറയുന്നു.
Post Your Comments