Latest NewsIndiaNews

കൂടുതല്‍ സ്ത്രീധനം നല്‍കിയില്ല; അപ്പന്റിക്‌സ് ഓപ്പറേഷന്റെ മറവില്‍ യുവതിയുടെ നീക്കം ചെയ്ത കിഡ്‌നി 2 ലക്ഷം രൂപയ്ക്ക് വിറ്റു : സിനിമാകഥയെ വെല്ലുന്ന സംഭവം

കൊല്‍ക്കത്ത: ആവശ്യപ്പെട്ട കൂടുതല്‍ സ്ത്രീധനം നല്‍കാത്തതിന് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയുടെ വൃക്ക മോഷ്ടിച്ചു. സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവിനേയും സഹോദരനേയും പശ്ചിമ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടത് നല്‍കാഞ്ഞതിനെ തുടര്‍ന്നാണ് യുവതിയുടെ വൃക്ക മോഷ്ടിച്ചത്. റിത സര്‍ക്കാര്‍ എന്ന യുവതിയുടെ വൃക്കയാണ് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മോഷ്ടിച്ചത്. അപ്പന്റിസ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയുടെ മറവില്‍ തന്റെ വൃക്ക അടിച്ചുമാറ്റിയെന്നാണ് യുവതിയുടെ പരാതി.

രണ്ട് വര്‍ഷം മുന്‍പാണ് യുവതിക്ക് അപ്പന്റിസ് ശസ്ത്രക്രിയ വേണ്ടി വന്നത്. കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ നേഴ്‌സിംഗ് ഹോമിലായിരുന്നു അപ്പന്റിസ് ശസ്ത്രക്രിയ. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷവും വയറ്റിലെ വേദനക്ക് മാറ്റമുണ്ടായില്ല. ഡോക്ടറെ കാണിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടുവെങ്കിലും റിതയുടെ ഭര്‍തൃവീട്ടുകാര്‍ ഇക്കാര്യം ചെവിക്കൊണ്ടില്ല. ഒടുവില്‍ മൂന്ന് മാസം മുന്‍പ് റിതയുടെ വീട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജിലാണ് യുവതിയെ വീട്ടുകാര്‍ കാണിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് ഒരു കിഡ്‌നി നഷ്ടപ്പെട്ടതായി വ്യക്തമായത്.

അപ്പന്റിസ് ശസ്ത്രക്രിയ നടത്തിയതിനെക്കുറിച്ച് ആരോടും പറയരുതെന്ന് റിതയുടെ ഭര്‍ത്താവ് ഇവരോട് പറഞ്ഞിരുന്നു. കിഡ്‌നി മോഷ്ടിച്ച വിവരം പുറത്തറിയാതിരിക്കാനാണ് ശസ്ത്രക്രിയാ വിവരം പുറത്ത് പറയരുതെന്ന് ഭര്‍ത്താവ് ശഠിച്ചതെന്നാണ് യുവതി സംശയിക്കുന്നത്. കിഡ്‌നി നഷ്ടപ്പെട്ടതായി വ്യക്തമായതിനെ തുടര്‍ന്ന് യുവതി തന്റെ ഭര്‍ത്താവ് ബിശ്വജിത്ത് സര്‍ക്കാര്‍, ഇയാളുടെ സഹോദരന്‍ ശ്യാംലാല്‍, അമ്മ ബുലാറാണി എന്നിവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനേയും സഹോദരനേയും അറസ്റ്റ് ചെയ്തു. ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത കിഡ്‌നി ഛത്തീസ്ഗഡ് സ്വദേശിയായ ഒരു വ്യവസായിക്ക് വിറ്റതായി ഇവര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ശസ്ത്രക്രിയ നടത്തിയ ആശുപത്രിയില്‍ പരിശോധന നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. കിഡ്‌നി റാക്കറ്റുമായി സംഘത്തിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button