ന്യൂഡല്‍ഹി•മുന്‍ കര്‍ണാടക കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.വൈ ഘോര്പ്പഡെയുടെ മകനുമായ കാര്‍ത്തിക് ഘോര്പ്പഡെയും സംസ്ഥാനത്തെ മറ്റൊരു കോണ്‍ഗ്രസ് നേതാവായ എം.വി ഗവിയപ്പയും ബി.ജെ.പിയില്‍ ചേര്‍ന്നു. മുതിര്‍ന്ന ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരും ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
അഴിമതിയില്‍ മുങ്ങിക്കുളിച്ച സിദ്ധരാമയ്യ സര്‍ക്കാരിനെ പുറത്താക്കേണ്ടത് അനിവാര്യതയായിരിക്കുകയാണെന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന് കൊണ്ട് കാര്‍ത്തിക് ഘോര്പ്പഡെ പറഞ്ഞു.
രാജകുടുംബത്തില്‍ നിന്നുള്ള ഘോര്പ്പഡെ ബി.ജെ.പിയില്‍ ചേരുന്നതിന് മുന്‍പ് ബി.ജെ.പി ആസ്ഥാനത്തെത്തി ദേശീയാധ്യക്ഷന്‍ അമിത് ഷായെ സന്ദര്‍ശിച്ചിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍, കേന്ദ്ര മന്ത്രിമാരായ അനന്ത് കുമാര്‍, ഡി.വി സദാനന്ദ ഗൗഡ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഘോര്പ്പഡെ ബി.ജെ.പപി അംഗത്വം സ്വീകരിച്ചത്.
കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് ഘോര്പ്പഡെയ്ക്ക് വലിയ ജനപിന്തുണയാണ് ഉള്ളതെന്ന് ബി.ജെ.പിയുടെ കര്‍ണാടക തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. അദ്ദേഹത്തോടൊപ്പം ആയിരക്കണക്കിന് അനുയായികളും ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്. കര്‍ണാടകയില്‍ കാറ്റ് കോണ്‍ഗ്രസിന് അനുകൂലമായാണ് വീശുന്നതെന്നും ജാവ്ദേക്കര്‍ പറഞ്ഞു.
സ്വാതന്ത്ര്യം കിട്ടിയ നാളുമുതല്‍ തന്റെ കുടുംബം കോണ്‍ഗ്രസിന് ഒപ്പമാണെന്ന് ഘോര്പ്പഡെ പറഞ്ഞു. പക്ഷേ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉള്‍ക്കാഴ്ചയില്‍ നിന്നുണ്ടായ പ്രചോദനത്തെ തുടര്‍ന്നാണ് താന്‍ ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments