Latest NewsNewsIndia

മകളുടെ കന്യാദാനം നടത്തുന്ന ഒരമ്മയുടെ ചിത്രം വൈറല്‍ : പങ്കാളി കൂടെയില്ലാത്തവര്‍ക്ക് ഇത് മാതൃക

ചെന്നൈ : ഒരു പെണ്‍കുട്ടിയെ വിവാഹവേദിയില്‍ കൈപിടിച്ചു കൊടുക്കുന്നത് അവളുടെ അച്ഛനാണ്. അച്ഛന്റെ അഭാവത്തില്‍ പെണ്‍കുട്ടിയുടെ അമ്മാവന്മാരോ ആങ്ങളയോ ആ കടമ നിര്‍വഹിക്കും. വര്‍ഷങ്ങളായി പിന്തുടര്‍ന്നു പോരുന്ന ആചാരമാണിത്. എന്നാല്‍ ഒരമ്മ മകളുടെ കന്യാദാനം നടത്തുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

അമ്മയുടെ പേര് രാജേശ്വരി ശര്‍മ്മ. വിവാഹച്ചിത്രങ്ങളെടുക്കാനെത്തിയ ഫൊട്ടോഗ്രാഫറിലൂടെയാണ് മകളുടെ കന്യാദാനം നടത്തുന്ന അമ്മയെക്കുറിച്ച് ലോകമറിഞ്ഞത്. 17 വര്‍ഷങ്ങള്‍ക്കു മുമ്പ് ഭര്‍ത്താവുമായി വേര്‍പെട്ടു താമസിക്കുന്ന രാജേശ്വരിയും മക്കളും ആസ്‌ട്രേലിയയിലാണ് താമസം.

ഈ കാലമത്രയും കുഞ്ഞുങ്ങളെ വളര്‍ത്തിയതും പഠിപ്പിച്ചതുമെല്ലാം രാജേശ്വരി ഒറ്റയ്ക്കാണ്. ഒരു ആസ്‌ട്രേലിയന്‍ പൗരനെ മകള്‍ജീവിത പങ്കാളിയായി തിരഞ്ഞെടുത്തപ്പോള്‍ ആ അമ്മ എതിര്‍ത്തില്ല. മകള്‍ക്കു മുന്നില്‍ വെച്ചത് ഒരു നിബന്ധന മാത്രം. വിവാഹം പരമ്പരാഗത ഹിന്ദു ആചാരപ്രകാരം നടത്തണം.

അങ്ങനെ അവര്‍ ചെന്നൈയിലെത്തുകയും പരമ്പരാഗതമായ ആചാരപ്രകാരം വിവാഹം നടത്തുകയും ചെയ്തു. മകളെ മടിയിലിരുത്തി കന്യാദാനം നടത്തിയത് രാജേശ്വരി തന്നെയാണ്. മക്കളുടെ വളര്‍ച്ചയുടെ ഓരോഘട്ടത്തിലും അവര്‍ക്കുവേണ്ടി കഷ്ടപ്പെട്ടതാന്‍ എന്തിനു മകളുടെ വിവാഹസമയത്ത് മാറിനില്‍ക്കണം എന്നാണ് അവര്‍ ചിന്തിച്ചത്. മക്കളുടെയും അഭിപ്രായം അതു തന്നെയായിരുന്നു. തങ്ങളെ കഷ്ടപ്പെട്ടുവളര്‍ത്തിയ അമ്മയെ മാറ്റിനിര്‍ത്തി യാതൊരു സന്തോഷവും വേണ്ടെന്ന് അവരും തീരുമാനിച്ചപ്പോള്‍ ആ അമ്മ തന്നെ മകളെ കൈപിടിച്ചു നല്‍കി.

പങ്കാളി കൂടെയില്ലാതെ കുട്ടികളടങ്ങുന്ന കുടുംബത്തെ മുന്നോട്ടുകൊണ്ടു പോകുന്നവര്‍ക്ക് ഈ അമ്മയെ നന്നായി മനസ്സിലാക്കാന്‍ കഴിയുമെന്നു പറഞ്ഞുകൊണ്ടാണ് ലോകം ഈ അമ്മയെ അഭിനന്ദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button