ന്യൂഡല്‍ഹി: കുപ്രസിദ്ധിയാര്‍ജിച്ച നേവല്‍ വാര്‍ റൂം ലീക്ക് കേസില്‍ (െസെനിക രഹസ്യം ചോര്‍ത്തല്‍) പുറത്താക്കിയ കശ്യപ് കുമാറിനെതിരേയുള്ള കേസ് സി.ബി.ഐ. ഒരു പതിറ്റാണ്ടിനുശേഷം അവസാനിപ്പിച്ചു. അദ്ദേഹത്തിനെതിരേ ഒന്നും കണ്ടെത്താനായില്ലെന്നാണു കേസ് അസാനിപ്പിച്ചുകൊണ്ടു കേസിന്റെ വാദം കേട്ട കോടതിയിലും ഡല്‍ഹി ഹൈക്കോടതിയിലും സി.ബി.ഐ. സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. 2005 ലാണ് അദ്ദേഹത്തിന്റെ കഷ്ടകാലം തുടങ്ങിയത്.
ഡല്‍ഹിയിലെ നേവല്‍ ഓപ്പറേഷന്‍സ് ഡയറക്ടറേറ്റില്‍നിന്നു വിവരങ്ങള്‍ പെന്‍ ഡ്രൈവില്‍ പകര്‍ത്തിയെന്നായിരുന്നു ആരോപണം. നാവികസേനയുടെ ഇടപാടുകള്‍ സംബന്ധിച്ച വിവരം ആയുധ വ്യാപാരി അഭിഷേക് വര്‍മ, രവി ശങ്കരന്‍, കുല്‍ഭൂഷണ്‍ പരാശര്‍ എന്നിവര്‍ക്കു െകെമാറിയെന്നായിരുന്നു ആരോപണം. നാവികസേന നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥരായ വിജേന്ദര്‍ റാണ, വിനോദ് കുമാര്‍ ഝാ, ക്യാപ്റ്റന്‍ കശ്യപ് കുമാര്‍ എന്നിവരെ പുറത്താക്കി. യൂറോപ്പിലേക്കു രക്ഷപ്പെട്ട രവി ശങ്കരനെ ഇന്ത്യയിലെത്തിക്കാനുള്ള സി.ബി.ഐ. ശ്രമം തുടരുകയാണ്.
രാജ്യദ്രോഹി പട്ടം കിട്ടിയതോടെ അടുത്ത സുഹൃത്തുക്കള്‍പോലും മുഖം തിരിച്ചു. രാജ്യദ്രോഹിപ്പട്ടം ചാര്‍ത്തപ്പെട്ടതിനാല്‍ ആരും ജോലി നല്‍കിയില്ല. ചെറിയജോലിയെങ്കിലും ലഭിക്കാന്‍ ക്യാപ്റ്റന്‍ കശ്യപ് കുമാര്‍ മുട്ടാത്ത വാതിലുകളില്ല. പരിഭവങ്ങളടക്കി കര്‍ഷകത്തൊഴിലാളിയുടെ വേഷത്തില്‍ ജീവിക്കുമ്പോള്‍ കോടതി തീര്‍പ്പുകല്‍പ്പിച്ചു. നാവികസേനയില്‍ ക്യാപ്റ്റനായിരുന്ന കശ്യപ് കുമാര്‍ നിരപരാധി.സി.ബി.ഐ. കുറ്റവിമുക്തനാക്കിയതോടെ തന്നെ പുറത്താക്കിയ നടപടിക്കെതിരേ സൈനിക ട്രിബ്യൂണലില്‍ നീതിക്കായി പോരാടാനൊരുങ്ങുകയാണ് അദ്ദേഹം.
Post Your Comments