Latest NewsKeralaNews

രാത്രിയില്‍ ശംഖുനാദവും മണിയടി ശബ്ദങ്ങളും : നഗരത്തിന്റെ ഹൃദയഭാഗത്ത് നടന്ന കൂട്ടആത്മഹത്യ മറ്റൊരു കേഡലോ : ദുരൂഹതയേറുമ്പോള്‍ ഞെട്ടലില്‍ അയല്‍ക്കാര്‍

തിരുവനന്തപുരം ശാസ്തമംഗലത്ത് ഒരു കുടുംബത്തിലെ 3 പേര്‍ ആത്മഹത്യ ചെയ്ത സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കേഡലിനോട് ഏറെ സാമ്യമുള്ളത്. ഈ വീടിനെ ചുറ്റിപ്പറ്റിയും ദുരൂഹത നീളുകയാണ്. കേഡലിന്റെ പൂജ മറ്റൊരു തരത്തില്‍ ഇവിടെയുണ്ടായിരുന്നതായാണ് അയല്‍ക്കാര്‍ പറയുന്നത്. മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ പണിക്കേഴ്‌സ് ലെയിനിലെ വീടിന്റെ വിചിത്രമായ കിടപ്പ് ആരെയും അമ്പരപ്പിക്കും. സ്ഥിതിയെന്തെന്നു പശ്ചാത്തലം നോക്കിയാല്‍ മനസ്സിലാകും എന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ സംഭവത്തെ വിവരിച്ചത്. സമീപത്തു പുതിയ വീടുകള്‍ പണിതുയര്‍ന്നപ്പോഴും വീടിനു മുന്നിലെ കാട് വെട്ടിത്തെളിക്കാന്‍ പോലും തയ്യാറായിരുന്നില്ല ഇവരെന്നു നാട്ടുകാര്‍ പറയുന്നു.

മുറ്റത്തെ തെങ്ങില്‍ നിന്നു വീണ തേങ്ങകള്‍, മുട്ടറ്റം വളര്‍ന്നു നില്‍ക്കുന്ന കാട് ദ്രവിച്ചു തീരാറായ ഗേറ്റ്, ഇടിഞ്ഞു പൊളിഞ്ഞ മതിലിനു പകരമായി അടുക്കി വച്ച ഓലക്കെട്ടുകള്‍. ദൂരദര്‍ശന്റെ ഭൂതല സംപ്രേക്ഷണ കാലത്തെ അനുസ്മരിപ്പിക്കുന്ന ആന്റിന വീടിനു മുകളിലുണ്ട്. 20 വര്‍ഷം മുമ്പാണ് ഇവര്‍ വീട് വാങ്ങിയത്. ഫൗണ്ടേഷന്‍ കെട്ടിയ ശേഷം വിറ്റ പുരയിടത്തിലാണ് വീട് നിര്‍മ്മിച്ചത്. പൊട്ടിപ്പൊളിഞ്ഞതും മുഷിഞ്ഞതുമായ വീട്ടിലാണ് സുകുമാരന്‍ നായരും കുടുംബവും കഴിഞ്ഞിരുന്നത്. ഇടയ്ക്കു വീടിനുള്ളിലെ മാലിന്യങ്ങള്‍ പുറത്തു വളര്‍ന്നു നില്‍ക്കുന്ന കാട്ടിനുള്ളില്‍ കൂട്ടിയിട്ടു കത്തിച്ചതിന്റെ അവശിഷ്ടങ്ങളുമുണ്ട്. ഗേറ്റ് എപ്പോഴും പൂട്ടിയ നിലയിലായിരിക്കും. പത്രം വന്നാല്‍ പോലും ഗേറ്റിനു പുറത്തിടാന്‍ മാത്രമേ അനുവാദമുള്ളൂ.

പല ഭാഗങ്ങളിലും ചിതല്‍ കയറി തുടങ്ങിയിട്ടുണ്ട്.ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ മീറ്റര്‍ റീഡിങ് എടുക്കാന്‍ വന്നപ്പോള്‍ തടഞ്ഞതിനെതുടര്‍ന്ന് സുകുമാരന്‍ നായരുടെ കുടുംബവുമായി വാക്കേറ്റമുണ്ടായിരുന്നു. ഇതില്‍ ഉദ്യോഗസ്ഥര്‍ വീട്ടുകാര്‍ക്കെതിരെ പോലീസ് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് ഇന്നലെ വൈകിട്ടെത്തിയതെന്ന ധാരണയിലായിരുന്നു നാട്ടുകാര്‍. സുകുമാരന്‍ നായര്‍ പോലീസിന് അയച്ച കത്തിനെ തുടര്‍ന്നാണ് ബൈക്ക് പട്രോള്‍ സംഘം വീട്ടിലെത്തിയത്. പിന്‍വശത്തെയും മുന്‍വശത്തെയും വാതിലുകള്‍ കത്തില്‍ പറഞ്ഞതു പോലെ തുറന്ന നിലയിലായിരുന്നു . ഇംഗ്ലീഷ് കൈപ്പടയിലായിരുന്നു കത്ത്. കുറെയധികം ചില്ലറപ്പൈസയും കൂട്ടിവച്ചിരുന്നു.

കിളിമാനൂരുള്ള ഒരു ബന്ധുവിന്റെ ഫോണ്‍ നമ്പറും കത്തിലുണ്ടായിരുന്നു. എല്ലാ ദിവസവും രാത്രി 12 നു വീട്ടിനുള്ളില്‍ പൂജയോ പ്രാര്‍ത്ഥനയോ നടക്കാറുണ്ടത്രേ. ശംഖുനാദവും മണിയടി ശബ്ദങ്ങളും പതിവാണ്. മൂന്നുപേരുടെ മരണം സ്ഥിരീകരിച്ചതോടെ നാട്ടുകാര്‍ ഞെട്ടലിലായി. അതിനിടെ ഇന്നലെ രാവിലെ ഇവരെ വീടിനു മുന്നില്‍ കണ്ടിരുന്നതായി ചിലര്‍ അറിയിച്ചതോടെ പോലീസിന് ആശയക്കുഴപ്പമായി. എന്നാല്‍ ഇതു സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കത്തില്‍ കണ്ട നമ്പറില്‍ പോലീസ് വിളിച്ചെങ്കിലും രാത്രി വൈകിയും ബന്ധുക്കളാരും എത്തിയിട്ടില്ല, കൗണ്‍സിലര്‍ ബിന്ദു ശ്രീകുമാറും സ്ഥലത്തെത്തിയിരുന്നു. തേങ്ങ ഇടാന്‍ ആളെ വീട്ടില്‍ കയറ്റുന്നതു മടിയായതിനാല്‍ തേങ്ങ ഉണങ്ങി വീഴാന്‍ കാത്തിരിക്കുന്നതായിരുന്നു ഇവരുടെ ശീലം. കഴിഞ്ഞ ദിവസം തൊട്ടടുത്തുള്ള ഇടവഴിയില്‍ ഒരു കുട്ടി നടന്നു പോകുമ്പോള്‍ തേങ്ങ വീണിരുന്നു. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്.

എന്നാല്‍ പതിവു പോലെ തേങ്ങ എടുക്കാന്‍ ആരും വന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു. രാവിലെ മീന്‍ വാങ്ങാനായി നാട്ടുകാര്‍ വട്ടം കൂടി നില്‍ക്കുമ്പോള്‍ ഇവര്‍ മാറി നില്‍ക്കാറാണു പതിവ്. മേടിച്ച ശേഷം ബാക്കി തരാനില്ലെന്നു പറയുമ്പോള്‍ പിന്നെ മതിയെന്നു പറഞ്ഞ് ഉടന്‍ കതകടയ്ക്കുമായിരുന്നത്രേ. മകന്‍ സനാതനന് ഇതുവരെ ജോലിയൊന്നുമായിട്ടില്ല. വീടിനു മുന്നിലുള്ള വഴിയില്‍ ആളു കൂടി നില്‍പ്പുണ്ടെങ്കില്‍ യാത്ര കഴിഞ്ഞു വരുന്ന മകന്‍ സനാതന്‍ എല്ലാവരും മാറിയെന്നുറപ്പാക്കിയശേഷമേ വീട്ടില്‍ കയറുമായിരുന്നുള്ളൂ. തിരഞ്ഞെടുപ്പു പ്രചാരണത്തിനു ചെന്നാല്‍ പോലും വാതില്‍ തുറക്കില്ലെന്നു മുന്‍ കൗണ്‍സിലര്‍ ശാസ്ത്രമംഗലം ഗോപന്‍ പറഞ്ഞു. അപരിചിതര്‍ വഴി ചോദിച്ചെത്തിയാല്‍ തങ്ങള്‍ക്കൊന്നുമറിയില്ലെന്നു പറഞ്ഞു വിടും. തൊട്ടു പിന്നിലെ വീട്ടില്‍ താമസിക്കുന്ന ജനാര്‍ദ്ദനന്‍ നായരുമായി പോലും ഇവര്‍ ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ലത്രേ.

shortlink

Related Articles

Post Your Comments

Related Articles


Back to top button