എല്ലാവർക്കും നല്ല ചികിത്സ നൽകണം എന്ന കാര്യത്തിൽ എനിക്ക് എതിർപ്പില്ല. അത് വേണ്ടതാണ്. സാധാരണക്കാർക്ക് മാത്രമല്ല പ്രമുഖരുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ പാടില്ലതാനും. അതുകൊണ്ട് മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് പദ്ധതി കൂടുതൽ വ്യാപകവും ശക്തവുമാക്കണം എന്നതാണ് എനിക്കുള്ള അപേക്ഷ. ഇക്കാര്യത്തിൽ പുതിയ ഭേദഗതികൾ കൊണ്ടുവരുമ്പോൾ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ തുടങ്ങിയ പ്രഥമ ഗണനീയർക്ക് സ്പെഷ്യൽ സ്റ്റാറ്റസ് നൽകണം. തിരഞ്ഞെടുപ്പ് കാലത്ത് സാധാരണക്കാരുടെ വക്താക്കളാണ് എന്നൊക്കെ പറയേണ്ടിവരുമെങ്കിലും അവരൊക്കെ ഇന്ന് മാന്യമായി ജീവിക്കേണ്ടവരാണ്. സമൂഹത്തിൽ മറ്റുള്ളവർ കാൺകെ കഴിയേണ്ടവരാണ്. വിദേശത്തുനിന്നും മറ്റും സഖാക്കൾ അടക്കമുള്ളവർ എത്തുമ്പോൾ കൂടെനിന്ന് ഫോട്ടോ എടുക്കേണ്ടവരാണ്. അതുകൊണ്ട് അവരുടെ കണ്ണട മോശമായിക്കൂടാ. അവർ ധരിക്കുന്ന ഷർട്ടും മുണ്ടും ഒരുകാരണവശാലും മോശമാവരുത്. പിന്നെ കാറിന്റെ കാര്യം. അതിപ്പൊഴേ ഇന്നോവ ആണല്ലോ; അതിൽത്തന്നെ മുന്തിയത്. അതുകൊണ്ട് തൽക്കാലം അതിൽ മാറ്റം വേണ്ട. പക്ഷെ കണ്ണട, ഷർട്ട്, മുണ്ട്, ചെരിപ്പ്, തോർത്ത് ……. അങ്ങിനെയുള്ളതൊക്കെ കുറയാൻ പാടില്ലതന്നെ.
ശരിയാണ് പാർട്ടി പ്ലീനമൊക്കെ പലതുംചർച്ച ചെയ്തിട്ടുണ്ട്. പല ഉപദേശവും നിർദ്ദേശവും നൽകിയിട്ടുമുണ്ടാവും. മാന്യമായി സ്നേഹമായി പെരുമാറണം എന്ന് പ്ലീനത്തിൽ പ്രമേയം പാസാക്കിയാൽ എല്ലാം നേരെയാവുമോ. ഇല്ലെന്ന് ഏത് സഖാവിനാണ് അറിയാത്തത്. അതൊക്കെ ഒരു സ്വഭാവത്തിന്റെ ഭാഗമല്ലേ. ‘എന്റെ സ്വഭാവം മാറ്റാനൊന്നും തയ്യാറല്ല’ എന്ന് പറയുന്നത് കേട്ടിട്ടില്ലേ. പ്ലീനം പറഞ്ഞത് അനുസരിച്ചാണോ അച്യുതാനന്ദൻ സഖാവ് ജീവിക്കുന്നെ?. അല്ലല്ലോ. സർക്കാർ അധികാരമേറ്റയുടനെ തന്നെ തനിക്ക് മന്ത്രിയാവാൻ കഴിഞ്ഞില്ലെങ്കിലും മന്ത്രിക്കസേരക്ക് തുലയമായത് വേണമെന്നും മന്ത്രി മന്ദിരം വേണമെന്നും സെക്രട്ടറിയേറ്റിൽ തന്നെ ഓഫീസ് വേണമെന്നും പറഞ്ഞത് പ്ലീനം പറഞ്ഞത് അനുസരിക്കുന്നത് കൊണ്ടാണോ. അതെന്താ മാധ്യമങ്ങൾ ചർച്ച ചെയ്യാത്തത് . വിഎസ് സഖാവ് ഏറ്റവും മുതിർന്ന സഖാവാണ്….. അദ്ദേഹത്തെ തിരുത്താൻ സീതാറാം യെച്ചൂരി തയ്യാറായോ. ഇല്ലെന്ന് മാത്രമല്ല, വിഎസ് സഖാവിന് ചോദിക്കുന്നതിൽ കൂടുതൽ എന്തെങ്കിലും കൂടി കൊടുക്കണം എന്ന് രാവിലെയും വൈകീട്ടും രാത്രിയും വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നില്ലേ. യഥാർഥത്തിൽ പ്ലീനം വേണ്ടവിധത്തിൽ മനസിലാക്കേണ്ടത് വിഎസ് ആയിരുന്നില്ലേ….. അന്ന് 1964 ൽ സിപിഐ ദേശീയ സമ്മേളനത്തിൽ നിന്നിറങ്ങിപ്പോന്നവരിൽ ( സിപിഎം ഉണ്ടാക്കാനായി) ഇന്ന് ജീവിക്കുന്ന ഏക സഖാവല്ലേ. അതുകൊണ്ട് ഞങ്ങൾ ഒരു കണ്ണാടി മേടിച്ചതോ മര്യാദയില്ലാതെ പെരുമാറിയതിനോ മകന്റെ വിദേശ വ്യാപാരത്തിന്റെ കാര്യത്തിലോ ഒന്നും ഡൽഹിയിലെ സഖാവ് ഇടപെടേണ്ടതില്ല.
ഇവിടെ ഇപ്പോൾ മൂന്ന് സഖാക്കളുടെ കാര്യമാണ് പ്രശ്നം. ഒരാൾ തലസ്ഥാനത്തെ വിവിഐപി ആശുപത്രിയിൽ ചികിത്സതേടി. ആശുപത്രിയിൽ കിടക്കുമ്പോൾ മരുന്നിന്റെചിലവും ഡോക്ടറുടെ ഫീസും മറ്റ് ചിലവും സർക്കാർ തന്നല്ലേ പറ്റൂ. അതിൽ ആഹാരത്തിന്റെ ബില്ലും പെട്ടതിൽ എന്താണ് തെറ്റ്. അതിത്ര കൊട്ടി ഘോഷിക്കാൻ എന്തിരിക്കുന്നു. പിന്നെ ഭർത്താവ് പെൻഷൻകാർ ആണോ എന്നതൊക്കെ. ഞങ്ങൾ മന്ത്രിമാരായത് അല്പമൊക്കെ സ്വന്തം കാര്യം നോക്കാനല്ലേ….. അതിലൊക്കെ എന്തിനിത്ര അസൂയ. വെറും അസൂയ അല്ലാതെ മറ്റൊന്നും ഇതിൽ കാണുന്നില്ല. കണ്ണടയുടെ കാര്യത്തിൽ കൂടുതൽ ചിലവിട്ടവർ വേറെയുണ്ടെന്നത് ഇപ്പോൾ വ്യക്തമായില്ലെ. ഞാനൊരു നല്ല കണ്ണട വെച്ചതിലെ വിഷമം തീർന്നില്ലേ. അൻപതിനായിരം, അല്ല അരലക്ഷം ഒക്കെ ഒരു ഇതാണോ. ഒരുസംസ്ഥാനത്തെ നിയമനിർമ്മാണം മുഴുവൻ നോക്കുന്നയാൾക്ക് അരലക്ഷം ചെലവാക്കിയത് ………. ഇങ്ങനെയൊക്കെ ആക്ഷേപിക്കാമോ……പാടില്ലതന്നെ.ഞാൻ അദ്ദേഹത്തിന്റ പക്ഷത്താണ്. ഇതിനേക്കാൾ വലിയത് തന്നെ വാങ്ങണമായിരുന്നു.
ഇതൊക്കെ ചർച്ചചെയ്യുമ്പോഴാണ് ‘നമ്മുടെ ഖജനാവിന്റെ ഊരാളൻ’ ഒന്നേകാൽ ലക്ഷത്തിന്റെ സുഖചികിത്സ നടത്തിയത് പുറത്തായത്. സുഖചികിത്സ എന്നൊക്കെ പറയുമ്പോൾ അങ്ങനെയല്ലേ. സർക്കാർ ആശുപത്രിയിലെ മണം കേട്ട് മൂക്ക് പൊത്തി ചികിത്സ നടത്താനാവുമോ. ഖജനാവിന്റെ ഊരാളനാണ് എന്നതൊക്കെ എനിക്ക് മറക്കാനാവുമോ. ഒന്നേകാലല്ല മൂന്ന് ലക്ഷമായാലും അത് വേണ്ടവിധം നടക്കണം. ആ മനുഷ്യന്റെ ആരോഗ്യം എങ്ങാനും പ്രശ്നമായാൽ കേരളത്തിന്റെ ഗതി എന്താവും. നമ്മുടെ മുഖ്യമന്ത്രിയുടെ അവസ്ഥ എന്താവും….. നോ, ഒരു സംശയവുമില്ല; ഇത്തരം സുഖ ചികിത്സകൾ വേണം, എല്ലാ വർഷവും വേണം. കൂടുതൽ നല്ല ആശുപത്രികളിൽ തന്നെ വേണം താനും. സർക്കാർ ആശുപത്രികൾ നന്നായി, എല്ലാ സൗകര്യങ്ങളും ഉണ്ട് എന്നൊക്കെ ബജറ്റിൽ പറയും. അതൊക്കെ അങ്ങിനെയാണ്. സ്കൂളിന്റെ കാര്യവും പറഞ്ഞില്ലേ. എന്നുവിചാരിച്ച് സ്വന്തം കുട്ടികളെ സർക്കാർ സ്കൂളിൽ അയക്കാൻ പറ്റുമോ. കുട്ടികൾക്ക് നിർബന്ധിതമായി എടുക്കേണ്ടുന്ന കുത്തിവെപ്പ് പോലും തന്റെ സമുദായ താല്പര്യം നോക്കി എടുത്താൽ മതി എന്ന് തീരുമാനിച്ച പാർട്ടിയാണ്. അതാണല്ലോ ഒരു പാർട്ടി എംഎൽഎ തന്റെ കുട്ടികൾക്ക് കുത്തിവെപ്പ് വേണ്ട എന്ന് തീരുമാനിച്ചതും അത് ആ സഖാവ് പരസ്യമായി പ്രഖ്യാപിച്ചതും. അതാണ് പാർട്ടി നയം. അവിടെ നിങ്ങൾ പ്ലീനം പ്രമേയം പോളിറ്റ് ബ്യുറോ എന്നൊക്കെ പറഞ്ഞുകൊണ്ട് വെറുതെ വിരട്ടാനൊന്നും നോക്കേണ്ട.
അതുകൊണ്ട് സഖാക്കളേ മുന്നോട്ട്……….. നമുക്ക് വേണ്ടത് സുഖം സൗകര്യം…..പഴയപോലെ കട്ടൻ കാപ്പിയും പരിപ്പുവടയും ഒന്നും ഇനി പറ്റില്ല. പാർട്ടി ഓഫീസുകൾ എയർ കണ്ടിഷൻ ചെയ്യണം. എസി കാർ ഇപ്പോഴേ ഉണ്ട്. ബാക്കിയൊക്കെ എല്ലാവർക്കുമറിയാം. അതുകൊണ്ട് യെച്ചൂരി എന്നല്ല ആർ പറഞ്ഞാലും ഒരു പ്രശ്നവുമില്ല. ഞങ്ങൾ ഇങ്ങനെയൊക്കെയാണ്. ഒരു കാര്യം കൂടി…… മക്കളെ പിടിച്ചുകൊണ്ട് അതുമിതും പറയാമെന്നും കരുതേണ്ട. അവരൊക്കെ പണിയെടുത്തിട്ടാണ് പാർട്ടി രക്ഷപ്പെടുന്നത്, പലപ്പോഴും. എന്തെല്ലാം കാര്യങ്ങളാണ് അവർ ചെയ്തുതരുന്നത്. അതൊന്നും ഡൽഹിയിലിരിക്കുന്നവർക്ക് അറിയില്ല. അവിടെ പാർട്ടിയില്ലല്ലോ,പാർട്ടി പ്രവർത്തനവുമില്ല……. ഞങ്ങൾ തീരുമാനിക്കും പ്രവർത്തിക്കും. ഇനി അറബിയല്ല സാക്ഷാൽ സുൽത്താനെക്കൊണ്ടുവന്നാലും, വേറെ ആരെ കൊണ്ടുവന്ന് കളിച്ചാലും, അതൊക്കെ ഞങ്ങൾക്ക് നോക്കാനുമറിയാം. അതുതന്നെയാണ് മരുന്ന് വാങ്ങുന്നതിലും കണ്ണടയുടെ കാര്യത്തിലും പറയാനുള്ളത്.ലാൽ സലാം സഖാക്കളേ………. ലാൽ സലാം. വിപ്ലവം ജയിക്കട്ടെ.
Post Your Comments