പത്തനംതിട്ട: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥിയെ തീരുമാനിച്ചു. ഇത്തവണ ദേശീയ നിര്‍വാഹക സമിതിയംഗം പി.എസ്. ശ്രീധരന്‍ പിള്ളയെയാണ് ബിജെപി സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ഇന്നലെചേര്‍ന്ന ബി.ജെ.പി കോര്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. കഴിഞ്ഞതെരഞ്ഞെടുപ്പിലും ശ്രീധരന്‍ പിള്ളയായിരുന്നു ബി.ജെ.പി. സ്ഥാനാര്‍ഥി. ബി.ഡി.ജെ.എസും സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നാണു സൂചന. ശ്രീധരന്‍പിള്ളയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും അറിയിച്ചിട്ടുണ്ട്. എന്‍.ഡി.എ. യോഗം വിളിക്കാതെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം.
കോര്‍ കമ്മറ്റിയില്‍ ഇതു ചോദ്യം ചെയ്തെങ്കിലും ബി.ഡി.ജെ.എസ്. അവകാശവാദമുന്നയിച്ചാല്‍ സീറ്റു വിട്ടുകൊടുക്കേണ്ടിവരുമെന്നും അതുകൊണ്ടാണു സ്വന്തം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതെന്നുമായിരുന്നു കുമ്മനത്തിന്റെ നിലപാട്. പറ്റിയ സ്ഥാനാര്‍ഥികള്‍ക്കായി കോണ്‍ഗ്രസും സി.പി.എമ്മും തലപുകയ്ക്കുന്നതിനിടെയാണ് ബി.ജെ.പി അപ്രതീക്ഷിതമായി സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. സി.പി.എമ്മിലെ കെ.കെ. രാമചന്ദ്രന്‍ നായര്‍ എം.എല്‍.എയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. 2016 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഏറ്റവുമധികം സാധ്യത കല്‍പ്പിച്ചിരുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു ചെങ്ങന്നൂര്‍.
Post Your Comments