ദുബായ്: യുഎഇയില്‍ തൊഴില്‍ വിസ ലഭിക്കാന്‍ മറ്റു രേഖകള്‍ക്കൊപ്പം സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. യുഎഇയില്‍ തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കുന്ന എല്ലാ വിദേശികള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ വിസ പുതുക്കുമ്പോള്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ആശ്രിത വിസയിലെത്തുന്നവര്‍ക്കും ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്കും സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്കും സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. 45 ലക്ഷം വിദേശികളാണ് യുഎഇയില്‍ ജോലി ചെയ്യുന്നത്.
രാജ്യത്തെത്തുന്ന വിദേശികള്‍ക്ക് കുറ്റകൃത്യ പശ്ചാത്തലമില്ലെന്ന് ഉറപ്പുവരുത്താനും സുരക്ഷ വര്‍ധിപ്പിക്കാനുമാണ് പുതിയ നടപടി. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴര മുതല്‍ ഉച്ചയ്ക്ക് രണ്ടര വരെയാണ് പ്രവര്‍ത്തനസമയം. എമിറേറ്റ്‌സ് ഐഡിയാണ് അപേക്ഷയ്‌ക്കൊപ്പം ഹാജരാക്കേണ്ട രേഖ. കൂടാതെ ഇമെയില്‍ വിലാസവും നല്‍കണം. സ്വദേശികള്‍ക്ക് 100 ദിര്‍ഹവും വിദേശികള്‍ക്ക് 200 ദിര്‍ഹവുമാണ് ഫീസ്. കൂടാതെ 10 ദിര്‍ഹം വീതം നോളജ് ഫീസായും ഇന്നവേഷന്‍ ഫീസായും നല്‍കണം.
കഴിഞ്ഞ അഞ്ചുവര്‍ഷം ജീവിച്ചിരുന്ന രാജ്യത്ത് നിന്നുള്ള സ്വഭാവസര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. അതതു രാജ്യങ്ങളിലെ യുഎഇ കാര്യാലയങ്ങള്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തണം. യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ കസ്റ്റമര്‍ ഹാപ്പിനെസ്സ് സെന്ററുകള്‍ വഴിയും സ്വഭാവ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താം. യുഎഇയില്‍ ജനിച്ചുവളര്‍ന്ന വിദേശികള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ട. എന്നാല്‍ കുറച്ചുകാലത്തേക്ക് രാജ്യം വിട്ടവര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടിവരും. വീട്ടുവേലക്കാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്കും സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
നിലവില്‍ യുഎഇയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ പുതിയ തൊഴില്‍ വിസയിലേക്കു മാറുകയാണെങ്കില്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കണം. അഞ്ചു വര്‍ഷത്തിലധികമായി യുഎഇയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റിന് ഇവിടെത്തന്നെ അപേക്ഷിക്കാം. ഇതിനായി ദുബായ് പൊലീസിന്റെ വെബ്‌സൈറ്റ് വഴിയോ, സ്മാര്‍ട്ട് ആപ്പുകള്‍ വഴിയോ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. അതല്ലെങ്കില്‍ ഏതെങ്കിലും പൊലീസ് സ്റ്റേഷനിലോ, ജനറല്‍ ഡിപ്പാര്‍ട്ടമെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലോ നേരിട്ടെത്തി അപേക്ഷ നല്‍കാം.
Post Your Comments