ആലപ്പുഴ•സംസ്ഥാന ബജറ്റ് എന്ന പേരിൽ കണക്കിലെ കളിയുമായി തോമസ് ഐസക് വീണ്ടും ജനങ്ങളെ പറ്റിക്കുകയാണെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ പറഞ്ഞു.
വാഹന നികുതി,സേവന നിരക്കുകൾ, ഭൂമിയുടെ ന്യായ വില തുടങ്ങി എല്ലാം കുത്തനെ ഉയർത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചിട്ടും സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കുന്ന യാതൊന്നും ബജറ്റിലില്ല എന്നത് തന്നെ ഭരണ പരാജയം തുറന്നു കാട്ടുന്നു. മദ്യത്തിലും ചിട്ടിയിലും ലോട്ടറിയിലും മാത്രമായി സംസ്ഥാനത്തിന്റെ വരുമാനം ഒതുങ്ങി. നിയമനങ്ങൾക്ക് നിയന്ത്രണം എന്ന പേരിൽ നിയമന നിരോധനം നടപ്പിലാക്കി യുവജനങ്ങളുട പ്രതീക്ഷകൾ തകർക്കുന്ന പുതിയ ബജറ്റ് കാർഷിക മേഖലയെയും അവഗണിക്കുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന് പറയുമ്പോഴും പാർട്ടി നേതാക്കളുടെ സ്മാരകത്തിനു വേണ്ടി കോടികൾ സർക്കാർ ഖജനാവിൽ നിന്നും ചിലവഴിക്കുന്നു.
ഇപ്പഴും കിഫ്‌ബി എന്ന സ്വപ്നത്തിൽ വിഹരിക്കുന്ന ധനമന്ത്രിക്ക് തന്റെ സംസ്ഥാനത്തിലെ ഒരു വ്യവസായം പോലും ലാഭത്തിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ജനകീയ ബജറ്റവതരിപ്പിച്ച കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന ധനമന്ത്രി താൻ അവതരിപ്പിച്ച ബജറ്റ് സ്വയം പഠിച്ച് താൻ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനാണോ എന്ന് ഇനിയെങ്കിലും വിലയിരുത്തുന്നത് നല്ലതാണ്.
ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ ഉത്‌ഘാടനം ചെയ്തു.
ബി.ജെ.പി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ രഞ്ചൻ പൊന്നാട്, ജി.മോഹനൻ, വൈസ് പ്രസിഡന്റുമാരായ കെ.ജി.പ്രകാശ്, കെ.പി.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
Post Your Comments