ബംഗളൂരു: ഐപിഎല്‍ സീസണുകളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി തകര്‍പ്പന്‍ പ്രകടനാണ് ഗൗതം ഗംഭീര്‍ കാഴ്ച വച്ചിരുന്നത്. കെകെആറിന്റെ നായകനായും തിളങ്ങിയ താരത്തെ പക്ഷെ ഇക്കുറി കൈയ്യൊഴിഞ്ഞിരിക്കുകയാണ് മാനേജ്‌മെന്റ്. രണ്ട് തവണ കെകെആറിന് കിരീടം നേടിക്കൊടുത്തു, കഴിഞ്ഞ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ രണ്ടാമത്തെ താരം. എന്നിട്ടും ഗംഭീറിനെ കെകെആര്‍ ലേലത്തില്‍ വച്ചു. അപ്പോള്‍ മുതല്‍ ആരാധകര്‍ ചോദിക്കുന്നതാണ് കാരണം. ഒടുവില്‍ ഈ സംശയങ്ങള്‍ക്ക് കെകെആര്‍ മാനേജ്‌മെന്റ് മറുപടിപറഞ്ഞിരിക്കുകയാണ്.
ഗംഭീര്‍ ആവശ്യപ്പെട്ടതിനാലാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നാണ് ടീം സിഇഒ വെങ്കി മൈസൂര്‍ പറയുന്നത്. തന്നെ ലേലത്തില്‍ വിളിക്കരുതെന്നും ആര്‍ടിഎം കാര്‍ഡ് സംവിധാനം ഉപയോഗിക്കരുതെന്നും ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നു. അതിനാലാണ് അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കാതെ പോയത്. ടീമിനെ കഴിഞ്ഞ സീസണുകളില്‍ ശക്തമായി നയിച്ച ഗംഭീറിന്റെ ക്യാപ്റ്റന്‍സി വിസ്മരിക്കാനാവില്ല. അദ്ദേഹത്തെ കൈവിട്ടതില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട് വെങ്കി മൈസൂര്‍ പറഞ്ഞു.
2.80 കോടി രൂപയ്ക്ക് ഡല്‍ഹി ഡേര്‍ ഡെവിള്‍സാണ് ഗൗതം ഗംഭീറിനെ സ്വന്തമാക്കിയത്. നേരത്തെ 2008 മുതല്‍ 2010വരെ ഡല്‍ഹി താരമായിരുന്നു ഗംഭീര്‍. പിന്നീട് കൊല്‍ക്കത്തിയിലേക്ക് ചേക്കേറുകയായിരുന്നു. 2012ലും 2014ലും ഗംഭീറിന്റെ ക്യാപ്റ്റന്‍സിയില്‍ കെകെആര്‍ കിരീടം നേടിയിരുന്നു.
Post Your Comments