മലപ്പുറം: അൻപതിനായിരം രൂപ കൈക്കൂലി കൊടുത്താല്‍ ഒരുകിലോ സ്വര്‍ണം കരിപ്പൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളില്‍ അനായാസം കടത്താമെന്നു ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്.എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരാണു കൈക്കൂലി വാങ്ങുന്നതെന്നാണ് ഒരു ചാനൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. 30 ലക്ഷത്തോളം വിലയുള്ള സ്വര്‍ണം പരിശോധനയില്‍നിന്ന് ഒഴിവാക്കാന്‍ ഇത്തരത്തിൽ ഉദ്യോഗസ്ഥർ സഹായം ചെയ്യുന്നുണ്ട്.
ശരീരത്തില്‍ ധരിക്കുന്ന മാലകളും ചെറിയ ബിസ്കറ്റുകളും കടത്താന്‍ സഹായിക്കുന്നതിന് 15,000 മുതല്‍ 20,000 രൂപ വരെയാണു പടി. കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് സംഘത്തിന്റെ കണ്ണികളാണ് ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്ന പ്രധാന ഏജന്റുമാര്‍. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്‍കുന്നത്. ദുബായില്‍നിന്നും ഷാര്‍ജയില്‍നിന്നുമാണ് ഇവ എത്തിക്കുന്നത്. ഒരേ തോതിലാണു കൈക്കൂലി കൈമാറുക.
കാരിയര്‍മാരുമായോ, സ്വര്‍ണക്കടത്ത് സംഘങ്ങളുമായോ ഉദ്യോഗസ്ഥര്‍ നേരിട്ടു ബന്ധപ്പെടില്ല. ഇടനിലക്കാരാണു കാരിയറെക്കുറിച്ചുള്ള വിവരം നല്‍കുക.
സംശയം തോന്നാതിരിക്കാനും പിടിക്കപ്പെടാതിരിക്കാനും വാട്സ് ആപ്പിനെയാണ് ഇവര്‍ ആശ്രയിക്കുന്നത്.സ്വര്‍ണവുമായി എത്തുന്ന കാരിയറുടെ വിമാനസമയവും ഫോട്ടോയും പാസ്പോര്‍ട്ടിന്റെ ഫോട്ടോയുമാണു സാധാരണ നിലയില്‍ ഉദ്യോഗസ്ഥര്‍ക്ക് ഏന്റുമാര്‍ അയച്ചുകൊടുക്കുന്നത്. ഇത്തരത്തില്‍ കൊണ്ടുവരുന്ന പെട്ടികള്‍ പരിശോധയില്‍നിന്ന് ഒഴിവാക്കുന്നതാണ് ഉദ്യോഗസ്ഥന്റെ ജോലി. തുടര്‍ന്നു പണം അന്നു വൈകിട്ടോ, പിറ്റേദിവസമോ നേരിട്ടു നല്‍കും. ബാങ്ക് ഇടപാടുകള്‍ പിടിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പണമായി മാത്രമാണ് ഉദ്യോഗസ്ഥര്‍ പ്രതിഫലം വാങ്ങുന്നത്. മംഗളം ചാനൽ ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments