ആലപ്പുഴ: മുത്തലാഖിനെതിരെ കേന്ദ്രം നിയമ നിര്‍മാണ ബില്‍ കൊണ്ടുവന്നെങ്കിലും മുത്തലാഖ് ഇപ്പോഴും രാജ്യത്തിന്റെ പലഭാഗത്ത് നടക്കുന്നുണ്ട്. മുത്തലാഖിന്റെ പേരില്‍ യുവതിയുടേയും മൂന്ന് കുട്ടികളുടേയും ജീവിതമാണ് ചോദ്യചിഹ്നമായി നില്‍ക്കുന്നത്
വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനുള്ള നഷ്ടപരിഹാരം നല്‍കാതെ മുത്തലാഖ് ചൊല്ലി ബന്ധം ഒഴിവാക്കുകയും ഭര്‍ത്താവിനു പുതിയ വിവാഹത്തിന് മഹല്ല് അനുമതി നല്‍കുകയും ചെയ്തതിനെതിരേ യുവതിയും മക്കളും സമരത്തിന്. തുറവൂര്‍ കോട്ടയ്ക്കല്‍ വീട്ടില്‍ നിഷയാണ് ഭര്‍ത്താവ് ഷിഹാബിനും വടക്കനാര്യാട് മഹല്ല് കമ്മറ്റിക്കുമെതിരേ പ്രതിഷേധവുമായെത്തിയത്.
പ്രശ്‌നപരിഹാരമുണ്ടാകുംവരെ മഹല്ലിനു മുന്നില്‍ പ്രതിഷേധസമരം നടത്തുമെന്നു നിഷയും മാതാവ് ഷെരീഫയും പറഞ്ഞു. മുമ്ബ് നിഷ പള്ളിക്കു മുന്നില്‍ പ്രതിഷേധിച്ചപ്പോള്‍ പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല. വിഷയത്തില്‍ ജില്ലാ കലക്ടറും മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടിട്ടിട്ടും നീതി ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. 2005 ഓഗസ്റ്റിലായിരുന്നു നോര്‍ത്ത് ആര്യാട് ഹിദായത്ത് മന്‍സിലില്‍ ഷിഹാബിന്റെയും നിഷയുടെയും വിവാഹം. വടക്കനാര്യാട്, കുത്തിയതോട് മഹല്ലുകളുടെയും പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ഈ ബന്ധത്തില്‍ മൂന്നു കുട്ടികളുണ്ട്. ഭര്‍ത്താവ് തന്റെയോ മക്കളുടെയോ കാര്യങ്ങള്‍ നോക്കാതിരുന്നതോടെ 2016ല്‍ കുടുംബ കോടതിയെ സമീപിക്കുകയായിരുന്നെന്നു നിഷ പറഞ്ഞു. കോടതി നഷ്ടപരിഹാരം വിധിക്കുകയും ജീവനാംശമായി 8000 രൂപ നല്‍കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. പ്രതിമാസം 7,000 രൂപ വീതം നല്‍കിയെങ്കിലും നഷ്ടപരിഹാരം നല്‍കിയില്ല. ഇതിനിടയില്‍ വടക്കനാര്യാട് മഹല്ലില്‍വച്ച് മുത്തലാഖ് ചൊല്ലി ബന്ധം ഒഴിയുകയായിരുന്നു. ഇക്കാര്യം ദിവസങ്ങള്‍ക്കുശേഷം തനിക്ക് ലഭിച്ച നോട്ടീസിലൂടെയാണ് അറിഞ്ഞതെന്നും നിഷ പറഞ്ഞു. കുടുംബ കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിച്ച ഷിഹാബ് സ്റ്റേയും നേടിയിരുന്നു.
തനിക്കും കുട്ടികള്‍ക്കും ലഭിക്കേണ്ട ന്യായമായ അവകാശങ്ങള്‍ നല്‍കണമെന്നാണ് ആവശ്യമെന്നും ഇത് ലഭ്യമാകുന്നതുവരെ മഹല്ലിനു മുന്നില്‍ സമരം നടത്താനാണു തീരുമാനമെന്നും നിഷ പറയുന്നു. നിലവില്‍ കുടുംബ കോടതിയിലും ചേര്‍ത്തല കോടതിയിലും രണ്ടു കേസുകളുണ്ട്. ഇനിയും കേസിനു പോകാനുള്ള സാമ്പത്തികശേഷി തനിക്കില്ലാത്ത സാഹചര്യത്തിലാണ് മഹല്ല് ഇടപെട്ട് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെടുന്നത്. തന്നെ അപായപ്പെടുത്തുമെന്ന ഭീഷണിയും ചിലര്‍ ഉയര്‍ത്തിയിട്ടുണ്ട്. സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനല്ല, തനിക്കും കുട്ടികള്‍ക്കും ജീവിക്കുന്നതിനാവശ്യമായ സാഹചര്യമുണ്ടാകുന്നതിന് വേണ്ടിയാണ് ശബ്ദമുയര്‍ത്തുന്നതെന്നും നിഷ പറഞ്ഞു. ഷിഹാബിനും നിഷയ്ക്കും 11, എട്ട്, ആറ് വയസുള്ള മൂന്ന് കുട്ടികളാണുള്ളത്.
Post Your Comments