Latest NewsNewsIndia

സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ കൊലപാതകത്തിന് പിന്നിൽ ഭർത്താവ്: നിർണായക തെളിവ് ലഭിച്ചത് വാഷിംഗ് മെഷീനിൽ നിന്നും

ഭോപ്പാൽ: സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിഷയുടെ കൊലപാതകത്തിന് പിന്നിൽ ഭർത്താവ് തന്നെയെന്ന് കണ്ടെത്താനുള്ള നിർണായക തെളിവ് പോലീസിന് ലഭിച്ചത് വാഷിംഗ് മെഷീനിൽ നിന്നും. നിഷയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ഭർത്താവ് മനീഷ് ശർമ ഉപയോഗിച്ച തലയിണയുടെ കവറും ബെഡ്ഷീറ്റും പോലീസ് വാഷിംഗ് മെഷീനിൽ നിന്നും കണ്ടെടുത്തു. ഇത് കേസിൽ നിർണായക തെളിവായിരിക്കുകയാണ്. തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് നിഷയെ മനീഷ് കൊലപ്പെടുത്തിയത്.

കൊലപാതകത്തിന്റെ തെളിവുകൾ ഇല്ലാതാക്കാനും പോലീസ് അന്വേഷണം വഴിതെറ്റിക്കാനും മനീഷ് ശ്രമിച്ചിരുന്നു. എന്നാൽ, പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലൂടെ പിടിവീഴുകയായിരുന്നു. മധ്യപ്രദേശിൽ കഴിഞ്ഞ ദിവസമാണ് കൊലപാതകം നടന്നത്. ദിൻദോരി ജില്ലയിലെ ഷാപുരയിലാണ് നിഷയ്ക്ക് നിയമനം ലഭിച്ചത്. നിഷ തന്റെ സർവീസ് ബുക്കിലെയോ ഇൻഷുറൻസിന്റേയോ ബാങ്ക് അക്കൗണ്ടിന്റേയോ നോമിനിയായി മനീഷിനെ നിയമിക്കാത്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

ഒരു മാട്രിമോണിയൽ സൈറ്റ് വഴിയാണ് മനീഷും നിഷയും പരിചയപ്പെട്ടത്. മനീഷ് ജോലിയ്ക്ക് ഒന്നും പോകുന്നില്ലായിരുന്നു. പണത്തിന് വേണ്ടി മനീഷ് നിഷയെ ഉപദ്രവിച്ചിരുന്നുവെന്ന് സഹോദരി നിലിമ പോലീസിൽ മൊഴി നൽകിയതാണ് കേസ് അന്വേഷണത്തിൽ വഴിത്തിരിവായത്. നിഷയ്ക്ക് വൃക്കരോഗമുണ്ടായിരുന്നുവെന്നായിരുന്നു മനീഷ് പറഞ്ഞിരുന്നത്. എന്നാൽ, തന്റെ സഹോദരിക്ക് ഒരു അസുഖവും ഇല്ലായിരുന്നുവെന്നും പണത്തിന് വേണ്ടി ഉപദ്രവിക്കുന്നതിനെക്കുറിച്ച് നിഷ പറഞ്ഞിട്ടുണ്ടെന്നും സഹോദരി പോലീസിനോട് പറഞ്ഞു. വീട്ടിലെ ജോലിക്കാരെ പോലും നിഷയുടെ മുറിയിൽ പ്രവേശിക്കാൻ മനീഷ് അനുവദിച്ചില്ലെന്നും സഹോദരി വെളിപ്പെടുത്തിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ നിന്നാണ് മനീഷാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button