KeralaLatest NewsNews

മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് ?

തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന് മന്ത്രിസ്ഥാനം വീണ്ടും ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മന്ത്രി ശല്യം ചെയ്തെന്ന പരാതിയില്‍ കേസ് നിലനില്‍ക്കെയാണ് യുവതി തന്നെ ശല്യം ചെയ്തില്ലെന്ന് മൊഴി മാറ്റിയിരിക്കുന്നത്. തന്നെ ഫോണ്‍ വിളിച്ചത് മന്ത്രിയാണോയെന്ന് ഉറപ്പില്ലെന്നാണ് ഇപ്പോള്‍ യുവതിയുടെ നിലപാട്. ഫോണ്‍കെണി കേസില്‍ യുവതി മൊഴി മാറ്റിയതോടെയാണ് മന്ത്രിസ്ഥാനത്തിന് കളമൊരുങ്ങുന്നത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ശശീന്ദ്രന് അനുകൂലമായ മൊഴി നല്‍കിയത്. കേസ് 27ന് പരിഗണിക്കും. യുവതി ശശീന്ദ്രനെതിരായ മൊഴി തിരുത്തിയതിന് പിന്നില്‍ സമ്മര്‍ദ്ദമുണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ കേസ് പിന്‍വലിക്കാന്‍ യുവതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

ഇതോടെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുമെന്ന് കരുതിയിരുന്നെങ്കിലും പരാതിക്കാരി തീരുമാനം മാറ്റുകയായിരുന്നു. എന്നാലിപ്പോള്‍ യുവതി തന്റെ തീരുമാനം വീണ്ടും തിരുത്തിയതോടെ ശശീന്ദ്രന്‍ കുറ്റവിമുക്തനാക്കപ്പെടാനുള്ള സാധ്യത ഏറുകയാണ്. എന്‍സിപിയുടെ മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് രാജിവെക്കേണ്ടിവന്നതിനാല്‍ പാര്‍ട്ടിക്ക് ഇപ്പോള്‍ മന്ത്രിയില്ലാത്ത അവസ്ഥയാണ്. ഇതിനിടെ ഗണേഷ് കുമാറിനെയോ കോവൂര്‍ കുഞ്ഞുമോനേയോ മന്ത്രിയാക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ശശീന്ദ്രനെതിരായ കേസ് ഉടന്‍ ഒത്തുതീര്‍പ്പാകുന്നതോടെ എന്‍സിപിക്ക് വീണ്ടും മന്ത്രിസ്ഥാനം ലഭിച്ചേക്കും. യുവതിയെ സ്വാധീനിച്ച്‌ ശശീന്ദ്രനെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായി നേരത്തെ സൂചനയുണ്ടായിരുന്നു. കേസുമായി മുന്നോട്ടുപോയിരുന്നെങ്കില്‍ ശശീന്ദ്രന് മന്ത്രിയാകുക സാധ്യമായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button