2018 പുതിയ ബജറ്റിന് ഇനി രണ്ടാഴ്ച മാത്രമേയുള്ളൂ. എങ്കിലും പ്രതീക്ഷകളും പ്രവചനങ്ങളുമായാണ് ബജറ്റിനെ ഉറ്റുനോക്കുന്നവര്‍ രംഗത്ത് വന്നിരിക്കുന്നത്. നിരവധി വ്യവസായ പ്രമുഖരും സാമ്പത്തിക വിദഗ്ധരും പ്രീ ബജറ്റ് മെമ്മോറാണ്ടവുമായി രംഗത്ത് വരുന്നുണ്ട്. ഏറെ ചര്‍ച്ചാ വിഷയമായ നോട്ട് നിരോധനവും ജിഎസ്ടിയും നിലവില്‍ വന്നതിനുശേഷമുള്ള ബജറ്റ് പ്രഖ്യാപനമായതുകൊണ്ട് തന്നെ സാധാരണക്കാര്‍ പോലും ഉറ്റുന്നോക്കുന്ന ബജറ്റാണിത്.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റായിരിക്കും ഇത്. അടുത്ത ബജറ്റിന് മുമ്പ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കും. അതിനാല്‍ ജനപ്രിയ പദ്ധതികള്‍ക്ക് തന്നെയായിരിക്കും ഊന്നല്‍ നല്‍കുക. പ്രത്യക്ഷ നികുതി നിര്‍ദേശങ്ങള്‍ ഇത്തവണ അവതരിപ്പിക്കാനാണ് സാധ്യത. ആദായനികുതി പിരിക്കുന്നതും അതിന്റെ വെട്ടിപ്പും തടയാനുള്ള പരിഷ്കാരങ്ങളും ഉണ്ടാകുമെന്നാണ് സൂചനകള്‍.
കൃഷിയില്‍ നിന്നുള്ള വരുമാനവും ഇനി ആദായ നികുതിയ്ക്ക് കീഴില്‍ കൊണ്ടുവരാന്‍ നീക്കം. നികുതി വെട്ടിപ്പ് ഒഴിവാക്കി കൂടുതല്‍ പേരെ നികുതി വലയില്‍ കൊണ്ടുവരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ചെറുകിട കര്‍ഷകരെ ഒഴിവാക്കി വന്‍കിടക്കാരെ ലക്ഷ്യമിട്ടാകും നിയമം പരിഷ്കരിക്കുക.
ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. സമ്പന്നരായ കര്‍ഷകരില്‍ നിന്ന് നികുതി ഈടാക്കുന്നത് സംബന്ധിച്ച വിവരം പരിഗണിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ചീഫ് ഇക്കണോമിക്സ് അഡൈ്വസറായ അരവിന്ദ് സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടിരുന്നു.
നീതി ആയോഗിന്റെ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തന പദ്ധതി വിശദീകരിക്കുന്ന കരട് പ്ലാനിലും കാര്‍ഷിക വരുമാനം നികുതി പരിധിയില്‍ കൊണ്ടു വരണമെന്ന് നിര്‍ദേശിച്ചിരുന്നു. നാഷണല്‍ സാമ്പിള്‍ സര്‍വ്വേ കണക്കു പ്രകാരം ഇന്ത്യയിലെ കൃഷിക്കാരില്‍ 70 ശതമാനവും ചെറുകിട കര്‍ഷകരാണ്. ഇവരെ നികുതി പരിധിയില്‍ ഉള്‍പ്പെടുത്തില്ല. എന്നാല്‍ 10 ഹെക്ടറിലേറെ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് നികുതി നല്‍കേണ്ടി വരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
Post Your Comments