അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ തനിച്ചുമത്സരിക്കാനുള്ള ശിവസേനയുടെ തീരുമാനം അപ്രതീക്ഷിതമായിരുന്നു എന്ന് പറഞ്ഞുകൂടാ. ശിവസേന കഴിഞ്ഞകുറേക്കാലമായി പിന്തുടർന്നുവരുന്ന നിലപാടുകൾ പരിശോധിച്ചാൽ അവരെ സംബന്ധിച്ചിടത്തോളം അത്തരമൊരു തീരുമാനം അനിവാര്യമായിരുന്നു എന്ന് ബോധ്യമാവും. 2019 ൽ ശിവസേനയുടെ സഹായമോ പിന്തുണയോ ബിജെപിയും പ്രതീക്ഷിച്ചരിക്കില്ല എന്ന് കരുതുന്നയാളാണ് ഞാൻ. പിന്നെ ഒരു ഭരണകൂടത്തിൽ പങ്കാളിയാവുകയും അതേസമയം തന്നെ ആ സർക്കാരിനെ പരസ്യമായി വിമർശിക്കുകയും ചെയ്യുന്ന മൂന്നാം കിട രാഷ്ട്രീയം കൈമുതലാക്കിയിട്ടുള്ള ഒരു പാർട്ടി വിട്ട് പൊയ്ക്കോട്ടേ എന്നതാവണം ബിജെപി ദേശീയ നേതൃത്വം കരുതുന്നത്. ശിവസേനയ് ക്കിപ്പോൾ പ്രിയമിത്രമായി മാറിയിരിക്കുന്നത് രാഹുൽ ഗാന്ധിയും കോൺഗ്രസുമാണ് എന്നതും കാണാതെ പോയിക്കൂടല്ലോ.
എന്താണ് ശിവസേനയെ അലട്ടുന്നത്?. എനിക്ക് തോന്നുന്നു വിശകലനം ചെയ്യേണ്ടുന്ന ഒരു വിഷയമാണിത്. എത്രയോ കാലമായി ഒന്നിച്ചുനീങ്ങിയവരാണ് ബിജെപിയും ശിവസേനയും. ദേശീയരാഷ്ട്രീയത്തിൽ വലിയ പ്രാധാന്യമൊന്നുമില്ലാതിരുന്ന ശിവസേനയ്ക്ക് അവിടേക്ക് ഒരു വഴികാണിച്ചുകൊടുത്തതും ബിജെപിയാണ്. വേറെ വലിയ ഘടക കക്ഷികൾ ഒന്നുമില്ലാതിരുന്ന കാലത്ത് ശിവസേന ബിജെപിയുടെ കൂടെയുണ്ടായിരുന്നു എന്നതും ശരിയാണ്. അത് ബാൽ താക്കറെയുടെ കാലഘട്ടമാണ്. അദ്ദേഹം ആദരവ് അർഹിച്ചിരുന്നു; അത് അദ്ദേഹത്തിന് ബിജെപി നൽകുകയും ചെയ്തു. എന്നാൽ ബാൽ താക്കറെയ്ക്ക് ശേഷം ആ പാർട്ടിയുടെ അടിത്തറ തകരുന്നതാണ് കണ്ടത്. അത് പക്ഷെ ശിവസേന അംഗീകരിക്കാൻ തയ്യാറാല്ലതാനും. മറ്റൊന്ന് , താക്കറെയുടെ തന്നെ മരുമകൻ വേറിട്ടുപോയതും വേറെ കക്ഷിയുണ്ടാക്കിയതുമാണ്. ഇതൊക്കെയാണെങ്കിലും മുൻകാല ധാരണപ്രകാരമാണ് ബിജെപിയും സേനയും കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഏതാണ്ട് തുല്യം സീറ്റുകളിൽ. സാധാരണ മഹാരാഷ്ട്രയിൽ നിയമസഭയിലേക്ക് സേന കൂടുതൽ സീറ്റുകൾ മത്സരിക്കും, ലോകസഭയിലേക്കാവുംപോൾ സീറ്റ് കൂടുതൽ ബിജെപിക്ക്. ഇതായിരുന്നു ഒരു ഫോർമുല. പക്ഷെ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് തുല്യസീറ്റുകൾ വേണമെന്നായി ശിവസേന. അങ്ങിനെ അവസാന നിമിഷത്തിൽ വിട്ടുവീഴ്ചകൾ ചെയ്താണ് ബിജെപി ആ സഖ്യം നിലനിർത്തിയത്. തിരഞ്ഞെടു പ്പ് ഫലം വരുമ്പോൾ ബിജെപി കരസ്ഥമാക്കിയത് 23 സീറ്റുകൾ; ശിവസേനയ്ക്ക് കിട്ടിയത് 18 എണ്ണവും. ശിവസേനയ്ക്ക് പലതും നഷ്ടമായി. വോട്ടിന്റെ കണക്ക് കൂടി നോക്കൂ…… 27. 56 ശതമാനം വോട്ടാണ് ബിജെപി നേടിയത് ; ശിവ സേനക്ക് കിട്ടിയത് 20. 82 ശതമാനവും. രണ്ട് പാർട്ടികളുടെയും ജനപിന്തുണയുടെ ചിത്രം അനാവരണം ചെയ്യുന്നതായി ഈ തിരഞ്ഞെടുപ്പ് ഫലം എന്നത് പറയേണ്ടതില്ലല്ലോ.
അഞ്ചുമാസം കഴിഞ്ഞു നിയമസഭാ തിരഞ്ഞെടുപ്പായപ്പോൾ ശിവസേന പഴയ വാദഗതി കൊണ്ടുവന്നു. കൂടുതൽ സീറ്റുകൾ തങ്ങൾക്കുവേണം എന്നതുതന്നെ. മാത്രമല്ല കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനേക്കാൾ സീറ്റുകൾ കൂടുതൽ അവകാശപ്പെടുകയും ചെയ്തു. ലോകസഭാ തിരഞ്ഞെടുപ്പ് ചിത്രം മുന്നിൽ നിൽക്കെയാണ് അതിനവർ തയ്യാറായത്. കുറെയൊക്കെ ക്ഷമിക്കാൻ ബിജെപി തയ്യാറായി. അപ്പോൾ പരസ്യ വിമർശനവും മറ്റുമായി അവരെത്തുകയാണുണ്ടായത് . അങ്ങിനെയാണ് തനിച്ചു മത്സരിക്കുമെന്ന് അവർ ഭീഷണിയുയർത്തിയത്. അത് ബിജെപി ശരിവെച്ചു. അപ്പോഴും ബിജെപി അവരെ പറഞ്ഞുവിട്ടതല്ല എന്നതോർക്കുക. എന്തായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് ഫലമെന്നത് ചരിത്രത്തിന്റെ ഭാഗമാണ്. 260 സീറ്റുകളിൽ മത്സരിച്ച ബിജെപി 122 സീറ്റുകൾ നേടി; 282 ഇടത്ത് ജനവിധി തേടിയ ശിവസേനയ്ക്ക് ജയിക്കാനായത് വെറും 63 മണ്ഡലങ്ങളിൽ. കോൺഗ്രസ് -42 , എൻസിപി – 41, എംഎൻഎസ് -ഒന്ന് എന്നിങ്ങനെയായി സീറ്റ് ഘടന. അതിനൊക്കെശേഷവും സർക്കാരുണ്ടാക്കാൻ ശിവസേനയുടെ പിന്തുണ തേടിയാൽ മതി എന്നതായിരുന്നു ബിജെപി തീരുമാനം. അപ്പോൾ എൻസിപി ബിജെപിയെ പിന്തുണക്കാൻ തയ്യാറായിരുന്നു എന്നതോർക്കുക. പക്ഷെ ശിവസേനയെ കൂടെനിർത്താൻ തീരുമാനിച്ചു. എന്നിട്ടും അവർ പാഠം പഠിച്ചില്ലെങ്കിലോ?
തുടർന്ന് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് വന്നപ്പോഴും ശിവസേന സ്വന്തം അസ്തിത്വം തിരിച്ചറിയാൻ തയ്യാറല്ലായിരുന്നു. ആ തിരഞ്ഞെടുപ്പിൽ തനിച്ചു മത്സരിക്കാൻ ഏകപക്ഷീയമായി തീരുമാനിച്ചു എന്ന് മാത്രമല്ല അതിൽ ജയിക്കാനായി നരേന്ദ്ര മോഡി സർക്കാരിനും ബിജെപിക്കുമെതിരെ വ്യാപകമായി കുപ്രചരണം നടത്തുകയും ചെയ്തു. കോൺഗ്രസുകാർ പോലും അറയ്ക്കുന്ന വിധത്തിലുള്ള പ്രചാരണങ്ങൾ. പക്ഷെ, തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപി കരുത്തുകാട്ടി. ഏതാണ്ട് 3130 -ഓളം പഞ്ചായത്തുകളിൽ 2974ലും വിജയിച്ചു. 1565 ഗ്രാമ പഞ്ചായത്തുകളിൽ സർപഞ്ച് (ഗ്രാമത്തലവൻ) ആയി തിരഞ്ഞെടുക്കപ്പെട്ടത് ബിജെപിക്കാരാണ് . കോൺഗ്രസിന് -301, എൻസിപി – 194, ശിവസേന – 222 എന്നിങ്ങനെയാണ് പഞ്ചായത്തുകളിൽ വിജയിച്ചത്. ഒരുകാലത്ത് മഹാരാഷ്ട്രയിൽ വലിയ ശക്തിയായിരുന്നു എങ്കിലും ഇന്നിപ്പോൾ എല്ലുംതോലുമില്ലാത്ത അവസ്ഥയിലാണ് ശിവസേന എന്നത് ബോധ്യമാവാൻ വേറെയെന്താണ് വേണ്ടത്. സ്വാഭാവികമായും ലോകസഭാ തിരഞ്ഞെടുപ്പാവുമ്പോൾ കഴിഞ്ഞതവണ മത്സരിച്ച സീറ്റുകൾ അവർക്ക് ബിജെപിയോട് ആവശ്യപ്പെടാൻ കഴിയില്ല. ബിജെപി കൊടുക്കുകയുമില്ല. സിറ്റിംഗ് സീറ്റുകൾ പോലും അവർക്ക് കയ്യൊഴിയേണ്ടിവരും എന്നതാണ് അവസ്ഥ. അപ്പോൾ പിന്നെ സഖ്യം വിടുന്നതാണ് നല്ലതെന്ന് അവരുടെ നേതാക്കൾ ചിന്തിച്ചതിൽ അതിശയമില്ലല്ലോ.
ശിവസേന കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ ഒരു ബി- ടീമായി പ്രവർത്തിക്കുന്നത് കാണാനായിട്ടുണ്ട്. യു. പിയിലും മറ്റും അതാണവർ ചെയ്തത്. ഇക്കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ അവർ മത്സരിച്ചു, കുറെ മണ്ഡലങ്ങളിൽ. ഒരിടത്തെങ്കിലും കെട്ടിവെച്ച തുക കിട്ടിയെന്ന് തോന്നുന്നില്ല. പക്ഷെ കോൺഗ്രസുമൊത്ത് കടുത്ത നരേന്ദ്ര മോഡി – ബിജെപി വിരുദ്ധ പ്രചാരണം അവർ നടത്താൻ തയാറായി. കോൺഗ്രസുകാർ നൽകിയ പണത്തിന്റെ മറവിലാണ് ആ പ്രചാരണം എന്നൊക്കെ ചില ആക്ഷേപങ്ങൾ അന്ന് കേൾക്കുകയും ചെയ്തു. അതിന്റെ ശരിതെറ്റുകൾ വേറെ കാര്യം. കോൺഗ്രസുമായി അവർ അടുക്കുന്നു എന്നതാണ് അതിലൂടെ നൽകിയ മെസ്സേജ്. അത് ബിജെപിക്ക് കാണാതെ പോകാനുമാവില്ലല്ലോ. പക്ഷെ അപ്പോഴും ബാൽ താക്കറെയെ ഓർത്തിട്ടാവണം കേന്ദ്ര മന്ത്രിസഭയിൽ നിന്നോ മഹാരാഷ്ട്ര ഭരണത്തിൽ നിന്നോ ശിവസേനയെ ഇറക്കിവിട്ടില്ല. അതാണ് ബിജെപി കാണിച്ച, കാട്ടുന്ന മര്യാദ.
ബിജെപി കരുതലിൽ
മഹാരാഷ്ട്രയിൽ ബിജെപിയുമായി സഹകരിക്കാൻ എൻസിപി തയ്യാറാണ്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞവേളയിൽതന്നെ അവർ സർക്കാരുണ്ടാക്കാൻ പിന്തുണയ്ക്കാനും സഹകരിക്കാനുമൊക്കെ സന്നദ്ധമായകാര്യം നേരത്തെ സൂചിപ്പിച്ചുവല്ലോ . കേന്ദ്ര മന്ത്രിസഭയിൽ ചേർന്നാൽ കൊള്ളാം എന്നും അവർക്ക് ചിന്തയും ആഗ്രഹവുമുണ്ടായിരുന്നു. ശരദ് പവാർ നരേന്ദ്ര മോദിയുമായി നല്ല ബന്ധമാണ് പുലത്തുന്നത്. പലപ്പോഴും കോൺഗ്രസും ഇടത് പക്ഷവും രാജ്യ സഭ സ്തംഭിപ്പിക്കാനും മറ്റും തയ്യാറായപ്പോൾ പവാറും മറ്റും പുലർത്തിയ മാന്യതയും കാണാതെപോയിക്കൂടാ. അതുകൊണ്ടുതന്നെയാവണം ശിവസേനയുടെ പുലമ്പലുകളെ ഗൗരവത്തിലെടുക്കേണ്ടതില്ല എന്ന് ബിജെപി തീരുമാനിച്ചത്.
മറ്റൊരു ഘടകം കൂടിയുണ്ട് മഹാരാഷ്ട്രയിൽ. നാരായൺ റാണെ സ്വീകരിച്ച രാഷ്ട്രീയനിലപാടുകളാണ് അത്. ശിവസേനയിൽ രണ്ടാമനായി കരുതപ്പെട്ടിരുന്ന അദ്ദേഹം ശിവസേന വിട്ട് കോൺഗ്രസിൽ ചേരുകയാണുണ്ടായത് . കോൺഗ്രസ് -എൻസിപി സർക്കാരിൽ അദ്ദേഹം കരുത്തനും റവന്യു വകുപ്പ് മന്ത്രിയുമായിരുന്നു. ഇന്നദ്ദേഹം ബിജെപിയോട് അടുക്കുന്നു. കൊങ്കൺ മേഖലയിൽ നല്ല ജനപിന്തുണയുള്ള റാണെയുടെ പുതിയ നീക്കത്തെ ബിജെപി സ്വാഗതം ചെയ്തിരുന്നു. എന്നാൽ ബിജെപിയിൽ ചേരാനല്ല മറിച്ച് ഒരു പുതിയ പാർട്ടി ഉണ്ടാക്കാനാണ് ബിജെപി റാണെയോട് ആവശ്യപ്പെട്ടത്. അതിലൂടെ ശിവസേന, കോൺഗ്രസ് അണികളെ കൂടെനിർത്താൻ കഴിയുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. കൊങ്കൺ മേഖല മുൻപേതന്നെ ശിവസേനയുടെയും കോൺഗ്രസിന്റെയും ശക്തി കേന്ദ്രമാണ്. ബിജെപി അവിടെ വേണ്ടത്ര ശക്തമല്ലതാനും. അതിനിപ്പോൾ ബിജെപി പരിഹാരം കണ്ടിരിക്കുന്നു എന്നതാണ് യാഥാർഥ്യം. നാരായൺ റാണെയുടെ നീക്കവും അതിന് ബിജെപി നൽകുന്ന സഹകരണവും ശിവസേനയെ വിഷമിപ്പിച്ചു. ഇവിടെ കാണേണ്ടത്, ശിവസേന പോയാലും ബിജെപിക്ക് അവിടെ ജയിച്ചുകയറാൻ കഴിയുന്ന സാഹചര്യം ഇന്നുണ്ട് എന്നതാണ്. അതുകൊണ്ട് ശിവസേനയുടെ ഇന്നത്തെ ഭീഷണികൾ വിലപ്പോവാൻ പോകുന്നില്ല.
ഇനി ശിവസേന പ്രതീക്ഷിക്കുന്നത് ബിജെപി വിരുദ്ധ മുന്നണിയുടെ ഭാഗമാവുക എന്നതാണോ എന്നതറിയില്ല. രാഹുൽ ഗാന്ധിയുമായും കോൺഗ്രസുമായും ശിവസേന നേതാക്കൾ പുലർത്തുന്ന അടുപ്പം വ്യക്തമാണ്. പക്ഷെ ശിവസേനയുമായി ചേർന്നാൽ ദേശീയതലത്തിൽ മുസ്ലിം വോട്ടുകൾ നഷ്ടപ്പെടും എന്ന ഭയം കോൺഗ്രസിനുണ്ട്. ഇന്നത്തെ കാലത്ത് അത്തരമൊരു തീരുമാനം ആത്മഹത്യാപരമാവും എന്ന് കരുതുന്നവർ കോൺഗ്രസിലേറെയുണ്ടുതാനും; എന്നാൽ ചില നീക്കുപോക്കുകൾ ആവാം അതിന് തടസമുണ്ടാവില്ല എന്നതാണത്രേ കോൺഗ്രസുകാർ താക്കറെമാർക്ക് നൽകിയ സൂചനകൾ. അത് മനസ്സിൽ വെച്ചാണ് അവരിപ്പോൾ ബിജെപി ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചത്.
Post Your Comments