ഹൂസ്റ്റൺ: ഇന്ത്യന്‍ ബാലിക ഷെറിന്‍ മാത്യൂസിന്റെ ദാരുണ മരണം യു.എസിലെ ടെക്‌സാസ് സംസ്‌ഥാനത്ത് പുതിയ നിയമത്തിനു വഴിതുറക്കുന്നു. ഷെറിൻ മാത്യൂസിന്റെ ദാരുണ മരണം യുഎസിൽ കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച പുതിയൊരു നിയമത്തിന്റെ പിറവിക്കു കാരണമാകുന്നു. കൊച്ചു കുട്ടികളെ വീട്ടിൽ തനിച്ചാക്കിയിട്ടു പോകുന്നത് അതീവ ഗുരുതരമായ കുറ്റമാക്കാനാണ് അധികൃതർ ആലോചിക്കുന്നത്. ഷെറിന്‍ നിയമം (ഷെറിന്‍സ് ലോ) എന്നാകും ഇത് അറിയപ്പെടുക.
കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകരും അഭിഭാഷകരുമാണ് “ഷെറിന്‍ നിയമം” യാഥാര്‍ഥ്യമാക്കാന്‍ വേണ്ടി ശ്രമിക്കുന്നത്. ഷെറിന്‍ സംഭവം അങ്ങേയറ്റമാണെന്നും മാറ്റത്തിനു സമയമായെന്നും അഭിഭാഷക റീന ബെന പറഞ്ഞു. പത്തു വയസില്‍ താഴെയുള്ള ഒരു കുട്ടിയും വീട്ടില്‍ ഒറ്റയ്‌ക്കാകില്ലെന്ന് ഉറപ്പുവരുത്തണം. യു.എസിലെ മറ്റു പല സംസ്‌ഥാനത്തും സമാനമായ നിയമങ്ങളുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഷെറിന്റെ തിരോധാനത്തിനു പല കാരണങ്ങളും വെസ്‌ലി പറഞ്ഞെങ്കിലും കുട്ടിയെ തനിച്ചു വീട്ടിലാക്കി തലേന്നു രാത്രി വെസ്‌ലിയും സിനിയും അവരുടെ മകളുമായി ഹോട്ടലിൽ പോയതായി പിന്നീടു വെളിപ്പെടുത്തിയിരുന്നു.
ഇതാണു ‘ഷെറിൻ നിയമം’ കൊണ്ടുവരുവാൻ അധികൃതർക്കു പ്രേരണയായത്. വീട്ടിൽ കുട്ടികളെ തനിയെ ആക്കിയിട്ടു പോകാവുന്ന പ്രായം എത്രയെന്ന് ഇനിയും വ്യക്തതയായിട്ടില്ല. 9-10 വയസില്‍ താഴെയുള്ള കുട്ടികള്‍ വീട്ടില്‍ ഒറ്റയ്‌ക്കാകില്ല എന്നുറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. കുട്ടികളെ കാണാതായാല്‍ നിശ്‌ചിത സമയത്തിനുള്ളില്‍ പോലീസിനെ അറിയിക്കണമെന്നും വ്യവസ്‌ഥ ചെയ്യും. മലയാളി ദമ്പതികളായ വെസ്ലി മാത്യുവും സിനിയും ബിഹാറില്‍നിന്നു ദത്തെടുത്ത ഷെറിന്‍ മാത്യൂസി(മൂന്ന് വയസ്)നെ ഒക്‌ടോബര്‍ 22 നാണ് ഡാളസിലെ റിച്ചാര്‍ഡ്‌സണ്‍ പട്ടണത്തിലെ കലുങ്കിനടിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
Post Your Comments