തിരുവനന്തപുരം•റുബെല്ല വാക്‌സിനെതിരായ നിലപാട് സ്വീകരിച്ചതിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ നയത്തെപ്പോലും വെല്ലുവിളിക്കുന്ന എ.എം.ആരിഫ് എം.എല്‍.എയുടെ നടപടിയെക്കുറിച്ച് സി.പി.എം. മറുപടി പറയണം ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍.
മതത്തെയും ആചാരങ്ങളെയും അംഗീകരിക്കുന്നില്ലെന്നാണ് സി.പി.എം. പരസ്യമായി പറയുന്നത്. ഗണപതി ഹോമവും പാലുകാച്ചല്‍ ചടങ്ങുപോലും നടത്തരുതെന്നാണ് സി.പി.എമ്മിന്റെ പാലക്കാട് പ്ലീനം തീരുമാനിച്ചത്. ഇതെല്ലാം വിശ്വാസങ്ങളാണെന്നു പറഞ്ഞ് ഒഴിവാക്കുന്ന സി.പി.എമ്മിന്റെ ഉത്തരവാദപ്പെട്ട എം.എല്‍.എ, അവരുടെ സര്‍ക്കാര്‍തന്നെ നടത്തുന്ന ശാസ്ത്രീയമായൊരു കാര്യത്തെപ്പോലും പരസ്യമായി എതിര്‍ക്കുകയാണ്. കമ്മ്യൂണിസം ശാസ്ത്രമാണെങ്കില്‍ ശാസ്ത്രീയമായൊരു കാര്യത്തെ സി.പി.എമ്മിന്റെ ഒരു ഉത്തരവാദപ്പെട്ട അംഗം എതിര്‍ക്കുന്നത് എന്തടിസ്ഥാനത്തിലാണ്. ഗണപതിഹോമവും പാലുകാച്ചും പാടില്ലെന്നു പറയുന്ന സി.പി.എം. മതങ്ങളുടെ അടിസ്ഥാനത്തിലാണോ കാര്യങ്ങള്‍ പരിഗണിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കനുകൂലമായ നിലപാടാണോ ഇക്കാര്യങ്ങളിലും സി.പി.എം. കൈക്കൊള്ളുന്നത്.
വിശ്വാസത്തിന്റെ ചുവടുപിടിച്ച് പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കുന്നതിനെപ്പോലും എം.എല്‍.എ. നിരുത്സാഹപ്പെടുത്തുകയാണ്. ഇത് സി.പി.എമ്മില്‍ ഉണ്ടായിരിക്കുന്ന ജീര്‍ണതയുടെ ഉദാഹരണമാണ്. അല്ലെങ്കില്‍ താന്‍കൂടി അംഗമായ സര്‍ക്കാര്‍ നടപ്പിലാക്കിയ ഒരു പദ്ധതിക്കെതിരേ പരസ്യമായി പറഞ്ഞ എം.എല്‍.എയുടെ നടപടിയോട് സി.പി.എമ്മിന്റെ നിലപാടെന്താണെന്ന് ആ പാര്‍ട്ടി വ്യക്തമാക്കണം. റുബെല്ല കുത്തിവയ്പ്പിനെതിരേ വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരേ കോട്ടയം, മേലുകാവ് പോലീസ് കേസെടുത്തതുപോലെ വാക്‌സിനെതിരേ പരസ്യമായി പറഞ്ഞതിന് എ.എം.ആരിഫ് എം.എല്‍.എക്കെതിരേ കേസെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വി.മുരളീധരന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Post Your Comments