KeralaLatest NewsNews

ധനവകുപ്പിന്റെ മെല്ലെപ്പോക്ക് :തൊഴിലുറപ്പു പദ്ധതിക്ക് കേന്ദ്രം 100 കോടി നൽകിയിട്ടും കേരളം ഫണ്ട് അനുവദിച്ചില്ല

തിരുവനന്തപുരം : തൊഴിലുറപ്പു പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ 100 കോടി രൂപ നല്‍കിയിട്ടും സംസ്ഥാനം കേന്ദ്രവിഹിതത്തിന് ആനുപാതികമായി ഫണ്ട് അനുവദിച്ചില്ല. ഇതോടെ സംസ്ഥാനത്ത് സാധന സാമഗ്രികളുടെ വിലയും വിദഗ്ധ തൊഴിലാളികളുടെ വേതനവും അനിശ്ചിതമായി വൈകുന്നു. കൂടാതെ മൂന്നുദിവസത്തിനകം സംസ്ഥാന സര്‍ക്കാര്‍ ആനുപാതിക വിഹിതം അനുവദിക്കണമെന്ന് പണം നല്‍കുമ്പോള്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു. ഇല്ലെങ്കില്‍ 12 ശതമാനം പലിശ നല്‍കണം. കേന്ദ്രം പണം നല്‍കി രണ്ടാഴ്ച പിന്നിട്ട സാഹചര്യത്തില്‍ സംസ്ഥാനം പലിശയായി ലക്ഷങ്ങള്‍ അടയ്ക്കേണ്ട സ്ഥിതിയാണ്.

ജനുവരി ഒൻപതിനാണ് കേന്ദ്രം 100 കോടി അനുവദിച്ചത്. ആനുപാതികമായി 19.95 കോടി രൂപയാണ് സംസ്ഥാനസര്‍ക്കാര്‍ നല്‍കേണ്ടത്. ധനവകുപ്പിന്റെ മെല്ലെപ്പോക്കാണ് കേന്ദ്രത്തിനു പലിശ നല്‍കേണ്ട സ്ഥിതിയുണ്ടാക്കിയതെന്ന് തദ്ദേശവകുപ്പ് ആരോപിക്കുന്നു.കഴിഞ്ഞ സാമ്പ ത്തികവര്‍ഷം പൂര്‍ത്തിയാക്കിയ പ്രവൃത്തികളുടേതുള്‍പ്പെടെയുള്ള തുകയാണ് കുടിശ്ശികയായുള്ളത്. സംസ്ഥാനസര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നതു സംബന്ധിച്ച ഫയല്‍ തൊഴിലുറപ്പു മിഷന്‍ ഡയറക്ടര്‍ ജനുവരി 11-ന് സെക്രട്ടേറിയറ്റില്‍ നല്‍കിയെന്നാണ് സൂചന.

ഫയലിപ്പോള്‍ സെക്രട്ടേറിയറ്റില്‍ കുടുങ്ങിക്കിടക്കുകയാണ്. കേന്ദ്രഫണ്ട് യഥാസമയം ലഭിക്കാത്തതാണ് കുടിശ്ശിക നല്‍കാന്‍ താമസിക്കുന്നതെന്നാണ് ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്ന ന്യായം.അതേസമയം, സംസ്ഥാനവിഹിതം അനുവദിക്കുന്നത് വൈകിയാല്‍ കേന്ദ്ര ഫണ്ടിന്റെ അടുത്ത ഗഡു മുടങ്ങുമെന്ന് കേന്ദ്രം കേരളത്തിന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ശനിയാഴ്ച വരെയുള്ള കണക്കുപ്രകാരം വിദഗ്ധ തൊഴിലാളികളുടെ വേതനം ഇനത്തില്‍ വിവിധ ജില്ലകളിലായി 67.52 കോടി രൂപയുടെ കുടിശികയുണ്ട്.

ഇതില്‍ 31 കോടി രൂപയും മുന്‍ വര്‍ഷത്തേതാണ്. ആലപ്പുഴ ജില്ലയിലാണ് കൂടുതല്‍. 14.62 കോടി രൂപ.

shortlink

Related Articles

Post Your Comments

Related Articles


Back to top button