മാവേലിക്കര : ലാന്‍സ് നായിക് സാം ഏബ്രഹാം ജമ്മു കശ്മീരില്‍ രാജ്യത്തിനായി വീരമൃത്യു വരിച്ചതു രണ്ടുനാള്‍ മുൻപാണെങ്കിലും ഗര്‍ഭിണിയായ ഭാര്യ അനുവിനെ വിവരമറിയിച്ചത് ഇന്നലെ. കഴിഞ്ഞ വെള്ളിയാഴ്ച സാം പാക് ഭീകരരുടെ വെടിയേറ്റു വീഴുന്നതിനു ഒരു മണിക്കൂർ മുൻപും അനുവിനെ വിളിച്ചിരുന്നു. സാമിന്റെ മരണവിവരം എട്ടുമാസം ഗര്‍ഭിണിയായ അനുവിനെ അറിയിക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും രണ്ടുനാള്‍ കാത്തിരുന്നു.
സാമിന് അപകടമുണ്ടായെന്നും സാരമായ പരുക്കുണ്ടെന്നും മാത്രമാണു കൊല്ലം തേവലക്കരയിലായിരുന്ന അനുവിനെ അറിയിച്ചിരുന്നത്. പതിവുപരിശോധനകള്‍ക്കായി ഇന്നലെ കായംകുളത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടറാണു ഭര്‍ത്താവിന്റെ വിയോഗവാര്‍ത്ത അറിയിച്ചത്. തുടര്‍ന്നു മാവേലിക്കരയിലെ വീട്ടിലെത്തിയ അനുവിന്റെ സങ്കടം ഏവർക്കും നൊമ്പരമായി. ജമ്മുകശ്മീരിലെ സുന്ദര്‍ബനിയില്‍ പാക് വെടിവെയ്പില്‍ കൊല്ലപ്പെട്ട ലാന്‍സ് നായിക്ക് പോനകം തോപ്പില്‍ വീട്ടില്‍ സാം ഏബ്രഹാമി(35)ന് ഇന്നു ജന്മനാട് വിട നല്‍കും.
ഇന്നലെ രാവിലെ ഡല്‍ഹി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം രാത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു. പാങ്ങോട് മിലിട്ടറി ക്യാംപിലെ സൈനിക ഉദ്യോഗസ്ഥര്‍ സൈനിക ബഹുമതികളോടെ ധീരജവാന്റെ മൃതദേഹം ഏറ്റുവാങ്ങി. മിലിട്ടറി ക്യാമ്ബിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ മാവേലിക്കരയില്‍ എത്തിക്കും. രാവിലെ ഒന്‍പതു മുതല്‍ സാം പഠിച്ച മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് എച്ച്.എസ്.എസില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം വിലാപയാത്രയായി വീട്ടിലെത്തിക്കും.
സംസ്കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഉച്ചയ്ക്ക് രണ്ടിന് പുന്നമൂട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും.പിറക്കാനിരിക്കുന്ന കുരുന്നിനെക്കാണാന്‍ പ്രിയതമനില്ലെന്നറിഞ്ഞു തളര്‍ന്ന അനുവിനെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കുമായില്ല. അനുവിന്റെ പ്രസവത്തോടനുബന്ധിച്ചു നാട്ടിലെത്താനുള്ള തയാറെടുപ്പിലായിരുന്നു സാം. നവംബറില്‍ നാട്ടിലെത്തിയിരുന്നു. കഴിഞ്ഞ 11-നായിരുന്നു സാമിന്റെയും അനുവിന്റെയും മൂന്നാം വിവാഹവാര്‍ഷികം.
അടുത്ത നവംബറില്‍ വിരമിച്ചശേഷം കുടുംബത്തോടൊപ്പം കഴിയാമെന്ന ആഹ്ലാദത്തിലിരിക്കേയാണു നാട്ടിലേക്കു സാമിന്റെ അന്ത്യയാത്ര. വെള്ളിയാഴ്ച ഉച്ചയോടെയാണു ആറാം മദ്രാസ് റെജിമെന്റിലെ ലാന്‍സ് നായിക് സാം എബ്രഹാം പാക് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്.
Post Your Comments