കൊച്ചി: മുന്‍ പരിശീലകന് റെനെ മ്യുളന്‍സ്റ്റീനിന്റെ ആരോപണത്തില്‍ പ്രതികരണവുമായി കേരളാ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്. താനൊരു മദ്യപാനിയാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്നായിരുന്നു ജിങ്കന്റെ പ്രതികരണം. ജിങ്കന് ഒട്ടും പ്രഫഷണല്‍ അല്ലെന്നും മദ്യപാനിയാണെന്നുമായിരുന്നു റെനെയുടെ ആരോപണം. ജിങ്കന് കടുത്ത മദ്യപാനിയും പ്രഫഷണലിസം ഒട്ടും ഇല്ലാത്ത താരവുമാണെന്നാണ് റെനെ കഴിഞ്ഞ ദിവസം തുറന്നടിച്ചത്. മികച്ച നായകനാണ് ജിങ്കന്റെ വിശ്വാസമെങ്കില്‍ താനങ്ങനെ കരുതുന്നില്ലെന്നും മ്യൂളന്സ്റ്റീന് പറഞ്ഞു.
ഗോവയോട് 2-5ന് തോറ്റിട്ടും ജിങ്കന് നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുത്ത് പുലര്‍ച്ചെ നാല് മണിവരെ മദ്യപിച്ചതായി മ്യൂളന്സ്റ്റീന് കുറ്റപ്പെടുത്തി. അതേസമയം ജിങ്കന് മദ്യപാനിയാണെന്നുള്ള റെനെയുടെ പ്രസ്താവനയ്ക്കെതിരെ സൂപ്പര്‍ താരം സി.കെ വിനീത് ഇന്നലെ രംഗത്തെത്തിയിരുന്നു. മ്യൂളന്‍സ്റ്റീനിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് വിനീത് പറഞ്ഞത്. ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഗോള്‍ നേടിയപ്പോള്‍ താന്‍ റിനോ ആന്റോയുമായി ചേര്‍ന്ന് ആഘോഷിച്ചത് ജിങ്കന് പിന്തുണ നല്‍കികൊണ്ടാണ്. മ്യൂളന്‍സ്റ്റീനിന്റെ ആരോപണങ്ങള്‍ക്ക് ഉടന്‍ മറുപടി നല്‍കുമെന്നും വിനീത് പറഞ്ഞു.
>മുഴുവന്‍ താരങ്ങളും മാനേജ്മെന്റും ജിങ്കനൊപ്പമാണെന്നും വിനീത് പ്രതികരിച്ചു. ബ്ലാസ്റ്റേഴ്സിന്റെ തുടര്‍തോല്‍വികള്‍ക്ക് പിന്നാലെയാണ് പരിശീലകനായ റെനെ രാജിവെച്ച് പുറത്ത് പോയത്. റെനെ രാജിവെച്ചതിനുശേഷം ടീമിന്റെ പരിശീലകസ്ഥാനത്തെത്തിയ മുന്‍ നായകനും പരിശീലകനുമായ ഡേവിഡ് ജയിംസിനു കീഴില്‍ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് കാഴ്ചവെക്കുന്നത്. അതേസമയം ഇന്നലെ എഫ്.സി ഗോവയ്ക്കെതിരെ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.
ഗോവയ്ക്കെതിരായ മത്സരത്തില്‍ ആദ്യപകുതിയില്‍ ഗോള്‍ നേടിയപ്പോള്‍ കുഴഞ്ഞു കുടിക്കുന്ന രീതിയിലായിരുന്നു വിനീതിന്റെ ഗോളാഘോഷം. റിനോ ആന്റോയും വിനീതിനൊപ്പം ഗോള്‍നേട്ടം ഇതേ രീതിയില്‍ ആഘോഷിച്ചു. ലീഗില്‍ 12 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്സിന് ഇതുവരെ മൂന്നു ജയം ഉള്‍പ്പെടെ 14 പോയിന്റാണുള്ളത്. മറ്റു ടീമുകളെല്ലാം കേരളത്തേക്കാള്‍ കുറച്ചു മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത്. ആദ്യ നാലു സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്ക് ബ്ലാസ്റ്റേഴ്സിനെക്കാള്‍ അഞ്ചു പോയിന്റിന്റെ മുന്‍തൂക്കവും ഉണ്ട്. ഇനിയുള്ള മത്സരങ്ങളിലെല്ലാം ജയിച്ചാല്‍ പ്ലേഓഫ് ഇപ്പോഴും അകലെയല്ല.
Post Your Comments