തിരുവനന്തപുരം : മുന്‍സര്‍ക്കാരിന്റെ കാലത്തു ബജറ്റ് അവതരണം തടസപ്പെടുത്താന്‍ ഇടത് എം.എല്‍.എമാര്‍ നിയമസഭയില്‍ നടത്തിയ അക്രമം സംബന്ധിച്ച കേസ് പിൻവലിക്കാൻ നീക്കം. കേരളം നിയമസഭയിലെ അസാധാരണമായ ഈ സംഭവങ്ങൾ രാജ്യമെങ്ങും ചർച്ച ചെയ്തിരുന്നു.ബാര്‍ കോഴ ആരോപണത്തിന്റെ പേരില്‍ അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണത്തിനെതിരേ നടന്ന അക്രമാസക്ത പ്രതിഷേധത്തില്‍ രണ്ടുലക്ഷം രൂപയുടെ നഷ്ടമാണു നിയമസഭയ്ക്കുണ്ടായത്.
കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കേസിലെ പ്രധാന പ്രതിയായ ബി ശിവൻകുട്ടി നൽകിയ കത്ത് തുടര്‍നടപടിക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമവകുപ്പിനു കൈമാറി. ഇന്നു ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കേയാണു കഴിഞ്ഞ സര്‍ക്കാരിന്റെ ബജറ്റ് സമ്മേളനത്തിലെ അക്രമക്കേസ് പിന്‍വലിക്കാനുള്ള നീക്കം. 2015 മാര്‍ച്ച് 13-നാണ് കേരളത്തെ ലജ്ജിപ്പിച്ച സംഭവങ്ങള്‍ നിയമസഭയില്‍ അരങ്ങേറിയത്. അക്രമം അന്നത്തെ പ്രത്യേക രാഷ്ട്രീയസാഹചര്യത്തില്‍ സംഭവിച്ചതാണെന്നും അതിനാല്‍ കേസ് പിന്‍വലിക്കണമെന്നുമാണു ശിവന്‍കുട്ടിയുടെ നിവേദനം.
ഇതുസംബന്ധിച്ചു നിയമവകുപ്പിന്റെ നിലപാട് ആഭ്യന്തരവകുപ്പിനെ അറിയിച്ചിട്ടില്ല. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടേതാകും അന്തിമതീരുമാനം. കേസ് സര്‍ക്കാര്‍ പിന്‍വലിച്ചാലും കോടതിയുടെ അംഗീകാരം വേണം.
Post Your Comments