Latest NewsNewsIndia

കാരാട്ടും യെച്ചൂരിയും തമ്മിലുള്ള ശീതയുദ്ധം പുറത്തേയ്ക്ക് : സീതാറാം യെച്ചൂരിയ്ക്ക് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം തെറിച്ചേക്കും

ന്യൂഡല്‍ഹി: മുന്നോട്ടുവെച്ച രാഷ്ട്രീയസമീപനം കേന്ദ്രകമ്മിറ്റി തള്ളിയതോടെ സീതാറാം യെച്ചൂരിയുടെ ജനറല്‍സെക്രട്ടറി സ്ഥാനം പ്രതിസന്ധിയില്‍. ധാര്‍മികമായി അദ്ദേഹത്തിന് പദവിയില്‍ തുടരാനാവില്ല. കേന്ദ്രകമ്മിറ്റിയില്‍ ഭൂരിപക്ഷത്തിന്റെ വിശ്വാസമുറപ്പിക്കാനാവാത്ത സ്ഥിതി വന്നതിനാല്‍ വരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരിക്ക് സ്ഥാനമൊഴിയേണ്ടിവരും.

ജനറല്‍ സെക്രട്ടറിയുടെ ലൈന്‍ പാര്‍ട്ടി നിരസിക്കുന്ന മൂന്നാമത്തെ സന്ദര്‍ഭമാണിത്. അടിയന്തരാവസ്ഥക്കാലത്ത് ജനറല്‍ സെക്രട്ടറിയായിരുന്ന പി. സുന്ദരയ്യ രാജി വെച്ചത് ഇങ്ങനെയായിരുന്നു. ജനസംഘത്തെയും മറ്റുംകൂട്ടി അടിയന്തരാവസ്ഥയെ ചെറുക്കുന്നതിന് എതിരായിരുന്നു സുന്ദരയ്യ. അടിയന്തരാവസ്ഥ ദീര്‍ഘകാല പ്രതിഭാസമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍. അതിനാല്‍ പാര്‍ട്ടി പൂര്‍ണമായും ഒളിവില്‍ കഴിഞ്ഞുള്ള സംഘടനാ സംവിധാനത്തിനുവേണ്ടി അദ്ദേഹം വാദിച്ചു. ഇത്തരമൊരു രാഷ്ട്രീയസമീപനം കേന്ദ്രകമ്മിറ്റി തള്ളിയതോടെ സുന്ദരയ്യ സ്ഥാനമൊഴിഞ്ഞു.

പിന്നീട്, ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനായിരുന്നു സമാനമായ സ്ഥിതി. ഐക്യമുന്നണിസര്‍ക്കാര്‍ വേളയില്‍ ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കണമെന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. അന്നു ജനറല്‍ സെക്രട്ടറിയായിരുന്ന സുര്‍ജിത്തിന്റെ വാദം കേന്ദ്രകമ്മിറ്റിയില്‍ അംഗീകരിക്കപ്പെട്ടില്ല. തുടര്‍ന്ന്, ഏറെ ദിവസം അദ്ദേഹം പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി. ഭവനില്‍ വരാതെ മാറിനിന്നു. അന്ന് പി.ബി.അംഗങ്ങളായിരുന്ന കാരാട്ടും യെച്ചൂരിയും അനുനയിപ്പിച്ചതിനെ തുടര്‍ന്ന് അദ്ദേഹം തിരിച്ചെത്തി.

ഇന്ന് ജനറല്‍ സെക്രട്ടറി യെച്ചൂരി കേന്ദ്രകമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്

അനഭിമതനാവുമ്പോള്‍ അന്നത്തെ സൗഹൃദാന്തരീക്ഷം സി.പി.എമ്മില്‍ ഇല്ല എന്നതാണ് വാസ്തവം. കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലി കാരാട്ടും യെച്ചൂരിയും തമ്മിലുള്ള യുദ്ധം നേതൃത്വത്തിന്റെ വിഭാഗീയതയ്ക്കും തെളിവായിരുന്നു. ഇതില്‍ ഒരു പക്ഷം വിജയമുറപ്പിച്ചതോടെ ഇപ്പോഴത്തെ ഭിന്നത കേവലം പ്രത്യയശാസ്ത്ര സംവാദത്തില്‍ അവസാനിക്കാനിടയില്ല.

കാരാട്ടിന്റെ വാദം വിജയിച്ചതോടെ കേന്ദ്ര നേതൃത്വത്തില്‍ കേരളഘടകം കൂടുതല്‍ കരുത്താര്‍ജിച്ച നിലയായി. തുടക്കം മുതല്‍ കേരളഘടകത്തിന്റെ കണ്ണിലെ കരടായ യെച്ചൂരിക്ക് ഈ സര്‍വാധിപത്യത്തെ മുറിച്ചു കടക്കുക എളുപ്പവുമല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button