ദുബായ് : വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലില്‍ ഗരിമ ഭര്‍ത്താവിന്റെ അരികിലെത്തി. ‘നന്ദിയുണ്ട് സുഷമ മാഡം. അദ്ദേഹം എന്നെ തിരിച്ചറിഞ്ഞുവെന്നാണ് കരുതുന്നത്. കണ്ണുകള്‍ നനഞ്ഞിരുന്നു. എന്റെ കുടുംബം മുഴുവന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു’ഗരിമ ട്വിറ്ററില്‍ കുറിച്ചു. ഏതാനും ദിവസം ആശുപത്രിയില്‍ ഭര്‍ത്താവിനൊപ്പം നില്‍ക്കാനാണ് പദ്ധതിയെന്ന് യുവതി വ്യക്തമാക്കി. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് ഗരിമ ദുബായിലേക്ക് തിരിച്ചത്. മസ്തിഷ്കാഘാതം സംഭവിച്ച് ദുബായിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ ഗരിമയ്ക്ക് കഴിഞ്ഞത് സുഷമ്മയുടെ ഇടപെടലിന്റെ ഫലമാണ്.
ട്വിറ്ററിലൂടെ കാര്യങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ അതിവേഗം പരിഹാരമുണ്ടാകുമെന്ന് തെളിയിക്കുന്ന സംഭവം. ഭര്‍ത്താവിനെ കാണാന്‍ അത്യാവശ്യമായി വിസിറ്റിങ് വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗരിമ ട്വിറ്ററിലൂടെ സുഷമയോട് അഭ്യര്‍ത്ഥന നടത്തിയത്. തുടര്‍ച്ചയായി ട്വീറ്റ് ചെയ്തതോടെ വിഷയത്തില്‍ കൂടുതല്‍ ആളുകള്‍ ഇടപെട്ടു. ഒടുവില്‍ സുഷമ ഇടപെട്ട് യുവതിക്ക് ദുബായിലേക്കുള്ള വിസ അനുവദിക്കുകയും ചെയ്തു. ജനുവരി 17 മുതല്‍ ഗരിമ ട്വിറ്ററിലൂടെ മന്ത്രിയുടെയും മറ്റ് അധികൃതരുടെയും ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു.
ഭര്‍ത്താവിനെ കണ്ട യുവതിയും സന്തോഷം മറച്ചു വയ്ക്കുന്നില്ല. മന്ത്രി സുഷമ സ്വരാജിനും മറ്റു ഉദ്യോഗസ്ഥര്‍ക്കും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തിയ ഗരിമ, തനിക്കൊപ്പം നിന്ന മുഴുവന്‍ ജനങ്ങളോടും നന്ദി അറിയിച്ചു. ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവിനൊപ്പമുള്ള ചിത്രവും യുവതി ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഏതാണ്ട് 1500ല്‍ അധികം തവണ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്യപ്പെട്ടു. വെള്ളിയാഴ്ച രാവിലെ മന്ത്രി സുഷമ സ്വരാജ് ഗരിമയ്ക്ക് മറുപടിയുമായി രംഗത്തെത്തി. ദുബായിലെ കോണ്‍സുലേറ്റ് ജനറലിനെ ടാഗ് ചെയ്തു കൊണ്ടായിരുന്നു സുഷമയുടെ മറുപടി.
ക്ഷമ ചോദിക്കുന്നുവെന്നും തീര്‍ച്ചയായും നിങ്ങളെ സഹായിക്കുമെന്നുമായിരുന്നു ആദ്യ മറുപടി. ‘തന്റെ ഭര്‍ത്താവ് അതീവ ഗുരുതരാവസ്ഥയില്‍ ദുബായിലെ ആശുപത്രിയിലാണ്. മെഡിക്കല്‍ എമര്ജനിയുടെ കീഴില്‍ അടിയന്തര വിസയ്ക്ക് ഞാന്‍ അപേക്ഷിച്ചിട്ടുണ്ട്. വിസ ഉടന്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദയവായി സഹായിക്കണം. നാളെ വെള്ളിയാഴ്ച ആയതിനാല്‍ യുഎഇ എംബസി അവധിയായിരിക്കും ദയവായി സഹായിക്കണം’ ഗരിമ വ്യാഴാഴ്ച ട്വിറ്ററില്‍ കുറിച്ചു. ഇതാണ് ഫലം കണ്ടത്. കോണ്‍സുലേറ്റ് ജനറല്‍ വിപുലിനോട് വിഷയത്തില്‍ ഇടപെടാനും സുഷമ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ ഭര്‍ത്താവിന് ആവശ്യമായ സഹായം നല്‍കാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്ന് സുഷമ ട്വിറ്ററിലൂടെ വ്യക്തമാക്കി. സുഷമ സ്വരാജ് തന്നെ നേരിട്ടുവിളിച്ചുവെന്നും ഗരിമ പറഞ്ഞിരുന്നു.
Post Your Comments