കോട്ടയം: ഖജനാവു നിറയ്ക്കാന്‍ കുടിപ്പിക്കുന്നതും സര്‍ക്കാര്‍, കുടുക്കുന്നതും സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സര്‍ക്കാര്‍ ഖജനാവു നിറയ്ക്കാന്‍ ആശ്രയിക്കുന്നതു പെറ്റിക്കേസിനെയും മദ്യവില്‍പ്പനയെയെന്നും റിപ്പോര്‍ട്ട്. രാവിലെ 10 മുതല്‍ രാതി 9 വരെയാണ് മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കുന്നത്. അതുപോലെ ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് സമയത്തില്‍ ഇളവ് നല്‍കാമെന്നാണ് രഹസ്യമായി നല്‍കിയിരിക്കുന്ന നിര്‍ദേശം.
കഴിഞ്ഞ ക്രിസ്മസ് സീസണില്‍ 440 കോടിയായിരുന്നു ബിവറേജസ് കോര്‍പ്പറേഷന്റെ വരുമാനം. ഇത്രയധികം തുക ഈ മാസവും കണ്ടെത്തണമെന്നാണു ബിവറേജസ് കോര്‍പ്പറേഷന് ധനവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ബിവറേജസ് കോര്‍പ്പറേഷനില്‍നിന്നും പോലീസിന്റെ പെറ്റിക്കേസിലും പ്രതീക്ഷയര്‍പ്പിച്ചിരിക്കുയാണു ധനവകുപ്പ്. ഒരുമാസം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കുമായി 1200 കോടി രൂപയോളം ശമ്പളത്തിനായി മാത്രം സര്‍ക്കാര്‍ കണ്ടെത്തേണ്ടതുണ്ട്.
ഇതു കൂടാതെ പെന്‍ഷനും മറ്റ് ചെലവുകള്‍ക്കും പണം കണ്ടെത്തണം. ഇതേ സര്‍ക്കാരാണു പരമാവധി മദ്യപരെ പിടികൂടാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരു പോലീസ് സ്റ്റേഷന്റെ പരിധിയില്‍ ശരാശരി മദ്യപിച്ച് വാഹനമോടിക്കുന്ന അഞ്ചു പേരെയെങ്കിലും പിടികൂടണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം. ഈ മാസത്തെ ശമ്പളം നല്‍കാന്‍ മദ്യപര്‍ കനിയേണ്ടി വരുമെന്നു വ്യക്തം. ഒരു ദിവസം ആയിരം പെറ്റിക്കേസെങ്കിലും ചാര്‍ജ് ചെയ്യണമെന്നാണു അടുത്ത നിര്‍ദേശം. ഇതിനായി ഇരുചക്രവാഹനങ്ങളെയും കാറുകളെയുമാണ് പ്രധാനമായും പോലീസ് ലക്ഷ്യമിടുന്നത്.
വഴിയോരത്തു പാര്‍ക്കുചെയ്യുക, സീറ്റ് ബെല്‍റ്റ് ഇല്ലാതിരിക്കുക, അമിത വേഗത്തില്‍വാഹനം ഓടിക്കുക, ഇവയെല്ലാമാണ് പെറ്റിയടിക്കാനുളള കാരണങ്ങള്‍. ഇതൊന്നും കിട്ടിയില്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം കണ്ടെത്തിയാണെങ്കിലും പിഴ ഈടാക്കണമെന്നാണു നിര്‍ദേശം. നഗരങ്ങളില്‍ ബൈക്കു പട്രോളിങ്ങിനുളള സംഘത്തിന്റെ പ്രധാന ഡ്യൂട്ടി തന്നെ വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുകയാണ്. ഇതനുസരിച്ച് സ്റ്റേഷന്റെ പരിധിയില്‍ ശരാശരി ഒരുദിവസം പതിനായിരം രൂപയുടെ പെറ്റിക്കേസുകള്‍ പിടിക്കേണ്ടി വരും. ഇത്തരത്തില്‍ ഒന്നരക്കോടിയോളം രൂപയാണ് ഒരു മാസം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. മറ്റ് പെറ്റിക്കേസുകളുടെ തുക വേറെയാണ്.
Post Your Comments