മുംബൈ: ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളുമായി ഇടപാടുകള്‍ നടന്നു എന്ന് കരുതുന്ന ചില ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. എസ്ബിഐ, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക്, ഐസിഐസിഐ തുടങ്ങിയ ബാങ്കുകളാണ് അക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്തത്. സസ്‌പെന്റ് ചെയ്യാത്ത അക്കൗണ്ടുകള്‍ക്ക് നിയന്ത്രണവും ബാങ്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് പരിധി നിശ്ചയിക്കല്‍ ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഇത്തരം അക്കൗണ്ടുകള്‍ വഴി വന്‍തോതില്‍ കള്ളപ്പണം ഒഴുക്കുന്നുവെന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നീക്കം. എക്‌സ്‌ചേഞ്ചുകളിലെ പ്രൊമോട്ടര്‍മാരോട് വിവിധ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതായും ബാങ്കുകളുമായി ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു. ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളുടെ കറന്റ് അക്കൗണ്ടുകളിലെ ഇടപാടുകള്‍ ബാങ്കുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. സെബ്‌പെ, യുനോകോയിന്‍, കോയിന്‍സെക്യുര്‍, ബിടിസിഎക്‌സ് ഇന്ത്യ തുടങ്ങിയ പത്ത് എക്‌സ്‌ചേഞ്ചുകളിലെ ചില അക്കൗണ്ടുകളിലാണ് നടപടിയെടുത്തിരിക്കുന്നത്.
Post Your Comments