നെടുങ്കണ്ടം: ചികിത്സാസഹായത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തുന്ന സംഘത്തിലെ പ്രധാനിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. റാന്നി ഈട്ടിചുവട് സ്വദേശി സാംസണ്‍ സാമുവലാ(59)ണ് പിടിയിലായത്. ഇയാള്‍ മുക്കാരണത്ത് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി എന്ന പേരില്‍ റാന്നിയില്‍ സ്ഥാപനം നടത്തുന്നുണ്ട്. വർഷങ്ങളായി ഇയാൾ ഇത്തരത്തിൽ പണപ്പിരിവ് നടത്തുന്നുണ്ട്.
സഹായം ആവശ്യമുള്ളവരുടെ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച് വാഹനത്തില്‍ ഗാനമേള നടത്തി പണം പിരിക്കുന്നതാണ് ഇവരുടെ രീതി. കുട്ടിയുടെ ചികിത്സയ്ക്കെന്ന വ്യാജേന വ്യാഴാഴ്ച നെടുങ്കണ്ടത്ത് ഒരു സംഘം പിരിവ് നടത്തവേ, ഇതേ കുട്ടിയുടെ ചിത്രം പതിച്ച മറ്റൊരു വാഹനം കൂടി സ്ഥലത്തെത്തിയതോടെ നാട്ടുകാര്‍ ഇവരെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
മണിമല സ്വദേശികളായ കൈത്തുങ്കല്‍ ജോയി, ചാരുവേലില്‍ സുകുമാരന്‍ എന്നിവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് സാംസണെ അറസ്റ്റ് ചെയ്തത്.നെടുങ്കണ്ടത്തു നിന്നു മാത്രം 13,000-ലധികം രൂപയാണ് ഒരു ദിവസം കൊണ്ട് ഇവര്‍ പിരിച്ചെടുത്തത്. വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments