പാലക്കാട്: തച്ചമ്പാറയില്‍ ചികിത്സാ സഹായത്തിനായി സിപിഎം പ്രാദേശിക നേതൃത്വം പിരിച്ച പണം കൈമാറിയില്ലെന്ന് പിതാവിന്റെ പരാതി.തച്ചമ്പാറ സ്വദേശി കുമാരനാണ് സിപിഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കും പരാതി നല്‍കിയത്.എന്നാല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നിന്നും ശേഖരിച്ച പണമാണിതെന്നും ചികിത്സയിലിരുന്ന ആള്‍ മരിച്ചതിനെ തുടര്‍ന്നാണ് വിതരണം നടക്കാതെ പോയതെന്നും പ്രദേശിക നേതൃത്വം വ്യക്തമാക്കി.
തച്ചമ്പാറ പുത്തന്‍കുളം സ്വദേശി കുമാരന്റെ മകള്‍ അശ്വതി തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായതിന് പിന്നാലെയാണ് പാര്‍ട്ടി നേതൃത്വത്തില്‍ പണം പിരിച്ചത്.തൃശൂര്‍ ജൂബിലിമിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അശ്വതി ഡിസംബര്‍ 19 ന് മരിച്ചു. നിരവധി രാഷ്ടീയ പാര്‍ട്ടികളും സംഘടനകളും ചികിത്സാ സഹായം നല്‍കിയിരുന്നു.
എന്നാല്‍ സിപിഎം പുത്തന്‍കുളം ബ്രാഞ്ച് സെക്രട്ടറിയും തച്ചമ്പാറ ലോക്കല്‍ കമ്മറ്റിയംഗവുമായ ഷാജ് മോഹന്റെ നേതൃത്വത്തില്‍ ചികിത്സക്കായി പിരിച്ച പണം തങ്ങള്‍ക്ക് കിട്ടിയില്ലെന്നാണ് കുമാരന്റെ പരാതി.സിപിഎം സംസ്ഥാന സെക്രട്ടറി, പാലക്കാട് ജില്ലാ സെക്രട്ടറി, മണ്ണാര്‍ക്കാട് ഏരിയാ സെക്രട്ടറി എന്നിവര്‍ക്കാണ് കുമാരന്‍ പരാതി നല്‍കിയത്.
എന്നാല്‍ വ്യക്തിപരമായി ഒരു പിരിവും നടത്തിയിട്ടില്ലെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്.ചികിത്സ സഹായത്തിനായി അന്ന് പാര്‍ട്ടി അംഗങ്ങളില്‍ നിന്നാണ് തുക ശേഖരിച്ചത്.14,000 രൂപ കിട്ടിയെങ്കിലും അശ്വതി മരിച്ചതോടെ വിതരണം മാറ്റി വെക്കുകയാണുണ്ടായതെന്നും പ്രാദേശിക നേതൃത്വം വിശദീകരിച്ചു. പിരിച്ച തുക തച്ചമ്പാറ കാര്‍ഷികോല്‍പാദന സഹകരണ സംഘത്തില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി എന്നാല്‍ മകളുടെ പേരില്‍ പിരിച്ച പണം കൈമാറണമെന്നാണ് കുമാരന്റെ ആവശ്യം.
Post Your Comments