കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് ശ്യാം പ്രസാദ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. എസ് ഡി പി ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായ നാലുപേരും. കഴിഞ്ഞ ദിവസം തന്നെ ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പാറക്കണ്ടം സ്വദേശി മുഹമ്മദ് (20), സലിം (26), അളകാപുരം സ്വദേശി അമീര്‍ (25), പാലയോട് സ്വദേശി ഹാഷിം (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളില്‍ത്തന്നെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്യാമപ്രസാദിനെ കാറില്‍ എത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി വെട്ടികൊലപ്പെടുത്തുകയായിരുന്നു. വെട്ടേറ്റ ശ്യാം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അക്രമികള്‍ പിന്തുടര്ന്ന് വെട്ടുകയായിരുന്നു. അക്രമത്തില്‍ ശ്യാമിന്റെ കഴുത്തിനു പിന്നില്‍ മാരകമായി വെട്ടേറ്റിരുന്നു.
കൈപ്പത്തി അറ്റു തൂങ്ങിയ നിലയിലായിരുന്നു. ശ്യാമിനെ കൂത്തുപറമ്പ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി കണ്ണൂരില്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളെജില്‍ നിന്നും വിലാപയാത്രയായി കൊണ്ടു പോകും.
Post Your Comments