കുരീപ്പള്ളി : ജിത്തു ജോബിന്റെ കൊലപാതകത്തിനു പിന്നില്‍ താന്‍ മാത്രമാണെന്ന അമ്മ ജയമോളുടെ ഏറ്റുപറച്ചില്‍ പൊലീസിനു കാര്യങ്ങള്‍ വേഗത്തിലാക്കിയെങ്കിലും സംശയത്തിന്റെ നിഴലുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. നാട്ടുകാരിലും ചില ബന്ധുക്കളിലും ഇത്തരം സംശയങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കൊലപാതകത്തെപ്പറ്റി ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നു.
കൊലപാതകം ഒറ്റയ്ക്കു നടത്തിയെന്ന് അമ്മ മൊഴി നല്‍കുമ്പോഴും 14 വയസുള്ള മകന്റെ ശരീരം ഒറ്റയ്ക്ക് എങ്ങനെ വീടിനു പുറത്തു കൊണ്ടുവന്നു എന്നതും മതിലിനു പുറത്ത് എത്തിച്ചു എന്നതും സംശയത്തിന് ഇടയാക്കുന്നു
മനുഷ്യ ശരീരത്തില്‍ തീ കത്തിയാല്‍ ഉണ്ടാകുന്ന ഗന്ധം കിലോമീറ്ററോളം വ്യാപിക്കും. പ്രത്യേകിച്ചും മുടി കത്തിയാല്‍.
കൃത്യം നടന്നുവെന്നു പറയുന്ന സമയം മുതല്‍ ജിത്തു ജോബിനെ കാണാതായി എന്ന വിവരം നാട്ടുകാരും ഭര്‍ത്താവും അറിയുന്ന ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇത്രയും പ്രവൃത്തികള്‍ ജയമോള്‍ എങ്ങനെ ഒറ്റയ്ക്കു ചെയ്തു?
മൃതദേഹത്തില്‍ വെട്ടിയ പാടുകള്‍ ഇല്ലെന്നും കത്തിച്ചപ്പോള്‍ മാംസം അടര്‍ന്നു പോയതാണെന്നും പറയുന്നു. എങ്കില്‍ മൃതദേഹത്തിന് അരികില്‍ കണ്ട വെട്ടുകത്തി ആര് കൊണ്ടിട്ടു?
മൃതദേഹം കിടന്ന വാഴത്തോട്ടം ജിത്തു ജോബിന്റെ വീടിന് 600 മീറ്റര്‍ അകലെയാണ്. തിങ്കള്‍ രാത്രി കൊലപാതകം നടത്തുകയും വാഴത്തോട്ടത്തില്‍ ബുധന്‍ വൈകിട്ടോടെ പൊലീസ് കണ്ടെത്തുകയും ചെയ്തു. ഇത്രയും ദിവസം മൃതദേഹം പറമ്പില്‍ കിടന്നുവെങ്കില്‍ നായ്ക്കളോ മറ്റോ കടിച്ചുവലിച്ചതിന്റെ ലക്ഷണങ്ങളും കണ്ടില്ല.
സംഭവത്തില്‍ ആരെയെങ്കിലും സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടോയെന്നു സംശയം. സംഭവത്തെക്കുറിച്ചു വിശദീകരിക്കാന്‍ ഇന്നലെ വൈകിട്ടു മാധ്യമ സമ്മേളനം വിളിക്കുമെന്നു പൊലീസ് അറിയിച്ചെങ്കിലും അവസാന നിമിഷം ഒഴിവാക്കിയത് എന്തിന്? അങ്ങനെ നിരവധി ചോദ്യങ്ങളാണ് പൊലീസിന്റെ മുന്നില്‍ ഇപ്പോഴുള്ളത്.
മകനെ നിഷ്ഠുരം കൊന്ന അമ്മയെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ കുരീപ്പള്ളിയിലെ സെബദിയില്‍ തടിച്ചുകൂടിയിരുന്നു. പൊലീസ് വാഹനത്തില്‍ കൊണ്ടുവന്ന പ്രതിയെ വീടിനു മുറ്റത്തേക്കു വാഹനം കയറ്റിയ ശേഷമാണു പുറത്തിറക്കിയത്. അടുക്കളഭാഗത്തേക്ക് അമ്മയെ പൊലീസ് കൊണ്ടുപോകുമ്പോള്‍ മുന്‍ഭാഗത്തു മകള്‍ നിറകണ്ണുകളോടെ ഉണ്ടായിരുന്നു.
ജയമോളെ അടുക്കളഭാഗത്തും മുകളിലത്തെ നിലയിലും തീയിട്ട ഭാഗത്തും എത്തിച്ചു തെളിവെടുപ്പു നടത്തി. പിന്നീട് മൃതദേഹം കിടന്ന പറമ്പിലേക്കു കൊണ്ടുപോയി. ഈ സമയം നാട്ടുകാരില്‍ ഒരാള്‍ ജയമോള്‍ക്കു നേരെ ചീമുട്ട എറിഞ്ഞു. പൊലീസ് ലാത്തി വീശി. തെളിവെടുപ്പിനുശേഷം പ്രതിയെ ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.
Post Your Comments