Latest NewsNewsInternational

ലൈംഗിക പീഡനത്തിന് ഇരയായവരോടുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി വ്യത്യസ്തമായൊരു വസ്ത്ര പ്രദര്‍ശനം : വസ്ത്രത്തിന്റെ സവിശേഷതകള്‍ ഇവയാണ്

ബ്രസല്‍സ്: ഒരോ നിമിഷവും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ദിവസവും മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകളില്‍ അധികവും പിഞ്ചുകുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ലൈംഗിക പീഡന വാര്‍ത്തകളാണ്. രാത്രി സഞ്ചരിച്ചതിന്റെ പേരിലാണ് അവള്‍ പീഡിപ്പിക്കപ്പെട്ടതെന്നും ധരിച്ചിരുന്ന വസ്ത്രമാണ് പീഡനത്തിന് കാരണമെന്നും സമൂഹം കുറ്റപ്പെടുത്തുന്നത് പതിവാണ്.

മേനി കാണിക്കുന്ന വസ്ത്രങ്ങള്‍ പുരുഷനെ ആകര്‍ഷിക്കാനായി ധരിച്ചതുകൊണ്ടാണ് അവള്‍ പീഡിപ്പിക്കപ്പെട്ടതെന്നും ചിലര്‍ ആരോപിക്കുന്നു. ചില്ലുകൂടുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഈ വസ്ത്രങ്ങളെല്ലാം പഴയ ഫാഷനിലുള്ളതാണ്. ധരിക്കുന്ന വസ്ത്രവും ലൈംഗികപീഡനവും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്ന് തെളിയിക്കുന്നതാണ് ഈ വസ്ത്രപദര്‍ശനം. ലൈംഗിക വൈകൃതങ്ങള്‍ മനസില്‍ കൊണ്ടു നടക്കുന്നവര്‍ക്ക് പ്രായമോ വസ്ത്രധാരണമോ ലിംഗമോ ഒന്നും പ്രശ്‌നമല്ല എന്ന യാഥാര്‍ഥ്യമാണ് നമുക്ക് മനസിലാക്കി തരുന്നത്.

ഏത് സ്ത്രീ പീഡനക്കേസുകളുടെ കാര്യത്തിലും എന്നും എപ്പോഴും എല്ലാ അര്‍ഥത്തിലും ഇരയായത് സ്ത്രീ തന്നെയാണ്. സ്ത്രീ കൂടി ഉള്‍പ്പെടുന്ന സമൂഹം അവളെ ആക്ഷേപിച്ചിട്ടുണ്ട്. ഓരോ പീഡന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും അക്രമം നേരിട്ട പെണ്‍കുട്ടിയുടെ അല്ലെങ്കില്‍ സ്ത്രീയുടെ ഉടലിലേക്കാവും സമൂഹത്തിന്റെ നോട്ടം ചെന്നെത്തുക. ഇത്തരമൊരു സമൂഹത്തിന്റെ വായടപ്പിക്കാനാണ് വ്യത്യസ്തമായൊരു വസ്ത്ര പ്രദര്‍ശനം ബ്രസല്‍സില്‍ ഒരുക്കിയത്.ലൈംഗിക പീഡനത്തിന് ഇരയായവര്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളുടെ പ്രദര്‍ശനമാണ് നടന്നത്.

ഈസ് ഇറ്റ് മൈ ഫോള്‍ട്ട് എന്ന പേരിലുള്ള പ്രദര്‍ശനത്തില്‍ പാന്റുകളും പൈജാമകളും കുര്‍ത്തികളും ഷര്‍ട്ടുകളും മുതല്‍ പിഞ്ചുകുഞ്ഞിന്റെ കുട്ടിയുടുപ്പുകള്‍ വരെയുണ്ട്. മൈ ലിറ്റില്‍ പോണി എന്ന അടിക്കുറിപ്പില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കുഞ്ഞുടുപ്പുകളാണ് കാഴ്ചക്കാരെ വേദനിപ്പിക്കുന്നത്. സെന്റര്‍ കമ്മ്യൂണിട്ടെയര്‍ മാരിടൈമാണ് ഇത്തരത്തിലുള്ള പ്രദര്‍ശനം സംഘടിപ്പിച്ചത്. പ്രശസ്ത സൈക്കോളജിസ്റ്റ് സാന്ദ്ര ഷുള്‍മാനാണ് എക്‌സിബിഷന്‍ സംഘാടകരില്‍ ഒരാള്‍. ലൈംഗിക പീഡനം നേരിട്ടവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ സഹായത്തോടെയാണ് ഈ വസ്ത്രങ്ങള്‍ സെന്റര്‍ കമ്മ്യൂണിട്ടെയര്‍ മാരിടൈം ശേഖരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button