Latest NewsNewsPen Vishayam

പെണ്‍ ബാല പീഡനങ്ങളുടെ നീണ്ട ലിസ്റ്റുമായി വിചാരണയ്ക്കൊരുമ്പെടുന്ന ഫെമിനിച്ചികളോട് അഞ്ജു പാര്‍വതി പ്രഭീഷ് പറയുന്നത്; സ്ത്രീയുടെ വഞ്ചനയുടേയും ക്രൂരതയുടേയും പേരില്‍ ജീവിതം നശിക്കുന്ന പുരുഷന്മാരുടെ കണ്ണീര്‍ കാണാതെ പോകരുത്

“അമ്മ”- ഈ ഭൂമിയില്‍ പകരം വയ്ക്കുവാനില്ലാത്ത ഒരേയൊരു വാക്ക്.”ഈ ഭൂമിയില്‍ അലിവിന്റെ ഉറവുകള്‍ എല്ലാം വറ്റിയാലും ഒരിക്കലും വറ്റാത്തതായി ഒന്നേയുള്ളൂ-അതാണ്‌ മാതൃത്വം..ഈ ലോകത്തിലെ സകല ജീവജാലങ്ങളിലും ഉറവവറ്റാത്ത കരുതലിന്റെ മാതൃകയായി കാണാന്‍ കഴിയുക ആ മാതൃത്വത്തെ തന്നെയാണ്.. പരുന്തിന്‍കാലില്‍ പോകാതെ ചിറകിനടിയില്‍ സൂക്ഷിച്ചുവളര്‍ത്തേണ്ട കുരുന്നുകളെയോര്‍ത്ത് സദാ ജാഗരൂഗരായിരിക്കുന്ന തള്ളക്കോഴിയെ നമ്മള്‍ കണ്ടിട്ടുണ്ട്.ഇടശ്ശേരിയുടെ പൂതപ്പാട്ടിലെ നങ്ങേലിയമ്മയെ നെഞ്ചിലേറ്റിയ നമ്മള്‍ മലയാളികള്‍ക്ക് മാതൃത്വമെന്നത് പൊന്നും പണവുമൊക്കെ തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാലും സ്വന്തം കുഞ്ഞിനുവേണ്ടി നിലകൊള്ളുന്നവളാണ് അമ്മ എന്ന വിശ്വാസമായിരുന്നു.പക്ഷേ, ഇത്തരത്തിലുള്ള അലിവിന്റെയും കരുതലിന്റെയും ജൈവികപാഠങ്ങളില്‍ നിന്നകന്നു പോയ ചിലരെങ്കിലും നമുക്ക് ചുറ്റുമുണ്ടെന്ന് കാട്ടിത്തരുന്നു ഈയടുത്ത കാലത്ത് നടന്ന ചില കൊലപാതകങ്ങളും ഒളിച്ചോട്ടങ്ങളും….

സ്വന്തം കുഞ്ഞുങ്ങളുടെ വിശപ്പ്‌ കാണുമ്പോള്‍,അര വയര്‍ നിറയ്ക്കാനായി ശരീരം വില്‍ക്കുന്ന അമ്മമാരെ നമുക്ക് ന്യായീകരിക്കാം.കാരണം അവരൊരിക്കലും അറിഞ്ഞുകൊണ്ട് തെറ്റുകാരായവര്‍ അല്ല.അമ്മത്തൊട്ടിലില്‍ നിവൃത്തികേട്കൊണ്ട് മാത്രം കുരുന്നുകളെ ഉപേക്ഷിക്കേണ്ടി വരുന്ന അമ്മമാരെയും നമുക്ക് ഒരു പരിധി വരെ ന്യായീകരിക്കാം..പക്ഷേ നല്ലൊരു കുടുംബജീവിതവും ജോലിയും സുഖസൌകര്യവും ഉണ്ടായിട്ടും മറ്റൊരുത്തനെ കണ്ട്,അവന്റെ കൂടെ ജീവിക്കാനായി താലികെട്ടിയവനെയും സ്വന്തം കുഞ്ഞിനേയും കൊല്ലാനായി കൂട്ട്നിന്ന അനു ശാന്തിമാരെ എന്ത് പേരിട്ടാണ് നമ്മൾ വിളിക്കേണ്ടത്?? സ്വത്തു തർക്കത്തിന്റെ പേരിൽ സ്വന്തം മകനെ ചുട്ടുകരിച്ച ജയമോളുമാരെ നമ്മൾ എന്ത് വിളിക്കണം..? സ്വന്തം കുഞ്ഞിന്റെ ചേതനയറ്റ ശരീരം നിർവികാരയായി നോക്കിയ അനുശാന്തിയും കുറ്റകൃത്യം നടന്ന സ്ഥലം യാതൊരു വിധ ഭാവഭേദങ്ങളുമില്ലാതെ പോലീസിനു കാട്ടിക്കൊടുത്ത ജയയും മൂന്നു വയസ്സുളള കുഞ്ഞിനെ മലബാർ ഗോൾഡിന്റെ പാർക്കിൽ ഉപേക്ഷിച്ചു കാമുകനൊപ്പം കടന്നു കളഞ്ഞ യുവതിയും നമ്മെ പഠിപ്പിച്ചത് മാതൃത്വത്തിന്റെ പുതിയൊരു പാഠഭേദമല്ലേ??’ഇങ്ങനത്തെ സ്ത്രീകൾ കാരണം ജീവിതം നശിച്ചുപോയ എത്രയോ ഭർത്താക്കന്മാർ നമുക്ക് ചുറ്റുമുണ്ട്.. പ്രവാസത്തിന്റെ കണ്ണീർ കടലിൽ മുങ്ങി, ,വിയർപ്പിന്റെ ഉപ്പിൽ നനഞ്ഞ് ദിനരാത്രങ്ങൾ ഏകാന്തതയുടെ മരുഭൂവിൽ ചുട്ടെരിച്ച് സ്വന്തം കുടുംബത്തിനായി രാവെളുക്കുവോളം അദ്ധ്വാനിക്കുന്ന പുരുഷന്മാർക്ക് എന്തുകൊണ്ട് സമത്വം ആഗ്രഹിച്ചുകൂടാ?? പ്രവാസികളായ ഭർത്താക്കന്മാരെ വഞ്ചിച്ച് കണ്ടവന്മാർക്കൊപ്പം കറങ്ങി നടക്കുന്ന എത്രയോ സ്ത്രീകൾ നമുക്ക് ചുറ്റിനുമുണ്ട്. ഈ കൊള്ളരുതായ്മയെ ഭർത്താവെങ്ങാനും ചോദ്യം ചെയ്താൽ ,കവിളത്ത് രണ്ടെണ്ണം പൊട്ടിച്ചാൽ ഉടൻ സ്ത്രീവിരുദ്ധതയായി… നമുക്ക് ചുറ്റിലും നല്ലൊരു ശതമാനം പുരുഷന്മാരും സ്ത്രീകൾ കാരണം വേദനയനുഭവിക്കുന്നുണ്ട്.. കണ്ണുനീരെന്ന പ്രതിഭാസത്തെ അടക്കി നിറുത്താനവർ പ്രാപ്തരായതു കൊണ്ട് മാത്രം ആ നെഞ്ചിലെ നെരിപ്പോട് സമൂഹം കാണാതെ പോകുന്നുവെന്നു മാത്രം.. സ്ത്രീകൾ ആക്രമിക്കപ്പെടുന്ന മിക്ക കേസുകളും പരിശോധിച്ചാൽ മനസ്സിലാവുന്ന മറ്റൊരു കാര്യം മിക്കതിലും ഒരു സ്ത്രീ കൂടി ഉൾപ്പെടുന്നുവെന്നതാണ്. സൂര്യനെല്ലി, കിളിരൂർ, തുടങ്ങി ഈയടുത്ത ദിവസങ്ങളിലെ ആലപ്പുഴ പീഡനം വരെയത് എത്തി നില്ക്കുന്നു.

അടുത്തടുത്ത ദിവസങ്ങളില്‍ വാര്‍ത്തയില്‍ നിറഞ്ഞത്‌ സ്ത്രീത്വത്തിന്റെ വികൃതമായ ഒരുപാട് മുഖങ്ങളാണ്..ഈയടുത്ത കാലത്തായി നമ്മള്‍ വായിച്ചതാണ് സ്വന്തം മക്കളെ കൂട്ടികൊടുത്ത രണ്ടു മാതൃത്വങ്ങളെ…സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളികൂട്ടുന്ന അഭിനവ ഫെമിനിച്ചികളെ നിങ്ങള്‍ ഒന്നോര്‍ക്കുക..പാതിരാത്രി ഒറ്റയ്ക്ക് സഞ്ചരിക്കുന്നതും കണ്ടവരുടെ കൂടെ അഴിഞ്ഞാടി പരസ്യമായി ഉമ്മവയ്ക്കുന്നതും താലി പൊട്ടിച്ചെറിയുന്നതും വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടെന്ന പോലെ പ്രസംഗിക്കുന്നതുമല്ല സ്ത്രീസ്വാതന്ത്ര്യം..സ്വയം പര്യാപ്തത കൈവരിക്കുന്നതും സാമൂഹികവിഷയങ്ങളില്‍ ഇടപെടുന്നതും തന്നാല്‍ കഴിയുന്ന രീതിയില്‍ സാമൂഹ്യസേവനം നടത്തുന്നതും അനാചാരങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ കഴിയുന്നതുമാണ് സ്ത്രീസ്വാതന്ത്ര്യം..എല്ലാറ്റിനുമുപരി കുടുംബത്തിന്റെ കാര്യങ്ങള്‍ വേണ്ടരീതിയില്‍ നോക്കിനടത്താന്‍ കഴിയുന്ന സന്നദ്ധതയുമാണ്‌ പെണ്ണത്തം..കുടുംബത്തിന്റെ നടത്തിപ്പിനൊപ്പം എങ്ങനെ സാമൂഹികപരമായുംപ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന ബോധവല്‍ക്കരണമാണ് സ്ത്രീപക്ഷവാദികള്‍ ചെയ്യേണ്ടത്.അല്ലാതെ പുരുഷന്റെ മേല്‍ എങ്ങനെ കുതിര കയറാമെന്ന ഗവേഷണം നടത്തുകയല്ല വേണ്ടത്..

shortlink

Related Articles

Post Your Comments

Related Articles


Back to top button