കൊച്ചി: അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ 21പേര് മരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 2012 മുതലുള്ള കാലയളവില്‍ തടവില്‍ കഴിയവെ അസ്വാഭാവിക മരണം സംഭവിച്ചവരുടെ ഉറ്റവരെ കണ്ടെത്തി നഷ്ടപരിഹാരം നല്കാന് ഹൈകോടതികള്‍ സ്വമേധയാ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് 2011 മുതല്‍ 2016 വരെ കാലയളവില്‍ മരിച്ചവരുടെ എണ്ണം അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, സാമൂഹികനീതി വകുപ്പ് സ്പെഷല്‍ സെക്രട്ടറി, ഡയറക്ടര്‍, ഡി.ജി.പി, ജയില്‍ ഡി.ജി.പി എന്നിവരെ എതിര്‍കക്ഷികളാക്കി ഹൈകോടതി വിഷയം പരിഗണിക്കുന്നത്. അസ്വാഭാവിക മരണമായാണ് എല്ലാം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മരിച്ചവരില്‍ ചിലരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കിയതായും സര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമാക്കി. ഇക്കാര്യങ്ങള്‍കൂടി ഉള്‍പ്പെടുത്തി പത്ത് ദിവസത്തിനകം വിശദ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാറിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. പൊലീസ് അതിക്രമം, കസ്റ്റഡി മരണം തുടങ്ങിയവ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്.സി ലഹോട്ടി എഴുതിയ കത്ത് പൊതുതാല്‍പര്യഹരജിയായി പരിഗണിച്ചാണ് നടപടിയെടുക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.
Post Your Comments