KeralaLatest NewsNews

ടി പി കേസ് പ്രതികൾ ഉൾപ്പെടെ ഉള്ള പ്രതികൾക്ക് കണ്ണൂരില്‍ ആയുര്‍വേദ സുഖചികിത്സയൊരുക്കി സര്‍ക്കാര്‍

കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്റേതുള്‍പ്പെടെ രാഷ്ട്രീയ കൊലപാതകക്കേസുകളില്‍ തടവുശിക്ഷ അനുഭവിക്കുന്ന സി.പി.എം. പ്രവര്‍ത്തകര്‍ക്കു കണ്ണൂരില്‍ ആയുര്‍വേദ സുഖചികിത്സയൊരുക്കി സര്‍ക്കാര്‍. ജയില്‍ചട്ടങ്ങള്‍ മറികടന്നാണ് ബന്ധുക്കള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സന്ദര്‍ശനസൗകര്യം ഉൾപ്പെടെ ജില്ലാ ആയുര്‍വേദാശുപത്രിയില്‍ തടവുകാര്‍ക്കു പേവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ടി.പി. കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കെ.സി. രാമചന്ദ്രനാണ് ഇപ്പോള്‍ ആശുപത്രിവാസം ആഘോഷിക്കുന്നത്.

രണ്ടാഴ്ചയിലേറെയായി രാമചന്ദ്രന്‍ 211-ാം നമ്പര്‍ മുറിയിലുണ്ട്.ടി.കെ. രജീഷ് അടക്കമുള്ളവര്‍ക്ക് ഊഴമിട്ടു ചികിത്സാസൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.എം. തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗം എം. ബാലാജി ഉള്‍പ്പെടെയുള്ളവര്‍ക്കും അടുത്തിടെ ഇതേ സൗകര്യങ്ങള്‍ തരപ്പെടുത്തി. കതിരൂര്‍ മനോജ് വധക്കേസിലെ റിജു ഉള്‍പ്പെടെയുള്ള പ്രതികള്‍ ചികിത്സ ആവോളം ആസ്വദിച്ചപ്പോള്‍ അത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെപ്പോലും ബാധിച്ചു.

ചില പ്രതികളുടെ സുഖചികിത്സ 45 ദിവസംവരെ നീണ്ടു. രാഷ്ട്രീയസ്വാധീനമുള്ള പ്രതികളെ, രോഗമില്ലെങ്കിലും ആശുപത്രിയിലാക്കാന്‍ ജയില്‍ അധികൃതര്‍ക്കുമേല്‍ കടുത്ത സമ്മര്‍ദമാണുള്ളത്. സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും പൂര്‍ണപിന്തുണയുള്ളതിനാല്‍ ആരും ഇതു ചോദ്യംചെയ്യില്ല. വിചാരണത്തടവുകാരായും റിമാന്‍ഡ് തടവുകാരായും ശിക്ഷിക്കപ്പെട്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പൂര്‍ണസ്വാതന്ത്ര്യമാണ്.

സന്ദര്‍ശകരുമായി ഇവരുടെ കൂടിക്കാഴ്ച മണിക്കൂറുകളോളം നീളുമെന്നും ആരോപണമുണ്ട്. രാഷ്ട്രീയക്കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വി.ഐ.പി. പരിവേഷമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button