കോഴിക്കോട് : ഗവ. ലോ കോളജില്‍ വിദ്യാര്‍ത്ഥിയെ ക്ലാസ്സില്‍ കയറി ക്രൂരമായി മർദ്ദിച്ചു. റാഗിംഗിനെതിരെ പരാതിപ്പെട്ടതിനായിരുന്നു മർദ്ദനം. സംഭവത്തെ തുടർന്ന് എസ്എഫ്‌ഐ ഏരിയ സെക്രട്ടറി ഉള്‍പ്പെടെ ആറു പേരെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തു. അക്രമവുമായി ബന്ധപ്പെട്ട് രണ്ട് എസ്എഫ്‌ഐക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്‌ഐ ഏരിയ സെക്രട്ടറി പി.എം. അബ്ദുള്‍ റാഷിദ്, യൂണിറ്റ് സെക്രട്ടറി ആസാദ് ഷാ, മുഹമ്മദ് യാസിന്‍, ആസാദ് സുനില്‍, വിജയ് ശങ്കര്‍, മുഹമ്മദ് മിസ്ബാഹ് എന്നിവരെയാണ് സസ്പന്‍ഡ് ചെയ്തത്.
കോളജില്‍ ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് ഈ തീരുമാനം. കോളജില്‍ പരീക്ഷ എഴുതാനെത്തുന്ന മൂന്നു ഫൈനല്‍ സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളോട് ക്യാമ്പസില്‍ പ്രവേശിക്കരുതെന്നും ഉത്തരവിട്ടിട്ടുണ്ട്. ഇവരും അക്രമത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോളജില്‍ ഇന്ന് പ്രിന്‍സിപ്പല്‍ അവധിയും നല്‍കിയിട്ടുണ്ട്. ഇന്നലെയാണ് കെഎസ്‌യു പ്രവര്‍ത്തകനായ ഋത്വിക്കിനെ 18 ഓളം വരുന്ന എസ്എഫ്‌ഐക്കാര്‍ ക്ലാസ്സില്‍ കയറി മര്‍ദ്ദിച്ചത്.
അഞ്ചാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ് ഋത്വിക്.പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പോലീസ് എത്തിയാണ് പരിക്കേറ്റ ഋത്വിക്കിനെ ആശുപത്രിയിലെത്തിച്ചത്.
Post Your Comments